കേരളത്തെ സാമ്പത്തിക വർഷാവസാനം പ്രതിസന്ധിയിലാക്കാൻ കേന്ദ്രനീക്കം; കേസ് പിൻവലിക്കണമെന്നത് ബ്ലാക്മെയിലിങ്: ബാലഗോപാൽ

Mail This Article
തിരുവനന്തപുരം∙ കേന്ദ്രം തരേണ്ട കുടിശികയായ 25,000 കോടി ആവശ്യപ്പെട്ടുള്ള സുപ്രീംകോടതിയിലെ ഹർജി പിൻവലിച്ചാലേ കേരളത്തിന് ഇതിനു പുറമേ അർഹതപ്പെട്ട 13,000 കോടി രൂപ നൽകൂ എന്ന കേന്ദ്ര നിലപാട് മർക്കടമുഷ്ടിയെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. സാമ്പത്തിക വർഷാവസാനം കേരളത്തെ പ്രതിസന്ധിയിലാക്കാൻ മനഃപൂർവം ശ്രമിക്കുകയാണ്. കഴിഞ്ഞ മാർച്ചിൽ കേരളം 22000 കോടിയാണു ചെലവഴിച്ചത്. അത്രയും തുക ഇക്കൊല്ലവും വേണ്ടിവരും. ഈ അവസ്ഥ മുതലെടുത്തു കേന്ദ്രം കേരളത്തിന്റെ കഴുത്തിനു പിടിക്കുകയാണ്.
ഇതോടെ പ്രധാന പദ്ധതികളെയടക്കം ബാധിക്കുന്ന നിലവരുമെന്നും കോടതിയിലാണ് ഇനി പ്രതീക്ഷയെന്നും ബാലഗോപാൽ പറഞ്ഞു. അവകാശങ്ങൾക്കു വേണ്ടി കോടതികളെ സമീപിക്കുന്ന ഭരണഘടനാപരമായ കാര്യം അംഗീകരിക്കില്ലെന്നാണു കേന്ദ്ര നിലപാട്. കേരളത്തിനു കുറവു വരുത്തിയ തുകയാണ് കോടതിയിൽ ആവശ്യപ്പെട്ടത്. കേന്ദ്രം മാർച്ചിനകം തരേണ്ട 13,000 കോടിയുമായി ഇതിനു ബന്ധമില്ലെന്നിരിക്കെയാണു കേസ് പിൻവലിക്കാൻ ഇതുവച്ചു ബ്ലാക്മെയിൽ ചെയ്യുന്നത്.