ADVERTISEMENT

ആലപ്പുഴ ∙ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനു ശാശ്വത പരിഹാരം കാണാൻ എം.എസ്.സ്വാമിനാഥൻ കമ്മിഷനും മദ്രാസ് ഐഐടിയിലെ വിദഗ്ധസംഘവും സമർപ്പിച്ച നിർദേശങ്ങളിൽ സർക്കാർ നടപ്പാക്കാൻ കണ്ടെത്തിയത് ഒന്നു മാത്രം: തോട്ടപ്പള്ളി സ്പിൽവേയിലെ മണൽ നീക്കുക. മൺസൂൺ കാലത്തു മാത്രം സ്പിൽവേയിലെ തടസ്സം നീക്കാനാണു സ്വാമിനാഥൻ കമ്മിഷൻ നിർദേശിച്ചതെങ്കിലും 2020ൽ ആരംഭിച്ച ഖനനം കാലഭേദമില്ലാതെ തുടരുന്നു. 

കുട്ടനാട്ടിലെ വെള്ളപ്പൊക്കം ലഘൂകരിക്കാൻ സ്പിൽവേയിലെ മണൽ നീക്കുന്നതിന് 2019 മേയ് 31നാണ് സർക്കാർ ഉത്തരവുണ്ടായത്. ധാതുസാന്നിധ്യമുള്ള മണൽ ടണ്ണിന് 464.55 രൂപ നിരക്കിൽ നീക്കം ചെയ്യുന്നതിന് കെഎംഎംഎൽ 2019 നവംബർ 11ന് ധാരണാപത്രം ഒപ്പിട്ടു. വൈകാതെ മണലെടുപ്പ് തുടങ്ങി. എന്നാൽ, സ്പിൽവേയിലേക്കു വെള്ളം എത്തുന്ന ലീഡിങ് ചാനലുകളുടെ ആഴവും വീതിയും കൂട്ടണമെന്നും ഇതേ ഉത്തരവിൽ നിർദേശിച്ചിരുന്നു. അതു നടപ്പായില്ല.

തോട്ടപ്പള്ളി പാലത്തിന്റെ പടിഞ്ഞാറു ഭാഗത്തേക്ക് 600 മീറ്റർ നീളത്തിലും 300 മീറ്റർ വീതിയിലും ചെളി നീക്കാനും കരാറിൽ പറയുന്നു. പക്ഷേ, നടന്നത് സ്പിൽവേ കനാൽ കടലുമായി ചേരുന്ന ഭാഗത്തെ മണൽഖനനം മാത്രം. ധാതുസാന്നിധ്യമുള്ള മണൽ അവിടെ മാത്രമാണ്.‌

3 മാസം കൊണ്ട് 2.37 ലക്ഷം ഘനമീറ്റർ മണൽ നീക്കാനായിരുന്നു കരാർ. എന്നാൽ 4 വർഷം കഴിഞ്ഞിട്ടും ഖനനം തുടരുന്നു. 54 ലക്ഷം ഘനമീറ്റർ മണലെങ്കിലും ഇവിടെനിന്നു കൊണ്ടുപോയിട്ടുണ്ടാകുമെന്നു കരിമണൽ ഖനനവിരുദ്ധ ഏകോപനസമിതി ആരോപിക്കുന്നു. സ്പിൽവേയിലേക്ക് ഉപ്പുവെള്ളം കയറുന്നതിനാൽ ഇപ്പോൾ താൽക്കാലികമായി ഖനനം നിർത്തിവച്ചിരിക്കുകയാണ്. 

∙ കാണാത്ത ശുപാർശകൾ

2007ൽ സ്വാമിനാഥൻ കമ്മിഷനും 2011ൽ മദ്രാസ് ഐഐടിയും സമർപ്പിച്ച റിപ്പോർട്ടിലെ മുഖ്യ ശുപാർശകൾ:

1. വീയപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള ലീഡിങ് കനാലുകളുടെ വീതിയും ആഴവും കൂട്ടുക (സ്വാമിനാഥൻ കമ്മിഷൻ). ലീഡിങ് കനാലുകളുടെ വീതി 80 മുതൽ 300 മീറ്റർ വരെയാക്കണം (ഐഐടി മദ്രാസ്). 

ഇതുവരെ ഇക്കാര്യം ചെയ്തിട്ടില്ല.

2. സ്പിൽവേയിലൂടെ വെള്ളം കടലിലേക്ക് ഒഴുകുന്നതിനു തിരകൾ തടസ്സമുണ്ടാക്കാതിരിക്കാൻ പുലിമുട്ടുകൾ നിർമിക്കണം.

ഈ നിർദേശവും നടപ്പായില്ല. തോട്ടപ്പള്ളിയിൽ കടൽ നിക്ഷേപിക്കുന്ന മണലിലാണു ധാതുസാന്നിധ്യമുള്ളത്. പുലിമുട്ട് നിർമിച്ചാൽ ഇവിടെ മണൽ അടിയുന്നതു കുറയും; വരുമാനവും.  

3. എസി കനാൽ നവീകരണം, സ്പിൽവേയുടെ ആധുനീകരണം (സ്വാമിനാഥൻ കമ്മിഷൻ).

നവീകരിക്കുന്നതു പോയിട്ടു സ്പിൽവേയുടെ ഇളകിയ ഷട്ടറുകൾ പോലും മാറ്റുന്നില്ല. ഷട്ടർ ഇളകിയ സ്ഥലത്തു മണൽച്ചാക്കുകൾ അടുക്കിവച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ഉപ്പുവെള്ളം കയറി പാടശേഖരത്തിൽ മട വീണിരുന്നു. 

എതിർത്തവരെ കേസെടുത്ത് നടുവൊടിച്ചു

മണൽഖനനത്തിനു പ്രത്യേക താൽപര്യമെടുത്ത സർക്കാർ, ഇതിനെതിരെ സമരം ചെയ്തവരെ കേസുകൾ കൊണ്ടു വേട്ടയാടി. സമരരംഗത്തുള്ള കരിമണൽ ഖനനവിരുദ്ധ ഏകോപനസമിതി പ്രവർത്തകർക്കെതിരെ 22 ക്രിമിനൽ കേസെടുത്തു. 236 പ്രതികൾ. പ്രതിഷേധസൂചകമായി കടൽത്തീരത്തു പൊങ്കാലയിട്ട സ്ത്രീകൾക്കെതിരെ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതിനുള്ള വകുപ്പും ചുമത്തിയാണു കേസെടുത്തത്. 2.35 ലക്ഷം രൂപ പിഴയൊടുക്കി 17 കേസുകൾ തീർപ്പാക്കി. 5 കേസുകൾ ബാക്കിയുണ്ട്.

English Summary:

Thottappally black sand mining status

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com