ADVERTISEMENT

മലപ്പുറം ∙ ലോക്സഭാ സ്ഥാനാർഥി നിർണയത്തിനായി മുസ്‌ലിം ലീഗ് പാർലമെന്ററി പാർട്ടി യോഗം നാളെ പാണക്കാട്ട് ചേരും. ലോക്സഭയിലേക്ക് മൂന്നാം സീറ്റിനു പകരമായി കോൺഗ്രസ് മുന്നോട്ടുവച്ച രാജ്യസഭാ സീറ്റെന്ന വാഗ്ദാനം അംഗീകരിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം യോഗശേഷമുണ്ടാകും. കോൺഗ്രസുമായി ഉഭയകക്ഷി ചർച്ച നടത്തിയ നേതാക്കൾ ഇന്ന് പാണക്കാട്ടെത്തി സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളെ വിശദാംശങ്ങൾ അറിയിക്കും. ഇത് നാളെ പാർലമെന്ററി ബോർഡ് യോഗത്തിൽ ചർച്ചചെയ്ത ശേഷമായിരിക്കും അന്തിമ പ്രഖ്യാപനം.

ജൂലൈയിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് ലീഗിന്, അടുത്ത വർഷം പി.വി.അബ്ദുൽ വഹാബ് ഒഴിയുമ്പോൾ ലഭിക്കുന്ന സീറ്റ് കോൺഗ്രസിന്, തുടർന്നു വരുന്ന ഒഴിവുകളിൽ ലീഗിന് രാജ്യസഭയിൽ 2 അംഗങ്ങൾ ഉറപ്പാകുന്ന രീതിയിലുള്ള ക്രമീകരണം തുടങ്ങിയ നിർദേശങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവച്ചത്. ഇതാണ് ഇന്ന് ലീഗ് നേതാക്കൾ തങ്ങളെ ധരിപ്പിക്കുക.

അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ എംപി, എം.പി.അബ്ദുസ്സമദ് സമദാനി എംപി, പി.എം.എ.സലാം, വി.കെ.ഇബ്രാഹിംകുഞ്ഞ്, എംഎൽഎമാരായ കെ.പി.എ.മജീദ്, എം.കെ.മുനീർ തുടങ്ങിയവരാണ് പാർലമെന്ററി ബോർഡ് യോഗത്തിലുണ്ടാകുക. സ്ഥാനാർഥി നിർണയത്തിന് പാർട്ടി സംസ്ഥാന കമ്മിറ്റി നേരത്തേ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തിയിരുന്നു.

പൊന്നാനിയിൽ സമദാനി, മലപ്പുറത്ത് ഇടി?

പാർട്ടിയുടെ സിറ്റിങ് എംപിമാർ മണ്ഡലം മാറി മത്സരിക്കുകയെന്ന തീരുമാനത്തിൽ എത്തിയെന്നാണു സൂചന. ഇതുപ്രകാരം പൊന്നാനിയിൽ നിലവിലെ മലപ്പുറം എംപി അബ്ദുസ്സമദ് സമദാനിയും മലപ്പുറത്തു നിലവിലെ പൊന്നാനി എംപി ഇ.ടി.മുഹമ്മദ് ബഷീറും മത്സരിക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം നാളെ പ്രഖ്യാപിക്കും.

ലോക്സഭാ സ്ഥാനാർഥികൾക്കൊപ്പം ജൂലൈയിൽ ലഭിക്കുന്ന രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർഥിയെയും പ്രഖ്യാപിച്ചേക്കും. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, അഖിലേന്ത്യാ ജനറൽ സെക്രട്ടറി വി.കെ.ഫൈസൽ ബാബു എന്നിവർക്കാണു മുൻഗണന. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിന്റെ പേരും ചർച്ചയിലുണ്ട്.

English Summary:

Muslim League Parliamentary Party meeting will held in Panakkad to decide candidate for Lok Sabha election 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com