ADVERTISEMENT

കോഴിക്കോട് ∙ ഗ്ലോക്കോമ രോഗബാധിതരിൽ കണ്ണിലെ മർദം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ബിമാടോപ്രോസ്റ്റ് മരുന്നിന്റെ ബാച്ച് വീണ്ടും നിലവാര പരിശോധനയിൽ പരാജയപ്പെട്ടു. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) വഴി സർക്കാർ കണ്ണാശുപത്രികളിൽ സംഭരിച്ചിരിക്കുന്ന 19,271 കുപ്പി തുള്ളിമരുന്നിന്റെ വിതരണം അടിയന്തരമായി നിർത്തിവയ്ക്കാൻ അസിസ്റ്റന്റ് ഡ്രഗ് ഇൻസ്പെക്ടർ നിർദേശം നൽകി. ഇതേ കമ്പനിയുടെ മരുന്ന് ഒരു വർഷം മുൻപു നിലവാര പരിശോധനയിൽ പരാജയപ്പെട്ടതും പിന്നീട് കൊൽക്കത്ത ലാബിലേക്ക് സാംപിൾ അയച്ച് ‘മികച്ച’ നിലവാരത്തിലുള്ളതാണെന്ന റിപ്പോർട്ട് സംഘടിപ്പിച്ചതും ഇതോടെ സംശയനിഴലിലായി.

ഹിമാചൽ പ്രദേശിലെ പ്രോടെക് ടെലിലിങ്ക്സ് എന്ന കമ്പനി ഉൽപാദിപ്പിക്കുന്ന മരുന്നാണ് (ബാച്ച് നമ്പർ ഒപി 442301–എ) ഒന്നര വർഷത്തിനിടെ രണ്ടാം തവണയും നിലവാര പരിശോധനയിൽ പരാജയപ്പെട്ടത്. കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് ആയതിനാൽ അതീവ ശ്രദ്ധയോടെയും നിലവാരത്തോടെയും കൈകാര്യം ചെയ്യേണ്ട മരുന്നാണിതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. മർദം കൂടിയാൽ ഞരമ്പുകൾ പൊട്ടാനും കാഴ്ച സ്ഥിരമായി തകരാറിലാവാനും ഇടയുണ്ട്. ഗ്ലോക്കോമ ബാധിതർ കൃത്യമായ ഇടവേളകളിൽ സ്ഥിരമായി ഉപയോഗിക്കേണ്ട തുള്ളിമരുന്നാണ് ഇപ്പോൾ സംശയനിഴലിലുള്ളത്.

ഇതേ മരുന്നിന്റെ 2022 മേയിൽ എടുത്ത സാംപിൾ ആണ് (ബാച്ച് നമ്പർ ഒപി 442102–എ)  തിരുവനന്തപുരത്തെ ലാബിൽ നിലവാര പരിശോധനയിൽ പരാജയപ്പെട്ടത്. തുടർന്ന് ശേഷിക്കുന്ന മരുന്നുകളുടെ വിതരണം മരവിപ്പിച്ചിരുന്നു. എന്നാൽ കമ്പനിയുടെ ആവശ്യപ്രകാരം സാംപിൾ വീണ്ടും കൊൽക്കത്ത ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഈ പരിശോധനയിൽ മരുന്നിന് ‘മികച്ച നിലവാരം’ ഉണ്ടെന്ന റിപ്പോർട്ടാണ് കിട്ടിയത്. കൊൽക്കത്തയ്ക്ക് അയച്ച സാംപിൾ തന്നെ മാറിയിരുന്നു എന്നും ആരോപണം ഉയർന്നിട്ടുണ്ട്.

മരവിപ്പിച്ച ബാച്ചിന്റെ വിതരണം പുനരാരംഭിക്കാൻ കഴിഞ്ഞ മേയിൽ കെഎംഎസ്‌സിഎൽ അനുവദിച്ചെങ്കിലും കമ്പനി സ്വയം ബാച്ചുകൾ പിൻവലിച്ചു. തങ്ങളുടെ ‘സന്മനസ്സിന്റെ ഭാഗമായി’ എന്ന വിശദീകരണത്തോടെയാണ് ഈ ബാച്ച് പിൻവലിച്ച് പുതിയ മരുന്ന് വിതരണം ചെയ്തത്. ഇതിനു പിന്നാലെയാണു വീണ്ടും ഇതേ തുള്ളിമരുന്ന് നിലവാര പരിശോധനയിൽ പരാജയപ്പെടുന്നത്.

English Summary:

Cheating on eye drops!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com