നീന്തി കരകയറാതെ പൊലീസ്; നീന്തൽ പരീക്ഷയിൽ തോറ്റ് തീരദേശ പൊലീസിലെ നാലിലൊരാൾ
Mail This Article
കൊച്ചി ∙ സംസ്ഥാനത്തെ തീരദേശ പൊലീസ് സേനാംഗങ്ങൾക്കായി നടത്തിയ നീന്തൽ പരീക്ഷയിൽ 25% പേർ പരാജയപ്പെട്ടു. നീന്തൽ അറിയാത്തവർപോലും സേനയിലുണ്ടെന്നാണു കണ്ടെത്തൽ. ഇവരിൽ 2 മിനിറ്റ് കൊണ്ട് 50 മീറ്റർ നീന്താൻ കഴിയാത്തവരുമുണ്ട്.
തീരദേശ പൊലീസ് മേധാവിയായി ചുമതലയേറ്റ ശേഷം എഐജി ജി.പൂങ്കുഴലിയാണ് നീന്തൽ പരീക്ഷ എന്ന ആശയം നടപ്പാക്കിയത്. ഈ മാസം ആദ്യവാരമാണ് 580 ഉദ്യോഗസ്ഥർക്കായി നീന്തൽ പരീക്ഷ നടന്നത്.
പരാജയപ്പെട്ടവർക്ക് എല്ലാ ജില്ലകളിലും നീന്തൽ പരിശീലകരുടെ നേതൃത്വത്തിൽ 21 ദിവസത്തെ ക്ലാസ് തുടങ്ങി. വിജയിച്ചവർക്ക് 26 മുതൽ അടുത്ത ഘട്ട പരിശീലനം ആരംഭിക്കും. സ്കൂബ ട്രെയ്നിങ്, സേർച് ആൻഡ് റെസ്ക്യു ഓപ്പറേഷൻ എന്നിവയാകും ഈ ഘട്ടത്തിലുണ്ടാവുക.
കൂടാതെ നാവികസേനയുമായി ചേർന്ന് രക്ഷാപ്രവർത്തനത്തിൽ പരിശീലനം നൽകുന്ന പദ്ധതി മാർച്ച് 15ന് തുടങ്ങും. രാജ്യത്താദ്യമായാണു നാവികസേന സംസ്ഥാന പൊലീസിന് ഇത്തരം പരിശീലനം നൽകുന്നതെന്ന് പൂങ്കുഴലി പറഞ്ഞു.