ADVERTISEMENT

തിരുവനന്തപുരം∙ പൊന്നാനിയിൽ മുൻ മുസ്‌ലിം ലീഗ് നേതാവ് കെ.എസ്.ഹംസയും ഇടുക്കിയിൽ ജോയ്സ് ജോർജും ഉൾപ്പെടെ സിപിഎമ്മിന്റെ 15 ലോക്സഭാ സീറ്റുകളിലെയും സ്ഥാനാർഥികൾ പാർട്ടിചിഹ്നത്തിൽ മത്സരിക്കുമെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് ഇടതുപക്ഷത്തിനൊപ്പമാണെന്നും 20 സീറ്റുകളിലും വിജയം ഉറപ്പാണെന്നും പാർട്ടി സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി തീരുമാനിച്ച സ്ഥാനാർഥിപട്ടികയാണു കേന്ദ്രകമ്മിറ്റിയുടെയും പൊളിറ്റ്ബ്യൂറോയുടെയും അംഗീകാരത്തോടെ പ്രഖ്യാപിച്ചത്.

മത്സരരംഗത്തുള്ള 3 ജില്ലാ സെക്രട്ടറിമാരും ചുമതല താൽക്കാലികമായി കൈമാറുമെന്നും അതാരെന്നു ജില്ലാ കമ്മിറ്റികൾ തീരുമാനിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി. കെ.എസ്.ഹംസ സമസ്തയുടെ സ്ഥാനാർഥിയല്ല, പൊതുവായ സ്ഥാനാർഥിയാണ്. മത്സരിക്കാൻ മറ്റാരുമില്ലാത്തതുകൊണ്ടല്ല ആലത്തൂരിൽ മന്ത്രി കെ.രാധാകൃഷ്ണൻ മത്സരിക്കുന്നത്. കൊല്ലത്തു എം.മുകേഷ് രാഷട്രീയസ്ഥാനാർഥിയാണ്. എത്രയോ വർഷമായി സിപിഎമ്മിന്റെ ഭാഗമാണദ്ദേഹം.

ടി.പി.ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട കേസ് ബാധിക്കുമെന്ന ഭയമില്ല. തിരഞ്ഞെടുപ്പിൽ അതൊന്നും പ്രശ്നമാകില്ല. എല്ലാ തിരഞ്ഞെടുപ്പിലും പരിഗണിച്ചപോലെ വനിതകളെ ഇത്തവണയും പരിഗണിച്ചിട്ടുണ്ട്. കണ്ണൂരിൽ യു‍ഡിഎഫിനായി കെ.സുധാകരൻ മത്സരിക്കുന്നതിൽ ഒരു പ്രശ്നവുമില്ല. യുഡിഎഫിൽ മുസ്‌ലിം ലീഗിന് അതൃപ്തിയുണ്ടോയെന്നു വ്യക്തമാക്കേണ്ടത് അവർ തന്നെയാണ്. പ്രധാനമന്ത്രിയായി രാഹുൽഗാന്ധി വരുമെന്ന് കേരളത്തിൽ ആരും വിശ്വസിക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

സിപിഎം സ്ഥാനാർഥികൾ

ആറ്റിങ്ങൽ: വി.ജോയ്, കൊല്ലം: എം.മുകേഷ്, പത്തനംതിട്ട: ടി.എം.തോമസ് ഐസക്, ആലപ്പുഴ: എ.എം.ആരിഫ്, ഇടുക്കി: ജോയ്സ് ജോർജ്, എറണാകുളം: കെ.ജെ.ഷൈൻ, ചാലക്കുടി: സി.രവീന്ദ്രനാഥ്, ആലത്തൂർ: കെ.രാധാകൃഷ്ണൻ, പാലക്കാട്: എ.വിജയരാഘവൻ, മലപ്പുറം: വി.വസീഫ്, പൊന്നാനി: കെ.എസ്.ഹംസ, കോഴിക്കോട്: എളമരം കരിം, വടകര: കെ.കെ.ശൈലജ, കണ്ണൂർ: എം.വി.ജയരാജൻ, കാസർകോട്: എം.വി.ബാലകൃഷ്ണൻ.

മുൻപ് കുടം മുതൽ കത്രിക വരെ

2014ൽ ഇന്നസന്റ് മത്സരിച്ചത് കുടം ചിഹ്നത്തിലാണ്. ഇടതുസ്വതന്ത്രൻ ജോയ്‌സ് ജോർജ് ടോർച്ച് ചിഹ്നത്തിലും മത്സരിച്ചു. 2019ൽ ഇന്നസന്റ് പാർട്ടിചിഹ്നത്തിൽ മത്സരിച്ചപ്പോൾ ജോയ്സ് ജോർജ് വീണ്ടും ടോർച്ച് ചിഹ്നം സ്വീകരിച്ചു. എൽഡിഎഫ് സ്വതന്ത്രൻ പി.വി. അൻവർ കത്രിക ചിഹ്നത്തിലും മത്സരിച്ചു.

English Summary:

Party symbol for all candidates; Three District Secretaries hand over the charge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com