ADVERTISEMENT

വാളയാർ (പാലക്കാട്) ∙ കുഴൽപണ സംഘമെന്നു തെറ്റിദ്ധരിച്ചു വ്യവസായികളെ ആക്രമിച്ചു കാർ തട്ടിയെടുത്തു. കാർ പിന്നീട് 25 കിലോമീറ്റർ അകലെ സീറ്റുകൾ ഉൾപ്പെടെ നശിപ്പിച്ച് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെ മൂന്നരയോടെ ദേശീയപാതയിൽ കോയമ്പത്തൂർ ചാവടി എട്ടിമട മേൽപാലത്തിൽ വച്ചാണു പാലക്കാട് കണ്ണാടി സ്വദേശികളായ മുഹമ്മദ് റിൻസിൻ (29), മുഹമ്മദ് സഹൽ (28), അരുൺകുമാർ (29) എന്നിവരെ ആക്രമിച്ചത്.

പ്രതികളെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ചെന്നും ഇവരിലൊരാൾ കൊഴിഞ്ഞാമ്പാറ സ്വദേശിയാണെന്നും വിവരമുണ്ട്. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: ചെന്നൈയിൽ നിന്നു പാലക്കാട്ടേക്കു കാറിൽ വന്ന വ്യവസായികളെ മധുക്കരയെത്തിയപ്പോൾ 3 കാറുകൾ പിന്തുടർന്നു. ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോൾ കാറിനു മുന്നിൽ ലോറി നിർത്തി തടഞ്ഞു. പിന്നാലെയെത്തിയ കാറിനുള്ളിലുണ്ടായിരുന്ന പത്തംഗ സംഘം 3 പേരെയും മർദിച്ചു വലിച്ചിഴച്ചു റോഡിലേക്കു തള്ളിയിട്ടു കാറുമായി കടന്നു.

കൊഴിഞ്ഞാമ്പാറയ്ക്കും നല്ലേപ്പിള്ളിക്കും ഇടയിലുള്ള കുറ്റിപ്പള്ളം ചന്ദനംപിള്ള ചള്ളയിലെ ആളൊഴിഞ്ഞ പറമ്പിൽ കാർ ഉപേക്ഷിച്ചു കടന്നു. കാറിന്റെ സീറ്റുകളും ഡാഷ് ബോർഡും പെട്രോൾ ടാങ്കും ഉൾപ്പെടെ തകർത്തിട്ടുണ്ട്. കാർ ഉപേക്ഷിച്ച ഭാഗത്തു നിന്നു മാരകായുധങ്ങളും പൊലീസ് കണ്ടെത്തി. കുഴൽപണമുണ്ടെന്നു സംശയിച്ചാണ് ആക്രമിച്ചതെന്നും പണം കണ്ടെത്താനുള്ള ശ്രമത്തിലാണു കാർ നശിപ്പിച്ചതെന്നും കരുതുന്നതായി പൊലീസ് പറഞ്ഞു. 

English Summary:

Businessmen were attacked and stolen their car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com