ADVERTISEMENT

കോഴിക്കോട് ∙ ഉയർന്ന പെൻഷനിൽ ഇപിഎഫ്ഒ ഇടപെടൽ നടത്തിയതോടെ ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ലഭിച്ച പേയ്മെന്റ് ഓർഡർ (പിപിഒ) പെൻഷൻകാർക്കു നൽ‌കിയതു നിരാശ മാത്രം. പ്രതീക്ഷിച്ചതിലും കുറഞ്ഞ തുകയാണു ഭൂരിഭാഗം പേർക്കും ലഭിച്ചത്. പ്രോ–റേറ്റ (ആനുപാതിക) അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ കണക്കാക്കിയതാണു തുക കുറയാൻ കാരണമെന്നു കരുതുന്നു.

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ഇന്നലെ വിവിധ ജില്ലകളിൽ നടത്തിയ സമ്പർക്കപരിപാടിയിലാണു തിരഞ്ഞെടുത്ത കുറച്ചുപേർക്കു പിപിഒ നേരിട്ടു വിതരണം ചെയ്തത്. മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തിൽ പിപിഒ വിതരണം നടത്തിയിട്ടുണ്ട്. ഇതു പതിവുള്ളതല്ല. പിപിഒ പെൻഷനറുടെ അക്കൗണ്ടുള്ള ബാങ്കിലേക്ക് അയയ്ക്കുകയാണു സാധാരണ ചെയ്യാറുള്ളത്.

പെൻഷൻ അനുവദിക്കുമ്പോൾ പിപിഒയ്ക്കൊപ്പം പെൻഷൻ കണക്കാക്കിയതിന്റെ വിശദമായ വർക്‌ഷീറ്റ് കൂടി നൽകണമെന്ന് 2019ൽ ഇപിഎഫ്ഒ സർക്കുലർ ഇറക്കിയിട്ടുണ്ടെങ്കിലും ഇന്നലെ പിപിഒ ലഭിച്ചവർക്കൊന്നും കണക്കുകൂട്ടിയതിന്റെ രേഖ ലഭിച്ചിട്ടില്ല. പെൻഷൻ കണക്കാക്കാനുള്ള ഫോർമുല പ്രകാരം, പിപിഒയിൽ കാണിച്ചിരിക്കുന്ന പെൻഷനബിൾ ശമ്പളത്തെ പെൻഷനബിൾ സർവീസ് കൊണ്ടു ഗുണിച്ചശേഷം 70 കൊണ്ടു ഹരിച്ചാൽ പെൻഷൻ തുക കിട്ടണം. എന്നാൽ ഇതിലും കുറഞ്ഞ തുകയാണു പെൻ‌ഷനായി അനുവദിച്ചിരിക്കുന്നത്.

ഉയർന്ന പെൻഷനും പ്രോ–റേറ്റ (ആനുപാതിക) അടിസ്ഥാനത്തിൽ കണക്കാക്കണമെന്ന് ഇപിഎഫ്ഒ പ്രാദേശിക ഓഫിസുകൾക്ക് ഉദാഹരണ സഹിതം നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം ആകെ സേവനകാലത്തെ 2014 സെപ്റ്റംബർ 1നു മുൻപും അതിനു ശേഷവും എന്നു രണ്ടായി വിഭജിച്ച് അതതു കാലത്തെ ശമ്പളം കൂടി പരിഗണിച്ചാണ് പെൻഷൻ കണക്കാക്കുക. എന്നാൽ ഇക്കാര്യം പിപിഒയിൽ ഒരിടത്തും സൂചിപ്പിച്ചിട്ടില്ല.

വിരമിക്കുന്നതിനു തൊട്ടുമുൻപുള്ള 60 മാസത്തെ ശമ്പള ശരാശരിയാണ് 2014 സെപ്റ്റംബർ 1നു ശേഷം വിരമിക്കുന്നവരുടെ പെൻഷൻ കണക്കാക്കാൻ പരിഗണിക്കുക. അതേസമയം, 2014 സെപ്റ്റംബറിനു മുൻപുള്ള ഉയർന്ന ശമ്പളം ഈ ശരാശരിയേക്കാൾ കുറവാണെങ്കിൽ അതാണ് അക്കാലയളവിലെ പെൻഷനു മാനദണ്ഡമാക്കുക. ഈ രീതിയിലാണു കണക്കുകൂട്ടിയതെങ്കിൽ‌ 2014നു മുൻപുള്ള ഉയർന്ന ശമ്പളം എത്രയെന്നു പിപിഒയിൽ വ്യക്തമാക്കേണ്ടതാണ്. എന്നാൽ അങ്ങനെ കാണിച്ചിട്ടില്ല.

English Summary:

Disappointment with PF Pension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com