തൃശൂർ: മേളം കഴിയുമ്പോൾ ആരാകും പ്രമാണി ?

Mail This Article
തൃശൂർ∙ ഈ മണ്ഡലത്തിന്റെ രാഷ്ട്രീയമെന്നത് അതതു സമയത്തെ തീരുമാനമാണ്. മഴയും വെയിലും നോക്കി ഏതു വിത്തിറക്കണമെന്നു തീരുമാനിക്കുന്നതുപോലുള്ളൊരു രീതി. 1998നു ശേഷമുള്ള 6 തിരഞ്ഞെടുപ്പുകളിലും മുന്നണികളെ മാറിമാറിയാണു പരീക്ഷിച്ചത്. തൃശൂരിന്റെ ചങ്കാണെന്നു പറഞ്ഞിരുന്ന കെ.കരുണാകരനെപ്പോലും തോൽപിച്ചു. വിരുന്നുവന്ന പി.സി.ചാക്കോയെയും മണ്ഡലവുമായി ഒരു പരിചയവുമില്ലാതിരുന്ന സി.കെ.ചന്ദ്രപ്പനെയും പാസാക്കി വിടുകയും ചെയ്തു. ഇത്തവണ ടി.എൻ.പ്രതാപൻ എംപി വീണ്ടും കോൺഗ്രസ് സ്ഥാനാർഥിയായി എത്തുന്നു. മുൻ മന്ത്രി വി.എസ്.സുനിൽകുമാറാണു സിപിഐ സ്ഥാനാർഥി. കഴിഞ്ഞ തവണ ബിജെപിക്കു വേണ്ടി ഇറങ്ങിയ സുരേഷ് ഗോപി വീണ്ടും എത്തുന്നു.
പ്രതാപനും സുനിൽകുമാറിനും മണ്ഡലത്തിൽ നല്ല അടിത്തറയുണ്ട്. സുരേഷ് ഗോപിക്കു സിനിമ കലർന്ന രാഷ്ട്രീയാടിത്തറയും. കഴിഞ്ഞ തവണ യുഡിഎഫിനു കിട്ടിയത് മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായിരുന്നു– 93,633. നാലുതവണ എംഎൽഎയായ പ്രതാപന്റെ വ്യക്തിബന്ധവും ഭൂരിപക്ഷത്തിൽ പ്രതിഫലിച്ചു. വി.എസ്.സുനിൽകുമാർ മന്ത്രി എന്ന നിലയിൽ വലിയ വിജയമായിരുന്നു. പൂരപ്പറമ്പിലും പാടത്തും ജനത്തോടൊപ്പം ജീവിക്കുന്ന സുനിൽകുമാറിനു സിപിഐയുടെ രാഷ്ട്രീയമണ്ഡലത്തിനും അപ്പുറത്തേക്കു ബന്ധങ്ങളുണ്ട്.
ബിജെപി ദേശീയനേതൃത്വം കണ്ണുനട്ടിരിക്കുന്ന മണ്ഡലമാണിത്. മോദിയുടെ ഗാരന്റിയെന്ന മുദ്രാവാക്യം അരക്കിട്ടുറപ്പിക്കാൻ മോദി തിരഞ്ഞെടുത്തതും ഈ മണ്ഡലമാണ്. 2009ൽ 54,000 വോട്ടുണ്ടായിരുന്ന ബിജെപി 2014ൽ 1.2 ലക്ഷമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2.93 ലക്ഷവുമായതിനു പ്രധാനകാരണം സുരേഷ് ഗോപിയായിരുന്നു. ഗുരുവായൂർ, മണലൂർ, ഒല്ലൂർ, ഇരിങ്ങാലക്കുട, തൃശൂർ, നാട്ടിക, പുതുക്കാട് നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണു തൃശൂർ പാർലമെന്റ് മണ്ഡലം. എല്ലായിടത്തും കോൺഗ്രസിനായിരുന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും.