ADVERTISEMENT

തിരുവനന്തപുരം ∙ യുജിസി ചട്ടങ്ങൾ ലംഘിച്ച് നിയമനം ലഭിച്ച 4 സർവകലാശാലാ വൈസ് ചാൻസലർമാരുടെ ഹിയറിങ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്നതിനുമുൻപേ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വിസി ഡോ. പി.എം.മുബാറക് പാഷ രാജിവച്ചു. രാജി ഗവർണർ സ്വീകരിച്ചിട്ടില്ല.

കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റൽ സർവകലാശാലാ വിസിമാരുടെ ഹിയറിങ് നടത്തി. വിസി സ്ഥാനത്തു തുടരാൻ സുപ്രീം കോടതി വിധി അനുസരിച്ച് ഇവർക്കു യോഗ്യതയില്ലെന്ന് യുജിസി പ്രതിനിധികൾ ഹിയറിങ്ങിൽ വ്യക്തമാക്കി. ഇതു രേഖാമൂലം അറിയിക്കാൻ ഇവരോട് ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന നിലപാടിലാണ് ഗവർണർ.

ഹൈക്കോടതി ഉത്തരവനുസരിച്ചാണ് കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റൽ, ഓപ്പൺ സർവകലാശാലാ വിസിമാർക്ക് ഹിയറിങ്ങിനു ഗവർണർ നോട്ടിസ് നൽകിയത്. ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി ഡോ. സജി ഗോപിനാഥ് നേരിട്ടു ഹാജരായി. കാലിക്കറ്റ് വിസി ഡോ. എം.കെ.ജയരാജിനു വേണ്ടി അഭിഭാഷകൻ നേരിട്ടും സംസ്കൃത വാഴ്സിറ്റി വിസി ഡോ. ടി.കെ.നാരായണനുവേണ്ടി അഭിഭാഷകൻ ഓൺലൈനായും പങ്കെടുത്തു. രണ്ടു ദിവസം മുൻപേ രാജി നൽകിയ സാഹചര്യത്തിലാണ് ഡോ. മുബാറക് പാഷയോ അഭിഭാഷകനോ ഹാജരാകാതിരുന്നത്.

തിരഞ്ഞെടുത്ത നടപടിക്രമം ശരിയാണെന്നും സർവകലാശാലാ ചട്ടപ്രകാരമായിരുന്നു നിയമനമെന്നുമുള്ള നിലപാടാണ് 3 വിസിമാരും ഹിയറിങ്ങിൽ സ്വീകരിച്ചത്. ചെന്നൈയിലേക്കു പോയ ഗവർണർ ഇന്നു രാത്രിയേ മടങ്ങിയെത്തൂ. നാളെ ഓഫിസിലെത്തിയ ശേഷം തീരുമാനമെടുത്തേക്കും. ഗവർണർക്കു പുറമേ യുജിസി ജോയിന്റ് സെക്രട്ടറി, യുജിസി സ്റ്റാൻഡിങ് കൗൺസൽ, ഗവർണറുടെ സ്റ്റാൻഡിങ് കൗൺസൽ, രാജ്ഭവൻ അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവരും ഹിയറിങ്ങിൽ പങ്കെടുത്തു.

നടപടിക്രമം പാലിക്കാതെയായിരുന്നു നിയമനമെന്നു ചൂണ്ടിക്കാട്ടി സാങ്കേതിക സർവകലാശാലാ വിസി ഡോ. എം.എസ്.രാജശ്രീയെ 2022ൽ സുപ്രീം കോടതി പുറത്താക്കിയിരുന്നു. തുടർന്ന്, ഇതേ പ്രശ്നം ചൂണ്ടിക്കാട്ടി അന്നു നിലവിലുണ്ടായിരുന്ന മറ്റു 11 വിസിമാർക്കുകൂടി പിരിച്ചുവിടാതിരിക്കാൻ കാരണം കാണിക്കണമെന്നു നിർദേശിച്ച് ഗവർണർ നോട്ടിസ് നൽകിയിരുന്നു. എന്നാൽ തുടർനടപടി കോടതി തടഞ്ഞു. കാലാവധി കഴിഞ്ഞതിനാലും കോടതി വിധികളിലൂടെയുമായി 7 വിസിമാർ പിന്നീട് സ്ഥാനമൊഴിഞ്ഞു. ശേഷിച്ച 4 പേരുടെ ഹിയറിങ്ങാണ് ഹൈക്കോടതി ഉത്തരവുപ്രകാരം ഇന്നലെ നിശ്ചയിച്ചിരുന്നത്.

അയോഗ്യത: കാരണങ്ങൾ ഇവ

∙ കാലിക്കറ്റ്: വിസി നിയമനത്തിനുള്ള സേർച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തി.

∙ സംസ്കൃത വാഴ്സിറ്റി: വിസി സ്ഥാനത്തേക്കു പാനലിനു പകരം ഒരു പേരു മാത്രം സമർപ്പിച്ചു.

∙ ഓപ്പൺ, ഡിജിറ്റൽ: ആദ്യ വിസിമാരെ സർക്കാരിനു നിയമിക്കാമെങ്കിലും സർവകലാശാലകൾക്ക് യുജിസി അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ പുതിയ വിസിയെ സേർച് കമ്മിറ്റി രൂപീകരിച്ചു നിയമിക്കണം. ഇതു പാലിച്ചിട്ടില്ല.

English Summary:

Open University Vice chancellor Dr PM Mubarak Pasha resigns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com