‘ഗഗൻയാൻ’ ബഹിരാകാശ യാത്രയ്ക്ക് മലയാളിയും
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗൻയാനി’ൽ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ പങ്കാളിയാകുമെന്നു വിവരം. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത് നാഷനൽ ഡിഫൻസ് അക്കാദമിയിലെ (എൻഡിഎ) പഠനശേഷം 1999 ജൂണിലാണു സേനയിൽ ചേർന്നത്. സുഖോയ് യുദ്ധവിമാന പൈലറ്റാണ്.
ദൗത്യത്തിനു തയാറെടുക്കുന്ന 4 ടെസ്റ്റ് പൈലറ്റുമാരുടെ പേരുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തിരുവനന്തപുരം വിഎസ്എസ്‌സിയിൽ പ്രഖ്യാപിച്ചേക്കും. ഇവരിൽ 3 പേരാകും ബഹിരാകാശയാത്ര നടത്തുക. ടെസ്റ്റ് പൈലറ്റുമാർ ഒന്നര വർഷം റഷ്യയിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു. ബെംഗളൂരുവിൽ ഐഎസ്ആർഒയ്ക്കു കീഴിലെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിലും പരിശീലനം നടത്തി. ദുഷ്കര വെല്ലുവിളികൾ നേരിടാൻ സമർഥരെന്ന നിലയിലാണ് ദൗത്യത്തിനു യുദ്ധവിമാന പൈലറ്റുമാരെ തിരഞ്ഞെടുത്തത്.