ADVERTISEMENT

തിരുവനന്തപുരം ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് അന്വേഷിച്ച് 76 പ്രതികളെ വലയ്ക്കുള്ളിലാക്കിയതിന് വിചാരണക്കോടതിയുടെ അഭിനന്ദനം ലഭിച്ച ഉദ്യോഗസ്ഥരിൽ പലരും ആ വിധി ശരിവച്ച് ഹൈക്കോടതി വിധി വരുമ്പോൾ വനവാസത്തിൽ ആണെന്നതാണു യാഥാർഥ്യം. അന്വേഷണത്തിനു നേതൃത്വം നൽകിയ അന്നത്തെ എസ്പി അനൂപ് കുരുവിള ജോണും 3 ഡിവൈഎസ്പിമാരും എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം ക്രമസമാധാനച്ചുമതലയിൽ നിയമിക്കപ്പെട്ടിട്ടേയില്ല. ചിലർക്കു നാട്ടിലോ സമീപ ജില്ലയിലോ പോലും നിയമനം നൽകിയിട്ടുമില്ല. എന്നാൽ, ന്യായമായി കിട്ടേണ്ട സ്ഥാനക്കയറ്റം എല്ലാവർക്കും കിട്ടിയിട്ടുണ്ട്. 

സർവീസ് കാലയളവിൽ ഒരു ആരോപണവും നേരിട്ടിട്ടില്ലാത്ത ഉദ്യോഗസ്ഥനാണെങ്കിലും അനൂപ് കുരുവിള ജോണിനു ക്രമസമാധാനച്ചുമതല നൽകിയില്ല. ഒന്നര വർഷം മുൻപ് അദ്ദേഹം ‘റോ’യിലേക്ക് ഡപ്യൂട്ടേഷൻ വാങ്ങിപ്പോയി. ഡിവൈഎസ്പിയായിരുന്ന കെ.വി.സന്തോഷ് ഇപ്പോൾ മലപ്പുറത്ത് എംഎസ്പി കമൻഡന്റാണ്. കെ.പി.ഷൗക്കത്തലി ആലപ്പുഴ ക്രൈംബ്രാഞ്ചിലാണ്. ജോസി ചെറിയാൻ തൃശൂർ ക്രൈംബ്രാഞ്ചിലും. ഒരേ എസ്ഐ ബാച്ചിൽപെട്ടവരാണ് ഇൗ 3 ഡിവൈഎസ്പിമാരും. 

കൊലയാളി സംഘത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കണ്ണൂരിലെ പാർട്ടി കോട്ടകളിൽ നിന്നും ജീവൻ പണയംവച്ചു കീഴ്പ്പെടുത്തിയ കണ്ണൂർ സ്ക്വാഡ് അംഗങ്ങളും നിരന്തര സ്ഥലംമാറ്റങ്ങൾക്കും അവഗണനയ്ക്കും ഇരയായി. ഗൂഢാലോചനയെക്കുറിച്ചു പ്രാഥമിക അന്വേഷണം നടത്തിയ ഡിജിപി എൻ.ശങ്കർ റെഡ്ഡിയെ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലും പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപറേഷനിലുമായി 4 വർഷം ഒതുക്കി. ഡിജിപി റാങ്കിലേക്കു സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ നിയമിച്ചതു റോഡ് സുരക്ഷാ കമ്മിഷണറായി. 2020 ഓഗസ്റ്റിൽ വിരമിച്ച അദ്ദേഹം നാട്ടിലേക്കു മടങ്ങി. 

സത്യസന്ധർ ശിക്ഷിക്കപ്പെടുന്നു: വിൻസൻ എം.പോൾ

ടിപി കേസ് അന്വേഷിച്ചതിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥരിൽ പലരെയും പിന്നീടു മാറ്റിനിർത്തിയെന്നു കുറ്റകൃത്യം തെളിയിക്കാൻ നേതൃത്വം നൽകിയ മുൻ ഡിജിപി വിൻസൻ എം.പോൾ പറഞ്ഞു. ‘എനിക്കെതിരെ പ്രതികാര നടപടി ഉണ്ടായിട്ടില്ല. പക്ഷേ, ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഉണ്ടായി. ആ കേസ് അന്വേഷിച്ചതിന്റെ പേരിൽ പലരെയും മാറ്റിനിർത്തി.

നിഷ്പക്ഷമായും സത്യസന്ധമായും കേസ് അന്വേഷിച്ചതു കൊണ്ടു മാത്രം അനൂപ് കുരുവിള ജോൺ കരിയറിൽ ശിക്ഷിക്കപ്പെടുന്നു എന്ന തോന്നലാണ് എനിക്കുള്ളത്. സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പിമാർക്ക് അർഹമായ സ്ഥാനക്കയറ്റങ്ങൾ കിട്ടിയെങ്കിലും അവരുടെ കഴിവ് സേനയ്ക്കായി പിന്നീടു പൂർണതോതിൽ‌ ഉപയോഗിച്ചിട്ടില്ല. 

വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രം അന്വേഷിച്ച കേസായിരുന്നു അത്. വമ്പൻ സ്രാവുകൾ പിന്നിലുണ്ടെന്നൊക്കെ നേതാക്കൾ ആരോപിച്ചിരുന്നു. ഞങ്ങൾക്കു കണ്ടെത്താൻ കഴിഞ്ഞ എല്ലാ തെളിവുകളും കോടതിയിൽ സമർപ്പിച്ചു. ഒരു കാരണവശാലും കള്ളത്തെളിവ് ഉണ്ടാക്കില്ലെന്നും സത്യസന്ധമായി മാത്രമേ അന്വേഷിക്കൂ എന്നും ഞങ്ങൾ തീരുമാനിച്ചു. കേസ് ബലപ്പെടുത്താൻ കൃത്രിമമായി ഒന്നും ചെയ്തില്ല. 

എന്റെ സർവീസിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കേസുകളിൽ ഒന്നായിരുന്നു. ഒട്ടേറെപ്പേർ കേസിൽ കൂറുമാറി. അന്നു ഭരിച്ചിരുന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭാഗത്തു നിന്ന് ഇടപെടൽ ഒട്ടും ഇല്ലായിരുന്നു. രാഷ്ട്രീയക്കാരോടു ഞങ്ങൾ സംസാരിച്ചിട്ടു പോലുമില്ല. അനൂപ് കുരുവിളയും ഞാനുമായിരുന്നു സീനിയർ ഉദ്യോഗസ്ഥരായി ഉണ്ടായിരുന്നത്.

മാഹി ഗെസ്റ്റ് ഹൗസിൽ താമസിച്ചാണ് അന്വേഷണം തുടങ്ങിയത്. പിന്നീടു വടകരയിൽ ഒരു വീടു വാടകയ്ക്കെടുത്തു ക്യാംപ് ഓഫിസാക്കി. മറ്റുള്ളവർക്ക് ആരോപണം ഉന്നയിക്കാൻ പോലും അവസരം നൽകാതിരിക്കാനാണ് അങ്ങനെ ചെയ്തത് ’ – വിൻസൻ എം.പോൾ പറഞ്ഞു.

English Summary:

heroes of TP Chandrasekharan murder case investigation avoided

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com