ADVERTISEMENT

തൃശൂർ ∙ സിപിഎം ഭരിക്കുന്ന മൂസ്‌പെറ്റ്‌ സർവീസ് സഹകരണ ബാങ്കിൽ 11 വർഷം മുൻപു നടത്തിയ ക്രമക്കേടിലെ 11.59 കോടി രൂപ ഭരണ സമിതി അംഗങ്ങളായ സിപിഎം, സിപിഐ, ജനതാദൾ പ്രാദേശിക നേതാക്കളിൽനിന്നും ഇതിനു കൂട്ടുനിന്ന സെക്രട്ടറിയിൽ നിന്നുമായി ഈടാക്കാൻ ഉത്തരവ്. സഹകരണ ജോയിന്റ് റജിസ്ട്രാർ നേരത്തെ ഇക്കാര്യം നിർദേശിച്ചിരുന്നു. പ്രതികൾ നൽകിയ അപ്പീൽ സഹകരണ വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി തള്ളി തുക ഈടാക്കാൻ ഉത്തരവിട്ടു. തുക നൽകേണ്ടത് പ്രതികളുടെ വ്യക്തിഗത സ്വത്തിൽനിന്നാണ്. ബാങ്കിന് ഇതിന്റെ ബാധ്യത ഇല്ല. ഓഡിറ്റ് റിപ്പോർട്ടു പ്രകാരം ബാങ്ക് ഇപ്പോൾ സുരക്ഷിതവുമാണ്.

തൃശൂർ സഹകരണ സംഘം ജോയിന്റ് റജിസ്ട്രാർ 2023 മാർച്ച് എട്ടിനു പുറപ്പെടുവിച്ച ഉത്തരവു നിലനിൽക്കുമെന്നു സെക്രട്ടറി വ്യക്തമാക്കി. 2013 മുതൽ 18 വരെ ഭരണസമിതി അംഗങ്ങളായിരുന്ന 18 പേരിൽ നിന്നാണു നഷ്ടം ഈടാക്കേണ്ടത്. ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.വി.ഫ്രാൻസിസ്, ടി.ജി.അനിൽകുമാർ, കെ.ഡി.ജോഷി എന്നിവരെ ക്രമക്കേടിന്റെ പേരിൽ സിപിഎം സസ്പെൻഡ് ചെയ്തിരുന്നു. 

ഓരോരുത്തരിൽനിന്നും ഈടാക്കുന്ന തുക ഇങ്ങനെ: കെ.വി.ഫ്രാൻസിസ്‌ (മുൻ പ്രസിഡന്റ്) 1.04 കോടി, ടി.ജി.അനിൽകുമാർ–1.04 കോടി, എം കെ.അനൂപ്‌ –92 ലക്ഷം, ബിന്ദു ജോസഫ്‌–1.02 കോടി, കെ ഡി ജോഷി- 1.02 കോടി, പരേതനായ സി.എസ്.റോയ്- 70 ലക്ഷം, ടി.കെ.സുരേന്ദ്രൻ– 53 ലക്ഷം, വിജിത ജീവൻ– 1.04 കോടി (എല്ലാവരും സിപിഎം), ജോളി ഏബ്രഹാം –1,04 കോടി, സുനിൽകുമാർ- 99 ലക്ഷം (ഇരുവരും സിപിഐ) സി.പി.റോയ്– 98 ലക്ഷം (ജനതാദൾ)

ബാങ്കിന്റെ മുൻ സെക്രട്ടറി കെ.പി.ഇറ്റ്യാനത്തിൽ നിന്ന് 1.03 കോടി രൂപയും ഈടാക്കും. 2008 -2013 കാലത്തു ഭരണസമിതി അംഗങ്ങളായിരുന്ന സിപിഐയിലെ എൻ.എ.മോഹൻ, പി.ജി.വാസുദേവൻ, സിപിഎമ്മിലെ ടി.എം.റോയ്, അജിത ബാബു, ജനതാദളിലെ പി.എൽ. ഫ്രാൻസിസ്, മുൻ ബാങ്ക് സെക്രട്ടറി ആനീസ് തൈക്കാട്ടിൽ എന്നിവർ 3 ലക്ഷം രൂപ വീതവും നൽകണം. ഇവരിൽ പലരും മരിച്ചതിനാൽ ബാധ്യത കുടുംബത്തിന്റെ പേരിലാകും. 

അതിർത്തി കടന്നും വായ്പകൾ

മൂസ്പെറ്റിൽ നിന്ന് ഒരു കോടി രൂപ ബാങ്കിന്റെ പരിധിയിലെ പ്രദേശമല്ലാത്ത ചാലക്കുടി വരെ കൊടുത്തിട്ടുണ്ട്. കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്കിൽ പണയപ്പെടുത്തിയ അതേ വസ്തു വച്ചാണു ഒരു കോടി കൊടുത്തത്. ആദ്യ വായ്പയിൽ ഒരു പൈസ പോലും തിരിച്ചടയ്ക്കാതിരുന്നിട്ടും ഇവർക്കു രണ്ടാമതും ഇതേ വസ്തു പണയത്തിൽ വായ്പ നൽകിയതിനു പിന്നിൽ പ്രമുഖ നേതാക്കളാണെന്ന ആരോപണമുണ്ടായിരുന്നു. 

English Summary:

Order to collect eleven crores from the leaders on Irregularity committed in Moospet cooperative bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com