‘എച്ച്’ എടുത്ത് കടന്നുകൂടാനാവില്ല, ഡ്രൈവിങ് ടെസ്റ്റ് കടുപ്പിക്കുന്നു; ലൈസൻസ് എളുപ്പമാകില്ല

Mail This Article
തിരുവനന്തപുരം ∙ ഇനി എളുപ്പത്തിൽ ഡ്രൈവിങ് ലൈസൻസ് കിട്ടാത്ത രീതിയിൽ ഡ്രൈവിങ് ടെസ്റ്റും നടപടിക്രമങ്ങളും കർശനമാക്കി. മേയ് 1 മുതൽ നടപ്പാകും. എങ്ങനെയും ‘എച്ച്’ എടുത്ത് കടന്നുകൂടാമെന്നു കരുതുകയും വേണ്ട. എച്ചിനു പകരം സങ്കീർണമായ പല പരീക്ഷണങ്ങളും ഉൾപ്പെടുത്തിയതോടെ ഇനി നല്ലതുപോലെ വാഹനം ഓടിക്കാനറിയാത്തവർക്കു ലൈസൻസ് കിട്ടില്ല.
∙ ‘മോട്ടർ സൈക്കിൾ വിത്ത് ഗിയർ’ എന്ന വിഭാഗത്തിൽ ഇനി ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാൽ പാദം കൊണ്ടു പ്രവർത്തിപ്പിക്കാവുന്ന ഗിയർ സിലക്‌ഷൻ സംവിധാനമുള്ളതും 95 സിസിക്കു മുകളിൽ എൻജിൻ കപ്പാസിറ്റിയുള്ളതുമായ മോട്ടർ സൈക്കിൾ ആയിരിക്കണം.
∙ നിലവിൽ ഡ്രൈവിങ് സ്കൂൾ ലൈസൻസിൽ ചേർത്തിട്ടുള്ള 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ മേയ് ഒന്നിനു മുൻപായി നീക്കം ചെയ്യണം. പകരം 15 വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങൾ ലൈസൻസിൽ ചേർക്കണം.
∙ കാർ ഉൾപ്പെടെ ലൈറ്റ് മോട്ടർ വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിനായി ഓട്ടമാറ്റിക് ഗിയർ, ഓട്ടമാറ്റിക് ട്രാൻസ്മിഷൻ ഉള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ പാടില്ല.
∙ ലൈറ്റ് മോട്ടർ വെഹിക്കിൾ വിഭാഗത്തിലെ ഡ്രൈവിങ് ടെസ്റ്റ് പാർട്ട് 1 (ഗ്രൗണ്ട് ടെസ്റ്റ്) ആംഗുലർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ്-സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉൾപ്പെടുത്തി പരിഷ്കരിക്കും.
∙ മോട്ടർ സൈക്കിൾ വിഭാഗത്തിലെ പാർട്ട് 2 റോഡ് ടെസ്റ്റ് റോഡിൽത്തന്നെ നടത്തണം. ഇൗ ടെസ്റ്റ് ഗ്രൗണ്ടിൽ നടത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി.
∙ പ്രതിദിനം ഒരു എംവിഐയും ഒരു എഎംവിഐയും ചേർന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തണം. ഇതിൽ 20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം നേരത്തേ പരാജയപ്പെട്ടവരുമായിരിക്കണം.
∙ പരാജയപ്പെട്ട അപേക്ഷകരുടെ എണ്ണം 10ൽ കുറവായാൽ നേരത്തേ അപേക്ഷിച്ച് ടെസ്റ്റിനു ഹാജരാകാൻ കഴിയാതിരുന്നവർക്ക് മുൻഗണന പ്രകാരം നൽകാം. 30 എണ്ണത്തിലധികം ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി.
∙ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന മോട്ടർ ഡ്രൈവിങ് സ്കൂളിന്റെ എൽഎംവി വിഭാഗത്തിൽപെടുന്ന വാഹനങ്ങളിൽ ടെസ്റ്റ് റിക്കോർഡ് ചെയ്യുന്നതിനുള്ള ഡാഷ്ബോർഡ് ക്യാമറയും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസും ഡ്രൈവിങ് സ്കൂൾ ഉടമ വാങ്ങി ഘടിപ്പിക്കണം. ടെസ്റ്റ് റിക്കോർഡ് ചെയ്ത് മെമ്മറി കാർഡ് എംവിഐ കൊണ്ടുപോകണം. ഡേറ്റ ഓഫിസിലെ കംപ്യൂട്ടറിലേക്കു മാറ്റിയശേഷം മെമ്മറി കാർഡ് തിരികെനൽകണം. ഡേറ്റ 3 മാസം സൂക്ഷിക്കണം.
∙ മോട്ടർ മെക്കാനിക് അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ് യോഗ്യത വിജയകരമായി പൂർത്തിയാക്കിയവർക്കു മാത്രമേ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടറാകാൻ സാധിക്കൂ. റഗുലർ കോഴ്സ് പാസായവരുമായിരിക്കണം.