വിദേശത്തെ തൊഴിൽ സാമൂഹിക മൂലധനവിന്യാസം: മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ യുവജനങ്ങൾ തൊഴിൽ തേടി വിദേശത്തു പോകുന്നത് ബൗദ്ധികമികവ് ചോരുന്നതായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ സാമൂഹിക മൂലധനത്തെ ലോകത്തെമ്പാടും വിന്യസിക്കുന്ന പ്രക്രിയയാണത്. തൊഴിൽ ഇല്ലാത്തതുകൊണ്ടും മാന്യമായി തൊഴിലെടുക്കാൻ പറ്റാത്തതുകൊണ്ടുമാണ് യുവജനങ്ങൾ കേരളം വിട്ടുപോകുന്നതെന്നു ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഏതു പുതിയ മേഖലയിലും ലോകത്താകെ മലയാളികളുള്ളത് നാം ആ മേഖലകളിലെല്ലാം മികച്ച ശേഷി കൈവരിച്ചതുകൊണ്ടാണ് – മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസ്സിന്റെ തുടർച്ചയായി സംസ്ഥാനത്തെ യുവജനങ്ങളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, എ.എ.റഹീം എംപി, വി.കെ.പ്രശാന്ത് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, കലക്ടർ ജെറോമിക് ജോർജ്, സംവിധായകനും നടനുമായ ബേസിൽ ജോസഫ്, അഭിനേതാക്കളായ അർജുൻ അശോക്, അനശ്വര രാജൻ, ഗായകൻ വിധു പ്രതാപ്, കായികതാരം പി.യു.ചിത്ര, ഗാനരചയിതാവ് ബി.കെ.ഹരിനാരായണൻ, എഴുത്തുകാരൻ അബിൻ ജോസഫ് തുടങ്ങിയവർ അതിഥികളായി പങ്കെടുത്തു.
ചോദ്യങ്ങളുമായി ബേസിലും റോബട്ടും
മുഖ്യമന്ത്രിയുടെ സംവാദത്തിൽ ആദ്യചോദ്യം ചോദിച്ചത് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ‘കോളജിൽ ചേരുമ്പോൾ മാതാപിതാക്കൾ നൽകിയ ഉപദേശം രാഷ്ട്രീയത്തിൽ ചേരരുതെന്നായിരുന്നു. ഞാൻ രാഷ്ട്രീയത്തിൽ ചേർന്നു. പിന്നീടുള്ള ജീവിതത്തിൽ അത് ഉപകാരപ്പെടുകയും ചെയ്തു. എന്തുകൊണ്ടാണ് കലാലയരാഷ്ട്രീയത്തിന് എതിർപ്പുണ്ടാകുന്നത്?’ – ബേസിൽ ചോദിച്ചു.
രാഷ്ട്രീയരംഗത്തു പലരും മാതൃകയാക്കാൻ കഴിയുന്നവരല്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ‘അത്തരക്കാരുടെ ചിത്രമാണ് പലപ്പോഴും പുറത്തുവരിക. അതുകൊണ്ട് രാഷ്ട്രീയം എന്തോ ചീത്ത സാധനമാണെന്നു തോന്നുന്നതു സ്വാഭാവികം.’
യുവ റോബട്ടും ചോദ്യം ചോദിച്ചു. അസിമോവ് റോബട്ടിക്‌സ് എന്ന കമ്പനിയുടെ സായ റോബട്ടാണ് ചോദ്യമുന്നയിച്ചത്. ഡിജിറ്റൽ സയൻസ് പാർക്കിൽ റോബട്ടിക് സ്റ്റാർട്ടപ് വ്യവസായ മേഖലയ്ക്ക് എത്രത്തോളം പങ്കാളിത്തമുണ്ടാകുമെന്നായിരുന്നു ചോദ്യം. അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി മറുപടി നൽകി.