വീട്ടിൽ പ്രസവശ്രമം, മരണം: അക്യുപംക്ചർ ചികിത്സകൻ അറസ്റ്റിൽ

Mail This Article
നേമം (തിരുവനന്തപുരം) ∙ വിദഗ്ധ ചികിത്സ തേടാതെ വീട്ടിൽ പ്രസവത്തിനു ശ്രമിച്ചതിനിടെ യുവതി മരിച്ച സംഭവത്തിൽ പ്രധാന കാരണക്കാരൻ എന്നു കരുതുന്നയാൾ പിടിയിൽ. മരിച്ച ഷമീറയെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടെന്നു വിശ്വസിപ്പിച്ച് വീട്ടിലെത്തി അക്യുപംക്ചർ ചികിത്സ നടത്തിയ നെടുമങ്ങാട് പുല്ലമ്പാറ തേമ്പാംമൂട് കിഴക്കേക്കോണം റാഫത്ത് മൻസിലിൽ ശിഹാബുദ്ദീനെയാണ്(36) നേമം പൊലീസ് ഇന്നലെ കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടെന്നു നിർദേശിച്ചത് ശിഹാബുദ്ദീനാണെന്നു ഷമീറയുടെ ഭർത്താവ് നയാസ് (47) പറഞ്ഞു.
ചൊവ്വാഴ്ചയാണ് കൃത്യമായ ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് പാലക്കാട് തിരുമിറ്റക്കോട് പുത്തൻ പീടികയിൽ ഷമീറ ബീവിയും (36) നവജാതശിശുവും കാരയ്ക്കാമണ്ഡപത്തെ വാടകവീട്ടിൽ മരിച്ചത്. ബീമാപള്ളി, വെഞ്ഞാറമൂട്, പൂന്തുറ പള്ളിത്തെരുവ് തുടങ്ങി അഞ്ചോളം സ്ഥലങ്ങളിൽ അക്യുപംക്ചർ ചികിത്സാ സെന്ററുകൾ നടത്തുകയാണ് അറസ്റ്റിലായ ശിഹാബുദ്ദീൻ. ഇവ വ്യാജ സെന്ററുകളാണെന്ന് ആരോപണമുണ്ട്.