‘കൊന്നവരെ കൊല്ലുന്ന രീതിയാണ് സിപിഎമ്മിന്റേത്’: കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയെന്ന് കെ.എം. ഷാജി
Mail This Article
കൊണ്ടോട്ടി (മലപ്പുറം) ∙ കൊലപാതകക്കേസിലെ രഹസ്യം ചോരുമോ എന്നു ഭയന്നാൽ, കൊന്നവരെ കൊല്ലുന്ന രീതിയാണ് സിപിഎമ്മിന്റേതെന്നും ടി.പി.ചന്ദ്രശേഖരൻ കൊലപാതകക്കേസിൽ നേതാക്കളിലേക്ക് എത്താൻ പറ്റുന്ന ഏക കണ്ണിയായ പി.കെ.കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും മുസ്‌ലിം ലീഗ് സെക്രട്ടറി കെ.എം.ഷാജി ആരോപിച്ചു. കൊണ്ടോട്ടിയിൽ മുസ്‌ലിം ലീഗ് ജനകീയ പ്രതികരണ യാത്രയുടെ സമാപന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ഷാജി.
കുഞ്ഞനന്തൻ മരിച്ചത് ഭക്ഷ്യവിഷബാധയെത്തുടർന്നാണ്. കുഞ്ഞനന്തനെ മാത്രം നോക്കിയാൽ പോരാ. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്. ഫസലിനെ കൊന്ന 3 പേർ മൃഗീയമായി കൊല്ലപ്പെട്ടതാണ്. എന്നുവച്ചാൽ, കുറച്ചാളുകളെ കൊല്ലാൻ വിടും. അവർ കൊന്നുവരും. കുറച്ചുകഴിഞ്ഞാൽ, ഇവരിൽനിന്നു രഹസ്യം ചോർന്നേക്കുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും. ഫസൽ കൊലപാതകക്കേസിലെ 3 പേരെ കൊന്നത് സിപിഎമ്മാണ്. ഷുക്കൂറിന്റെ കൊലപാതകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതി ആത്മഹത്യ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട് – ഷാജി പറഞ്ഞു.
∙ ‘കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച് യുഡിഎഫ് സർക്കാർ ചികിത്സ നിഷേധിച്ചതുകൊണ്ടാണ് പി.കെ.കുഞ്ഞനന്തൻ മരിച്ചത്. മരണത്തെക്കുറിച്ച് ദുരൂഹത ആരോപിക്കുന്നത് ഏതു തെളിവിന്റെ അടിസ്ഥാനത്തിലാണെന്നറിയില്ല. കൃത്യമായ ചികിത്സ ലഭിക്കാതിരുന്നതിനാൽ വയറ്റിലെ അൾസർ കൂടുകയായിരുന്നു. പിന്നീട് എൽഡിഎഫ് സർക്കാർ വിദഗ്ധ ചികിത്സയ്ക്കുള്ള എല്ലാ സാഹചര്യവും ഒരുക്കി. അപ്പോഴേക്കും രോഗം അങ്ങേയറ്റം ഗുരുതരമായി.’ – പി.കെ.ഷബ്ന, പി.കെ.കുഞ്ഞനന്തന്റെ മകൾ