ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പു രംഗം ഉണരുന്നു. സിപിഐ 4 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. സിപിഎം സ്ഥാനാർഥികളെക്കൂടി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ എൽഡിഎഫ് പട്ടിക പൂർണമാകും.

കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി ഇന്നു കൊല്ലത്തു ചേരാനിരിക്കെ, കെപിസിസി പ്രസിഡന്റും സിറ്റിങ് എംപിയുമായ കെ.സുധാകരൻ കണ്ണൂരിൽ വീണ്ടും മത്സരിക്കാൻ സാധ്യതയേറി. ആലപ്പുഴയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ പരിഗണിക്കുന്നു. തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചില സിറ്റിങ് എംപിമാർക്കു മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

കണ്ണൂരിൽനിന്നു പിൻവാങ്ങുമെന്ന് ആദ്യം അറിയിച്ചിരുന്ന സുധാകരൻ ഇപ്പോൾ മത്സരസന്നദ്ധനായെങ്കിലും കെപിസിസി പ്രസിഡന്റ് പദവി വഹിക്കുന്നതിനാൽ ഹൈക്കമാൻഡിന്റെ അനുമതി വേണ്ടിവരും. ലഭിച്ചാൽ കെപിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല മറ്റൊരാളെ ഏൽപിച്ചേക്കാം. തെലങ്കാനയുടെ ചുമതലയുമുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിക്ക് അവിടെ അടിയന്തരമായി ഒരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ സ്ക്രീനിങ് കമ്മിറ്റി യോഗം അടുത്ത ദിവസത്തേക്കു മാറ്റിവയ്ക്കാനും സാധ്യതയുണ്ട്. മുസ്‌ലിം ലീഗ് ഇന്നു നടത്താനിരുന്ന സ്ഥാനാർഥി പ്രഖ്യാപനം നാളത്തേക്കു മാറ്റി. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തിരുവനന്തപുരത്തു നടത്തുന്ന റാലിയിൽ ബിജെപിയുടെ 10 സ്ഥാനാർഥികളെ അവതരിപ്പിക്കാനിരുന്നതു മാറ്റിവച്ചു. ഇന്നലെ ചേരേണ്ടിയിരുന്ന പാർലമെന്ററി ബോർഡ് യോഗം 29ലേക്കു മാറ്റിയതാണു കാരണം.

തിരുവനന്തപുരത്ത് പന്ന്യൻ തന്നെ

തിരുവനന്തപുരം ∙ പന്ന്യൻ രവീന്ദ്രൻ (തിരുവനന്തപുരം), സി.എ.അരുൺകുമാർ (മാവേലിക്കര), വി.എസ്.സുനിൽകുമാർ (തൃശൂർ), ആനി രാജ (വയനാട്) എന്നിവരാകും സിപിഐയുടെ ലോക്സഭാ സ്ഥാനാർഥികളെന്ന് സംസ്ഥാന കൗൺസിൽ യോഗത്തിനുശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.

പന്ന്യൻ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയെങ്കിലും അദ്ദേഹം മത്സരിക്കണമെന്നായിരുന്നു പാർട്ടിയുടെ തീരുമാനം. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിലെ അനിശ്ചിതത്വം കണക്കിലെടുത്താണ് അവിടെ ദേശീയ നിർവാഹകസമിതി അംഗമായ ആനി രാജയെ നിയോഗിച്ചത്.

സംസ്ഥാന കൗൺസിൽ അംഗമായ മുൻമന്ത്രി സുനിൽകുമാർ തൃശൂരിലെ സ്ഥാനാർഥിത്വം നേരത്തേ ഉറപ്പിച്ചിരുന്നു. മാവേലിക്കര മണ്ഡലത്തിനു കീഴിലുള്ള എല്ലാ ജില്ലാ കൗൺസിലുകളും യോജിച്ചില്ലെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗമായ അരുൺകുമാറിനു തുണയായി.

English Summary:

CPI announces candidates for Loksabha Elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com