ജർമൻ വാഴ്സിറ്റിക്ക് മലയാളം ക്ലാസ്; വീണ്ടും ധാരണയായി
Mail This Article
കൊച്ചി ∙ കടൽ കടന്നും മലയാള ഭാഷാമധുരം പകരുന്ന പദ്ധതിക്കുണ്ടായിരുന്ന തടസ്സം നീങ്ങുന്നു. ജർമനിയിലെ ടൂബിങ്ങൻ യൂണിവേഴ്സിറ്റിയിലെ ഗുണ്ടർട്ട് മലയാളം ചെയറുമായുള്ള സഹകരണം 4 വർഷത്തിനുശേഷം മലയാള സർവകലാശാല പുനരാരംഭിക്കുന്നു. തിരൂരിലെ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുമായി സഹകരണം തുടരാൻ താൽപര്യമുണ്ടെന്നറിയിച്ച് ടൂബിങ്ങൻ യൂണിവേഴ്സിറ്റി അധികൃതർ ധാരണാപത്രം അയച്ചു. മാർച്ച്–ഏപ്രിൽ കാലയളവിൽ മലയാള സർവകലാശാലയിലെ അധ്യാപകരുടെ ഓൺലൈൻ ക്ലാസുകൾ ജർമൻ സർവകലാശാലയിലെ വിദ്യാർഥികൾക്കു ലഭിച്ചുതുടങ്ങുമെന്നു വൈസ് ചാൻസലർ എൽ.സുഷമ അറിയിച്ചു.
ഇതോടൊപ്പം യുഎസിലെ ടെക്സസ് സർവകലാശാലയിലെ മലയാളം വിഭാഗവുമായും ക്ലാസ് നടത്തുന്നതുമായി ബന്ധപ്പെട്ടു പ്രാഥമികചർച്ച ആരംഭിച്ചിട്ടുണ്ട്. കെ.ജയകുമാർ വൈസ് ചാൻസലറായിരിക്കെയാണു ടൂബിങ്ങൻ യൂണിവേഴ്സിറ്റിയുമായി ധാരണയുണ്ടാക്കിയത്. ഇതുപ്രകാരം ഇവിടെനിന്ന് അധ്യാപകർ ഒരു മാസത്തോളം ജർമനിയിൽ ചെന്നു ക്ലാസെടുക്കുന്ന രീതിയുണ്ടായിരുന്നു. എന്നാൽ പുതിയ ധാരണാപത്രത്തിൽ പൂർണമായും ഓൺലൈനായിരിക്കും ക്ലാസുകൾ.