എറണാകുളത്ത് അടവ് മാറ്റി കോൺഗ്രസിന്റെ കോട്ട തകർക്കാൻ എൽഡിഎഫ്; കൂസാതെ യുഡിഎഫ്

Mail This Article
കൊച്ചി ∙ ഫുട്ബോളിൽ എതിരാളികളുടെ മുൻമത്സരങ്ങളുടെ വിഡിയോ പരിശീലകർ കാണാറുണ്ട് - പ്രത്യേകിച്ച് കൂടുതൽ കരുത്തരായ ടീമിനെ നേരിടുന്നതിനു മുൻപ്. ഏത് അടവു പയറ്റിയാൽ മെച്ചമുണ്ടാക്കാമെന്ന് അറിയാനും എതിരാളിയുടെ ദൗർബല്യം കണ്ടുപിടിക്കാനുമാണത്. അത്തരമൊരു പഠനത്തിലൂടെയാണ് സിപിഎം എറണാകുളം ലോക്സഭാ സീറ്റിലേക്കു സ്ഥാനാർഥിയെ കണ്ടെത്തിയത്. സമുദായവും പ്രായവുമൊക്കെ കണക്കുകൂട്ടിയുള്ള തന്ത്രം. കോൺഗ്രസിന്റെ കോട്ട തകർക്കാൻ ഇതു മതിയാകുമോ എന്നറിയാൻ കാത്തിരിക്കണം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കുന്ന സ്ഥാനാർഥികളിലൊരാളായ ഹൈബി ഇൗഡനെ നേരിടുന്നത് അപ്രതീക്ഷിത സ്ഥാനാർഥിയായ കെ.ജെ.ഷൈൻ. കോൺഗ്രസും സിപിഎമ്മും പേരുകൾ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നേയുള്ളൂ. എല്ലാം സെറ്റാണ്. ബിജെപി നിരയിൽ ആരെന്ന ചോദ്യം അവശേഷിക്കുന്നു. കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി എൻഡിഎ സ്ഥാനാർഥിയാകുമെന്നാണു കേൾവി. അങ്ങനെ വന്നാൽ എറണാകുളത്ത് ചെറുപ്പത്തിന്റെ ആവേശപ്പോരായിരിക്കും.
കേരളപ്പിറവിക്കു ശേഷം, ലോക്സഭയിലേക്കു വോട്ടുചെയ്യാൻ തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പുമായി എറണാകുളം 18 വട്ടം ബൂത്തുകയറി. ഇതിൽ ഇടതുജയം അഞ്ചിൽ മാത്രം. അതിൽ മൂന്നും ഉപതിരഞ്ഞെടുപ്പിൽ. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൗതികമാറ്റങ്ങൾ വരുന്ന മണ്ഡലമെന്നു പറയുമ്പോഴും എറണാകുളത്തിന്റെ രാഷ്ട്രീയസ്വഭാവം വലിയ മാറ്റമില്ലാതെ തുടരുകയാണ്.
മണ്ഡലമാകെ അടിക്കുന്ന കടൽക്കാറ്റിൽ നിറയുന്ന സമുദായത്തിന്റെ ഉപ്പുരസം രാഷ്ട്രീയവുമായി ഇഴുകിച്ചേർന്നുകിടക്കുന്നു. 17 തവണയും ഒരേ സമുദായത്തിൽനിന്നുള്ളവരാണു വിജയികൾ. അല്ലാത്തൊരാൾ സിപിഎമ്മിലെ വി.വിശ്വനാഥമേനോൻ മാത്രം – അതിലൊതുങ്ങി പാർട്ടി സ്ഥാനാർഥിയെന്ന പേരിലുള്ള സിപിഎം വിജയവും. 2 ഉപതിരഞ്ഞെടുപ്പിലും ഒരു പൊതുതിരഞ്ഞെടുപ്പിലും സെബാസ്റ്റ്യൻ പോൾ ജയിച്ചത് ഇടതു സ്വതന്ത്രനായിട്ടാണ്. കോൺഗ്രസ് എംപിയായിരുന്ന സേവ്യർ അറയ്ക്കൽ ഒരുവട്ടം എൽഡിഎഫ് സ്ഥാനാർഥിയായും വിജയിച്ചു.
പിതാവ് ജോർജ് ഇൗഡൻ രണ്ടുവട്ടം ജയിച്ച മണ്ഡലത്തിൽ ഹൈബിക്ക് ഇതു രണ്ടാം പരീക്ഷയാണ്. നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിച്ച ഒരു തിരഞ്ഞെടുപ്പിലും തോൽക്കാത്ത നേതാവാണ് എൻ എസ്‌യു മുൻ ദേശീയ പ്രസിഡന്റായ ഹൈബി. കെഎസ്ടിഎയുടെയും കെസിവൈഎമ്മിന്റെയും നേതൃനിരയിൽ പ്രവർത്തിച്ച അധ്യാപിക ഷൈൻ പറവൂർ നഗരസഭാംഗമാണ്.
അരലക്ഷത്തിലേറെ വോട്ടിന്റെ ശരാശരി ഭൂരിപക്ഷം എറണാകുളത്തുണ്ടെന്നതു യുഡിഎഫിനു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. എന്നാൽ, 2009ൽ കെ.വി.തോമസും സിപിഎമ്മിലെ സിന്ധു ജോയിയും തമ്മിലെ മത്സരത്തിൽ 11,790 വോട്ടിന്റെ ഭൂരിപക്ഷമേ തോമസിനു ലഭിച്ചുള്ളൂ. പക്ഷേ, മണ്ഡലത്തിന്റെ പൊതുസ്വഭാവവും സ്ഥാനാർഥിയുടെ വ്യക്തിസ്വാധീനവുമൊക്കെച്ചേരുമ്പോൾ ഒന്നും പേടിക്കാനില്ലെന്ന വിശ്വാസമാണ് യുഡിഎഫിന്. കോൺഗ്രസിലിരുന്ന് 5 തിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച കെ.വി.തോമസ് ഇപ്പോൾ ഇടതുപാളയത്തിലെ അമരക്കാരിലൊരാളാണ്.