വൈദികനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 27 പേർ അറസ്റ്റിൽ
Mail This Article
പൂഞ്ഞാർ ∙ സെന്റ് മേരീസ് ഫൊറോന പള്ളി അസി. വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 27 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണു കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായവരിൽ 10 പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരിൽ സ്കൂൾ വിദ്യാർഥികളും ഉൾപ്പെടുന്നു. അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത 10 പേരെ ഏറ്റുമാനൂർ ജുവനൈൽ കോടതിയിൽ ഹാജരാക്കി ജുവനൈൽ ഹോമിലേക്കു മാറ്റി. മറ്റുള്ള 17 പേരെ ചങ്ങനാശേരി മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളുടെ പേരുകൾ പുറത്തുവിടില്ലെന്നു പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അഞ്ചു കാറുകളിലും ബൈക്കുകളിലുമായി പള്ളിയുടെ പാർക്കിങ് ഗ്രൗണ്ടിലെത്തിയ സംഘം റേസിങ് നടത്തി. പള്ളിയിലെ ആരാധന തടസ്സപ്പെടുന്ന വിധത്തിൽ ശബ്ദമുണ്ടായതോടെ അസി.വികാരി ഫാ.ജോസഫ് ആറ്റുചാലിൽ എത്തി സംഘാംഗങ്ങളോടു ഗ്രൗണ്ടിൽനിന്നു പുറത്തു പോകാൻ ആവശ്യപ്പെട്ടു. ഇതിനുശേഷം വാഹനങ്ങൾ ഓടിക്കുന്നതു തുടർന്നതോടെ ഫാ.ജോസഫ് ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചു. ആ സമയത്ത് വേഗത്തിലെത്തിയ കാറിടിച്ചു വൈദികൻ നിലത്തുവീണു. അദ്ദേഹത്തിന്റെ ഇടതു കൈയ്ക്കാണു പരുക്ക്. പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന ഫാ. ജോസഫ് ആറ്റുചാലിലിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ മതവിദ്വേഷം പ്രചരിപ്പിച്ച രണ്ടു പേർക്കെതിരെ കോട്ടയം സൈബർ പൊലീസ് ജാമ്യമില്ലാ വകുപ്പനുസരിച്ചു കേസെടുത്തു. കോട്ടയം ജില്ലയിലെ സമൂഹമാധ്യമ അക്കൗണ്ടുകൾ പൊലീസ് നിരീക്ഷണത്തിലാണ്. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം, പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കലറങ്ങാട്ട് എന്നിവർ ദേവാലയം സന്ദർശിച്ചു.
പള്ളിയിലുണ്ടായ അനിഷ്ട സംഭവത്തിൽ കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, സിറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മിഷൻ ചെയർമാൻ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, കോട്ടയം രൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് എന്നിവർ പ്രതിഷേധിച്ചു.