ടിപി കേസ്: സിപിഎമ്മിന് വീണ്ടും പ്രഹരം; മോഹനനെ വിട്ടതു ശരിവച്ചത് ഏക ആശ്വാസം

Mail This Article
കോഴിക്കോട് ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ കോഴിക്കോട് പ്രത്യേക അഡീഷനൽ സെഷൻസ് കോടതിയുടെ വിധിക്കെതിരെ 12 പ്രതികൾ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തള്ളിയതു സിപിഎമ്മിനു കനത്ത തിരിച്ചടിയായി. കേസ് നടത്തിപ്പിനു പ്രതികൾക്കു സർവസഹായവും നൽകുകയും കൊലപാതകത്തിൽ പങ്കില്ലെന്ന് ആണയിടുകയും ചെയ്ത സിപിഎം ഇരട്ടത്താപ്പിനു വീണ്ടുമേറ്റ പ്രഹരമാണു വിധി. 12 പ്രതികളും കുറ്റക്കാരാണെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവച്ചെന്നു മാത്രമല്ല, 10–ാം പ്രതിയായിരുന്ന കെ.കെ.കൃഷ്ണൻ, 12–ാം പ്രതിയായിരുന്ന ജ്യോതി ബാബു എന്നിവരെ വിട്ടയച്ചതു റദ്ദാക്കുകയും ചെയ്തു. സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റിയംഗമായിരുന്നു കെ.കെ.കൃഷ്ണൻ. കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റിയംഗമായിരുന്നു ജ്യോതിബാബു.
പാർട്ടി ജില്ലാ സെക്രട്ടറി പി.മോഹനനെ വിചാരണക്കോടതി വെറുതേ വിട്ടതു ശരിവച്ചതു മാത്രമാണ് സിപിഎമ്മിന് ആശ്വാസം പകരുന്ന ഭാഗം. രാഷ്‌ട്രീയ കാരണങ്ങളാലാണു ചന്ദ്രശേഖരൻ കൊല ചെയ്യപ്പെട്ടതെന്നും കൊലയാളിസംഘം രാഷ്‌ട്രീയ ശത്രുക്കളുടെ ഉപകരണങ്ങളായി പ്രവർത്തിക്കുകയായിരുന്നുവെന്നും വിലയിരുത്തിയ വിചാരണക്കോടതിയുടെ വിധി അംഗീകരിച്ചതോടെ സിപിഎം വർഷങ്ങളായി പ്രചരിപ്പിച്ച വാദത്തിന്റെ മുനയാണ് ഒടിയുന്നത്.
ഇന്നലെ ഹൈക്കോടതിവിധിക്കുശേഷവും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കോടതിവിധി പാർട്ടിക്ക് അനുകൂലമാണെന്നാണു പ്രതികരിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ പ്രതികരിക്കാൻ തയാറായില്ല. വിധി പകർപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു മറുപടി.
അന്നേ പറഞ്ഞു; കൊലയ്ക്കു കാരണം രാഷ്ട്രീയം
കോഴിക്കോട് ∙ വ്യക്‌തിപരമായ കാരണങ്ങളില്ലെന്നും ടി.പി.ചന്ദ്രശേഖരനോടുള്ള രാഷ്‌ട്രീയ വിദ്വേഷം തന്നെയാണു കൊലയ്‌ക്കു കാരണമെന്നായിരുന്നു ഒരു വർഷം നീണ്ട വിചാരണയ്ക്കുശേഷം 2014 ജനുവരി 28ന് പുറപ്പെടുവിച്ച വിധിന്യായത്തിൽ അഡീഷനൽ സെഷൻസ് ജഡ്‌ജി ആർ.നാരായണ പിഷാരടി ചൂണ്ടിക്കാട്ടിയത്.
സിപിഎമ്മിനു തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി ആർഎംപിയോടുള്ള ശത്രുത വർധിപ്പിച്ചതായി കോടതി പറഞ്ഞു. പി.കെ.കുഞ്ഞനന്തൻ ശിക്ഷാകാലയളവിൽ മരിച്ചപ്പോഴും നിരപരാധിയെന്ന നിലപാടായിരുന്നു പാർട്ടിക്ക്. എന്നാൽ, ഹൈക്കോടതി കുഞ്ഞനന്തനും കുറ്റക്കാരനാണെന്നു വിധിച്ചു.
30 മാസത്തിലേറെ പ്രതികൾ പുറത്ത്
കോഴിക്കോട് ∙ ടിപി വധക്കേസ് പ്രതികൾക്ക് പരോൾ അനുവദിക്കുന്നതു സംബന്ധിച്ച് കെ.കെ.രമ എംഎൽഎയുടെ ചോദ്യത്തിന് സർക്കാർ ഉത്തരം നൽകാൻ വിസമ്മതിച്ചിരുന്നു. പ്രതികൾക്ക് എത്ര ദിവസത്തെ പരോൾ അനുവദിച്ചുവെന്ന് കഴിഞ്ഞ ജനുവരി 29നാണു രമ നിയമസഭയിൽ ചോദിച്ചത്.
2022 ഓഗസ്റ്റ് 23 ന് രമയ്ക്ക് ഇതേ ചോദ്യത്തിന് ഉത്തരം നൽകിയിരുന്നു. അതു പ്രകാരം കെ.സി.രാമചന്ദ്രനാണ് കൂടുതൽ ദിവസം പരോൾ അനുവദിച്ചത് – 280 ദിവസം. കുറവ് പരോൾ സുനിൽ കുമാറിനും – 60 ദിവസം. എല്ലാ പ്രതികൾക്കും കോവിഡ് കാലത്തെ പ്രത്യേക അവധിയും ഇതിനു പുറമെ ലഭിച്ചു.
2020 മാർച്ച് 26 മുതൽ 2021 ജനുവരി 10 വരെയും 2021 മേയ് 6 മുതൽ ഒക്ടോബർ 4 വരെയും പിന്നീട് സുപ്രീം കോടതിയുടെ നിർദേശം പരിഗണിച്ച് 2022 മേയ് 12 വരെയുമാണ് കോവിഡ് കാല അവധി ലഭിച്ചത്. ആകെ 22 മാസത്തോളം ഈ അവധി നൽകി.