വില്ലേജ് ഓഫിസുകളിലെ ‘ഇ–ഡിസ്ട്രിക്ട് പോർട്ടൽ’ ജീവനക്കാർ അട്ടിമറിക്കുന്നു; വിജിലൻസിന്റെ ഗുരുതര കണ്ടെത്തൽ

Mail This Article
തിരുവനന്തപുരം∙ റവന്യു വകുപ്പിലെ ‘ഇ–ഡിസ്ട്രിക്ട്’ എന്ന ഓൺലൈൻ പോർട്ടൽ സംവിധാനം ഭൂരിപക്ഷം വില്ലേജ് ഓഫിസുകളിലും ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നതായി വിജിലൻസ് . ‘ഓപ്പറേഷൻ സുതാര്യത’ എന്ന പേരിൽ 88 ഓഫിസുകളിൽ ഒരേസമയം നടത്തിയ മിന്നൽ പരിശോധനയിലാണു കണ്ടെത്തൽ. രാത്രി വൈകിയും പരിശോധന തുടരുന്നു. വില്ലേജ് ഓഫിസുകളിലെ അഴിമതി തടയുക, സർട്ടിഫിക്കറ്റുകൾക്കും രേഖകൾക്കും അപേക്ഷിക്കൽ, രേഖകൾ തിരികെ ലഭിക്കൽ എന്നിവ ഓൺലൈനിൽ സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു പോർട്ടൽ തയാറാക്കിയത്.
എന്നാൽ ഈ സംവിധാനം വേണ്ട വിധത്തിൽ ഉപയോഗിക്കപ്പെടുന്നില്ല എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പല ഓഫിസുകളിലും ഇപ്രകാരമുള്ള അപേക്ഷകൾ അണ്ടർ റീ-വെരിഫിക്കേഷൻ / അണ്ടർ എക്സ്ട്രാ വെരിഫിക്കേഷൻ/ റിട്ടേൺഡ് എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി മാറ്റിവച്ചതായി കണ്ടെത്തി.
തിരുവനന്തപുരത്തു 13 വില്ലേജ് ഓഫിസുകളിലും, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ 7 വീതവും ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ 6 വീതവും പത്തനംതിട്ട–5, ആലപ്പുഴ, വയനാട് ജില്ലകളിൽ 4 വീതവും കാസർകോട്– 3 എന്നിങ്ങനെയുമായിരുന്നു പരിശോധന.
അഴിമതി അറിയിക്കാം
അഴിമതി വിജിലൻസിന്റെ ഫോണുകളിൽ അറിയിക്കണമെന്നു വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാർ അഭ്യർഥിച്ചു.
∙ ടോൾ ഫ്രീ: 1064
∙ മൊബൈൽ: 85929 00900
∙ വാട്സാപ്: 94477 89100