ADVERTISEMENT

തിരുവനന്തപുരം ∙ ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചു നിയമസഭ പാസാക്കിയ നിയമം നിലവിൽ വന്നാലും അതിന്റെ സാധുതയെച്ചൊല്ലി നിയമപ്പോരാട്ടം ഉറപ്പായി. അഴിമതിക്കേസിൽ കുറ്റവാളിയെന്നു ലോകായുക്ത കണ്ടെത്തിയാൽ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കേണ്ടിവരുമെന്ന വകുപ്പിലാണ് സംസ്ഥാന സർക്കാർ ഭേദഗതി വരുത്തിയത്. ഇതനുസരിച്ച്, മുഖ്യമന്ത്രി കുറ്റവാളിയാണെന്നു ലോകായുക്ത കണ്ടെത്തിയാൽ നിയമസഭയാണ് അപ്പീൽ അതോറിറ്റി. മുഖ്യമന്ത്രിക്കു നിയമസഭയിൽ ഭൂരിപക്ഷം ഉള്ളതിനാൽ ഈ കണ്ടെത്തൽ സ്വാഭാവികമായും തള്ളും. മന്ത്രിമാർക്ക് എതിരെയുള്ള വിധി വന്നാൽ മുഖ്യമന്ത്രിയാണ് അപ്പീൽ അതോറിറ്റി. കണ്ടെത്തൽ തള്ളി മുഖ്യമന്ത്രിക്കു മന്ത്രിമാരെ സംരക്ഷിക്കാം.

എംഎൽഎമാർക്ക് എതിരെയാണെങ്കിൽ സ്പീക്കർക്കു തീരുമാനം എടുക്കാം. ഫലത്തിൽ സർക്കാരിനെതിരെ അഴിമതി നിരോധന നിയമം അനുസരിച്ചു ലോകായുക്തയുടെ കണ്ടെത്തൽ വന്നാലും അതു തള്ളാൻ സാധിക്കും. അർധ ജുഡീഷ്യൽ അധികാരമുള്ള ലോകായുക്തയുടെ ഉത്തരവുകളിൽ അപ്പീൽ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിക്കോ നിയമസഭയ്ക്കോ സാധിക്കുമോ എന്നതാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെടുക. ഇതു സുപ്രീം കോടതി വിധികൾക്ക് എതിരാണെന്നും വാദമുണ്ട്. ജുഡീഷ്യറിയുടെ കണ്ടെത്തലിൽ അപ്പീ‍ൽ തീരുമാനം എടുക്കാൻ ജുഡീഷ്യറിക്കാണോ അധികാരം എന്നു കോടതിയാണു വ്യക്തമാക്കേണ്ടത്.

കേന്ദ്രം കൊണ്ടുവന്ന ലോക്പാൽ നിയമമനുസരിച്ച്, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പുറത്താക്കാനുള്ള അധികാരം കോടതിക്കോ തിരഞ്ഞെടുക്കപ്പെട്ട സമിതിക്കോ ആണെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി ഈ ബില്ലിന് അനുമതി നൽകിയത്. ബില്ലിന്റെ വിശദാംശങ്ങളിലേക്കു രാഷ്ട്രപതി കടന്നോ എന്നു വ്യക്തമല്ല. ഭരണരംഗത്തുള്ള ആൾ അഴിമതിയോ അധികാരദുർവിനിയോഗമോ നടത്തിയാൽ  അതിനെതിരെ ലോകായുക്തയെയോ വിജിലൻസ് കോടതിയെയോ ആണ് സമീപിക്കാൻ സാധിക്കുക. വിജിലൻസ് കോടതിയിൽ കേസ് എടുക്കണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വേണം. അതു ലഭിക്കുക ബുദ്ധിമുട്ടാണ്.

ഫലത്തിൽ അഴിമതി നടത്തിയാലും ശിക്ഷിക്കപ്പെടാൻ സാധ്യത കുറയും. ലോകായുക്ത നിയമഭേദഗതി സുപ്രീം കോടതി വിധിക്ക് എതിരായതിനാൽ അതു വിജ്ഞാപനം ചെയ്യുന്ന മുറയ്ക്ക് ഹൈക്കോടതിയെ സമീപിക്കുമെന്ന്, ദുരിതാശ്വാസനിധി ദുരുപയോഗത്തിനെതിരെ ലോകായുക്തയിൽ ഹർജി നൽകിയ ആർ.എസ്.ശശികുമാർ അറിയിച്ചിട്ടുണ്ട്. ബിൽ പാസാക്കുന്നതിലൂടെ ലോകായുക്തയെ നോക്കുകുത്തിയാക്കുന്നു എന്നു പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാസങ്ങളോളം ഇതിൽ ഒപ്പു വയ്ക്കാതെ തടഞ്ഞു വച്ചത്. 

വർഷം ചെലവ് 8.57 കോടി

ലോകായുക്ത സംവിധാനത്തിനായി സർക്കാർ ഒരു വർഷം ചെലവഴിക്കുന്നത് 8.57 കോടി രൂപ. ജസ്റ്റിസുമാരായ ലോകായുക്ത അംഗങ്ങളുടെ ശമ്പളം മാത്രം 7.15 കോടിയാണ്. 87.79 ലക്ഷമാണ് ജീവനക്കാരുടെ ശമ്പളത്തിനായി ചെലവിടുന്നത്. യാത്രപ്പടി 11.30 ലക്ഷം, ഓഫിസ് സൗകര്യങ്ങൾക്ക് 19 ലക്ഷം, ഇന്ധനത്തിന് 12 ലക്ഷം എന്നിങ്ങനെയാണു മറ്റു ചെലവുകൾ.

ഫയൽ എത്തിയാൽ ഗവർണറുടെ അംഗീകാരം

തിരുവനന്തപുരം ∙ ലോകായുക്ത ഭേദഗതി ബില്ലിനു രാഷ്ട്രപതി അനുമതി നൽകിയ സാഹചര്യത്തിൽ ഇതുസംബന്ധിച്ച ഫയൽ തന്റെ മുന്നിലെത്തുന്ന മുറയ്ക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകും. രാഷ്ട്രപതി അനുമതി നൽകിയാലും ബിൽ അംഗീകരിച്ചു വിജ്ഞാപനം ഇറക്കേണ്ടത് ഗവർണറാണ്. ഏതെങ്കിലും ബിൽ രാഷ്ട്രപതിയുടെ അനുമതിക്കായി ഗവർണർ അയയ്ക്കുമ്പോൾ അതിന് അനുമതി നൽകണമെന്ന് അഭ്യർഥിക്കുന്ന കത്തുകൂടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയയ്ക്കാറുണ്ട്. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാൽ ഫയൽ സർക്കാരിലേക്കാണു തിരികെ അയയ്ക്കുക. അവിടെനിന്നു വീണ്ടും ഈ ഫയൽ രാജ്ഭവനിലേക്കു വിടണം. ഗവർണർ ഒപ്പുവച്ചാൽ നിയമം വിജ്ഞാപനം ചെയ്യും.

ഗവർണർ നാളെ മുംബൈയിലേക്കു പോകും. അതിനുമുൻപ് ലോകായുക്ത ഫയൽ എത്തിയാൽ ഒപ്പുവയ്ക്കും. യുജിസി ചട്ടം ലംഘിച്ചു നിയമനം ലഭിച്ച 4 വൈസ് ചാൻസലർമാരുടെ ഭാവി  എന്തായിരിക്കുമെന്നും കേരള സർവകലാശാലയിൽ മന്ത്രി ആർ.ബിന്ദുവിന്റെ അധ്യക്ഷതയിൽ കൂടിയ വിവാദ സെനറ്റ് യോഗത്തിന്റെ കാര്യത്തിൽ എന്തു ചെയ്യണമെന്നും അദ്ദേഹം തീരുമാനിച്ചിട്ടില്ല.

English Summary:

Even if Lokayukta Act comes, legal battle is guaranteed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com