ADVERTISEMENT

തിരുവനന്തപുരം ∙ കഴിഞ്ഞ വർഷം ഏപ്രിൽ 10ന് പഞ്ചായത്തുകളിലും നഗരസഭകളിലും പെർമിറ്റ് ഫീസ് വർധിപ്പിക്കും മുൻപു നിർമാണം തുടങ്ങിയ കെട്ടിടങ്ങൾക്ക് നമ്പറിടും മുൻപ് ക്രമവൽക്കരിക്കാനുള്ള ഫീസിൽ സർക്കാർ ഇളവ് അനുവദിക്കും. ഇതു സംബന്ധിച്ച് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി.രാജമാണിക്യത്തിന്റെ ശുപാർശ തദ്ദേശ വകുപ്പ് സ്പെഷൽ സെക്രട്ടറിക്കു സമർപ്പിച്ചു.  

പെർമിറ്റ് എടുത്ത ശേഷം അതിൽ നിന്നു വ്യതിയാനമോ അധിക നിർമാണമോ നടത്തിയിട്ടുണ്ടെങ്കിൽ വിസ്തൃതിയിൽ വർധന വരുത്തിയ ഭാഗത്തിനു മാത്രമാകും കോംപൗണ്ടിങ് (ക്രമവൽക്കരണ) ഫീസ് ഇനി ബാധകമാകുക. ഉദാഹരണത്തിന് 1000 ചതുരശ്ര അടി കെട്ടിടം നിർമിക്കാൻ പെർമിറ്റ് ലഭിച്ച ശേഷം 100 ചതുരശ്ര അടി അധികമായി നിർമിച്ചെങ്കിൽ 100 ചതുരശ്ര അടിക്കു മാത്രം കോംപൗണ്ടിങ് ഫീസ് അടച്ചാൽ മതി. 

അധിക നിർമാണം ഉൾപ്പെടെ മുഴുവൻ കെട്ടിടത്തിന്റെയും വിസ്തൃതി കണക്കാക്കി കോംപൗണ്ടിങ് ഫീസ് ഈടാക്കുന്നതായിരുന്നു മുൻ രീതി. 

 പെർമിറ്റ് ഫീസിന്റെ ഇരട്ടിയാണ് കോംപൗണ്ടിങ് ഫീസ് എന്നതിനാലും പെർമിറ്റ് ഫീസ് 20 ഇരട്ടി വരെ വർധിപ്പിച്ച സാഹചര്യത്തിലും കെട്ടിട ഉടമകൾക്ക് ഇതു വൻ ബാധ്യതയാകുമെന്ന പരാതികളെത്തുടർന്നാണ് ഇളവ് അനുവദിച്ചത്. ഒക്യുപൻസി (ഉപയോഗ ഗണം) മാറ്റാത്ത കെട്ടിടങ്ങൾക്കാണ് ഈ അളവ്. അതേസമയം, പെർമിറ്റ് ഫീസ് കണക്കാക്കുന്നതിനുള്ള സ്ലാബ് നിശ്ചയിക്കാൻ കെട്ടിടത്തിന്റെ ആകെ വിസ്തൃതി കണക്കിലെടുക്കണം.

ഒക്യുപൻസി (ഉപയോഗ ഗണം) പൂർണമായോ ഭാഗികമായോ മാറ്റി നിർമിച്ച കെട്ടിടങ്ങളുടെ കാര്യത്തിൽ വിസ്തൃതി വർധന വരുത്തിയ ഭാഗത്തിനു മാത്രമല്ല, ഒക്യുപൻസി വ്യതിയാനം വരുത്തിയ ഭാഗത്തിനും പുതിയ നിരക്കിൽ കോംപൗണ്ടിങ് ഫീസ് ബാധകമാണ്.  

 ഉദാഹരണത്തിന്, വാണിജ്യ ആവശ്യത്തിനായി 2000 ചതുരശ്ര അടി പെർമിറ്റ് ലഭിച്ച ശേഷം, 200 ചതുരശ്ര അടി അധികം നിർമിച്ചതിനു പുറമേ കെട്ടിടത്തിലെ 1000 ചതുരശ്ര അടി താമസത്തിനായി പിന്നീടു മാറ്റുകയും ചെയ്താൽ ഈ 1000 ചതുരശ്ര അടിക്കും 200 ചതുരശ്ര അടിക്കും പുതിയ പെർമിറ്റ് ഫീസിന്റെ ഇരട്ടിയായ കോംപൗണ്ടിങ് ഫീസ് നൽകണം. 

നിർമാണം കുറച്ചെങ്കിലും ആരംഭിച്ചതോ, ഭാഗികമായി നിർമിച്ചതോ, തറ മാത്രം നിർമിച്ചതോ ആയ കെട്ടിടങ്ങൾക്ക്  നിർമിച്ച ഭാഗത്തിന്റെ വിസ്തൃതിക്ക് അനുസൃതമായി കോംപൗണ്ടിങ് ഫീസ് ഈടാക്കും. 

 തറ മാത്രം കെട്ടിയ ഒരു കെട്ടിടത്തിന് തറയുടെ വിസ്തൃതിക്ക് അനുസൃതമായി കോംപൗണ്ടിങ്  ഫീസ് നൽകിയാൽ മതി. തറയ്ക്ക് മുകളിലേക്ക് നിർമാണം ഇനിയും നടത്തേണ്ടതുണ്ടെന്നു കണക്കിലെടുത്ത് അതേ വിസ്തൃതിക്ക് പെർമിറ്റ് ഫീസ് ഈടാക്കുന്ന നടപടി ശരിയല്ലെന്നും കോംപൗണ്ടിങ് ഫീസ്  നൽകിയ വിസ്തൃതിക്ക് പെർമിറ്റ് ഫീസ് നൽകേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി. 

ഒരു പ്ലോട്ടിൽ ഒന്നിലധികം ഉപയോഗ ഗണത്തിൽ പെടുന്നതോ, അല്ലാത്തതോ ആയ കെട്ടിടങ്ങൾ (ഉദാഹരണത്തിന് ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ) വരുമ്പോൾ വിസ്തൃതി/ഉപയോഗം എന്നിവയിൽ വ്യതിയാനം വരുത്തിയ കെട്ടിടത്തിന്റെ ആകെ വിസ്തൃതിയാണ് പെർമിറ്റ് ഫീയുടെ സ്ലാബ് നിശ്ചയിക്കാൻ കണക്കിലെടുക്കേണ്ടതെന്നാണു ശുപാർശ.

  കണക്കിലെടുക്കുന്ന കെട്ടിടം എത് ഉപയോഗ ഗണത്തിലാണോ ഉൾപ്പെടുന്നത് അതിന്റെ പെർമിറ്റ് ഫീ ആയിരിക്കും ബാധകമാകുകയെന്നും തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി.രാജമാണിക്യത്തിന്റെ ശുപാർശയിൽ പറഞ്ഞു.

English Summary:

Kerala Government order in Building Permit Fees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com