ADVERTISEMENT

തിരുവനന്തപുരം∙ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ ലോകായുക്ത ഭേദഗതി ബിൽ രാഷ്ട്രപതി ഒപ്പിട്ടത് എൽഡിഎഫിനും പിണറായി സർക്കാരിനും ആശ്വാസം നൽകും. അഴിമതിക്കെതിരെയുള്ള സംവിധാനങ്ങളുടെ ചിറകരിയുന്നതിൽ കേന്ദ്രവും സംസ്ഥാനവും ഒരേതൂവൽപക്ഷികളാണെന്ന പ്രതിപക്ഷ വിമർശനത്തിന് വഴിവയ്ക്കുകയും ചെയ്യും.

നായനാർ സർക്കാരിന്റെ കാലത്ത് സിപിഎമ്മും സിപിഐയും ലോയായുക്തയെ ശക്തിപ്പെടുത്താൻ ഉൾപ്പെടുത്തിയ വകുപ്പുകളിൽ പിണറായി സർക്കാർ വെള്ളം ചേർത്ത നടപടി എൽഡിഎഫിലും നിയമസഭയിലും ചർച്ചയായി നീറിപ്പടർന്നിരുന്നു. കുരയ്ക്കാനറിയുമെങ്കിലും കടിക്കാനറിയാത്ത കാവൽനായയാണ് ഓംബുഡ്സ്മാൻ എന്നും ആവശ്യമെങ്കിൽ കടിക്കാൻ തക്ക അധികാരം കേരളത്തിൽ ലോകായുക്തയ്ക്കു നൽകിയിട്ടുണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ താനടക്കമുള്ളവർക്കെതിരെ കേസ് വന്നപ്പോൾ ആ സംവിധാനത്തിന്റെ പല്ലും നഖവും പറിച്ചെന്നായിരുന്നു വിമർശനം. തിരക്കിട്ടു കൊണ്ടുവന്ന ഓർഡിനൻസിനെതിരെ സിപിഐ പരസ്യമായി ഇടഞ്ഞു; അവരെ മെരുക്കാൻ മുന്നണിക്കുള്ളിൽ മാരത്തൺ ചർച്ചകൾ വേണ്ടിവന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും അഴിമതി നടത്തിയാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ അതു പരിശോധിക്കാനും വിധി പറയാനുമുള്ള അധികാരമാണ് ലോകായുക്തയ്ക്ക് ഉണ്ടായിരുന്നത്. ഇനി ലോകായുക്ത എന്തു വിധിച്ചാലും നിയമസഭയോ മുഖ്യമന്ത്രിയോ സ്പീക്കറോ വിചാരിക്കാതെ ഒരു തുടർനടപടിയും ഉണ്ടാകില്ല.

പൊതുപ്രവർത്തകർക്കെതിരെ അന്വേഷണം നടത്താനുള്ള സംവിധാനം മാത്രമാണ് ലോകായുക്തയെന്നും ജുഡീഷ്യൽ സംവിധാനമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഭേദഗതിയെ സർക്കാർ ന്യായീകരിച്ചത്. അന്വേഷണവും വിധിയും ഒരാൾ തന്നെ നടത്താനുള്ള വകുപ്പ് നിയമത്തിൽ ഉണ്ടെങ്കിൽ ആ പിഴവ് തിരുത്തുകയാണെന്നും വാദിച്ചു. മുഖ്യമന്ത്രിക്കും ചില മന്ത്രിമാർക്കും എതിരെയുള്ള കേസ് ലോകായുക്തയിൽ എത്തിയതിന്റെ ആധിയാണ് ആ ഏജൻസിയെത്തന്നെ നിർവീര്യമാക്കാനുള്ള നീക്കത്തിനു പിന്നിലെന്ന് പ്രതിപക്ഷവും വിമർശിച്ചു.

പിണറായി സർക്കാരിനോടും സഭ പാസാക്കിയ ബില്ലുകളോടും ഗവർണർ മുഖം തിരിച്ചു നിൽക്കുമ്പോൾ അദ്ദേഹംതന്നെ രാഷ്ട്രപതിക്ക് അയച്ച ബില്ലുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഈ ബിൽ രാഷ്ട്രപതി ഒപ്പിട്ടത് സർക്കാരിനു നേട്ടമാണ്. ബിൽ രാഷ്ട്രപതിക്ക് അയച്ചതോടെ ഉടനെങ്ങും അംഗീകാരം കിട്ടില്ലെന്ന കണക്കുകൂട്ടലിലായിരുന്നു നിയമ വകുപ്പും. ബില്ലുകൾ ഒപ്പിടാത്തതിന്റെ പേരിൽ ഗവർണർക്കെതിരെ സുപ്രീംകോടതിയിൽ നടത്തുന്ന കേസിലും സർക്കാരിന് ഇത് ആത്മവിശ്വാസം നൽകും. ഭേദഗതിയെ വിമർശിച്ച കേരളത്തിലെ ബിജെപി ഇനി എന്തു പറയുമെന്ന ചോദ്യം ബാക്കി.

English Summary:

Indian President signed Lokayukta Amendment Bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com