ADVERTISEMENT

തിരുവനന്തപുരം ∙ വിദഗ്ധ ചികിത്സ തേടാതെ വീട്ടിൽ പ്രസവത്തിന് ശ്രമിച്ചതിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് പൂന്തുറ പള്ളിത്തെരുവിൽ നയാസിനെ(47) നേമം പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തിരുമിറ്റക്കോട് പുത്തൻപീടികയിൽ ഷമീറ ബീവിയും (36) നവജാതശിശുവുമാണ് നേമം കാരയ്ക്കാമണ്ഡപത്തെ വാടകവീട്ടിൽ മരിച്ചത്. ഷമീറയ്ക്ക് അക്യുപംക്ചർ ചികിത്സയാണ് താൻ നൽകിയിരുന്നതെന്ന് നയാസ് പൊലീസിനോടു പറഞ്ഞു. 

സംഭവസമയത്ത് നയാസിന്റെ ആദ്യഭാര്യയും മകളുമാണ് ഷമീറയ്ക്ക് ഒപ്പമുണ്ടായിരുന്നത്. ആദ്യഭാര്യയുടെ മകൾ അക്യുപംക്ചർ വിദ്യാർഥിയാണെന്ന് സംഭവസ്ഥലം സന്ദർശിച്ച മന്ത്രി വി.ശിവൻകുട്ടിയും ആരോഗ്യ പ്രവർത്തകരും പറഞ്ഞു. ചികിത്സ ലഭ്യമാക്കാത്തതിനെ തുടർന്നാണു മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പൊലീസ് അറിയിച്ചു. ഇതിനു കൂട്ടുനിന്നെന്നു കരുതുന്ന വെഞ്ഞാറമൂട് സ്വദേശിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടാകും എന്നാണു പൊലീസ് സൂചന.  

മനഃപൂർവമല്ലാത്ത നരഹത്യ, ഗർഭസ്ഥശിശു മരിക്കാനിടയായ സാഹചര്യം സൃഷ്ടിക്കുക എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നയാസിന്റെ അറസ്റ്റ്. 8 മാസം മുൻപാണ് ഇവർ കാരയ്ക്കാമണ്ഡപത്തെ തിരുമംഗലം ലെയ്നിൽ വാടകവീട്ടിൽ താമസമാരംഭിച്ചത്. ഷമീറയുടെ നാലാമത്തെ പ്രസവമാണിത്. മുൻപത്തെ മൂന്നും സിസേറിയനായിരുന്നു. ഷമീറയ്ക്കു ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആശാ വർക്കർ പലതവണ വീടു സന്ദർശിച്ചെങ്കിലും ചികിത്സ ആവശ്യമില്ലെന്നറിയിക്കുകയായിരുന്നു. 

ഭർത്താവ് ഉപേക്ഷിച്ചു പോകുമെന്ന ഭയമാണ് ഷമീറ ചികിത്സ വേണ്ടെന്നു വയ്ക്കാൻ കാരണമായി ആരോഗ്യപ്രവർത്തകരെ അറിയിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.45ന് ആംബുലൻസ് എത്തിയതോടെയാണ് സമീപവാസികൾ സംഭവം അറിയുന്നത്. അയൽക്കാരുടെ സഹായത്തോടെ ഷമീറയെ കരമനയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നയാസ് ചികിത്സ നിഷേധിച്ചതാണ് മരണകാരണമെന്ന് ഷമീറയുടെ മാതാപിതാക്കൾ ആരോപിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം  മൃതദേഹം ബന്ധുക്കൾ പാലക്കാട്ടേക്കു കൊണ്ടുപോയി. ഷമീറ ബീവിയുടെ മക്കൾ: നാജിം, ഫാത്തിമ, മുസമിൽ.

English Summary:

Husband arrested in death of young woman and child, trying to give birth at home without seeking treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com