ADVERTISEMENT

കൽപറ്റ ∙ പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ മരിച്ച നിലയിൽ കണ്ടെത്തിയ 2-ാം വർഷ ബിവിഎസ്‌സി വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്. സിദ്ധാർഥൻ (20) നേരിട്ടത് ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളും. ഈമാസം 14 മുതൽ 18ന് ഉച്ച വരെ സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായെന്നു ദൃക്സാക്ഷിയായ വിദ്യാർഥി പറയുന്നു. ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കിയായിരുന്നു മർദനം. 2 ബെൽറ്റുകൾ മുറിയുന്നതു വരെ മർദിച്ചു. തുടർന്ന് ഇരുമ്പുകമ്പിയും വയറുകളും പ്രയോഗിച്ചു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണി നേരിട്ടതായി ഇൗ വിദ്യാർഥി പറയുന്നു. കാര്യങ്ങളെല്ലാം കോളജ് ഡീനിനും ഹോസ്റ്റൽ വാർഡനും അറിയാമായിരുന്നു.

ക്രൂരതയുടെ നാൾവഴി

∙ ഫെബ്രുവരി 14: തലേന്ന് കോളജിലെ പരിപാടിക്കിടെ പെൺകുട്ടിയോട് ഇഷ്ടം തുറന്നുപറഞ്ഞെന്ന പേരിൽ സിദ്ധാർഥനെ ഗ്രൗണ്ടിൽ സീനിയർ വിദ്യാർഥികൾ സംഘം ചേർന്നു ചോദ്യം ചെയ്യുന്നു. തുടർന്ന് മർദനം. (ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല).

∙ ഫെബ്രുവരി 15: രാവിലെ സിദ്ധാർഥൻ അമ്മയെ വിളിച്ച് സ്പോർട്സ് ഡേ ആയതിനാൽ വീട്ടിലേക്കു വരികയാണെന്ന് അറിയിക്കുന്നു.

ഉച്ചയ്ക്ക് 2.20: ചുരത്തിൽ ഗതാഗതക്കുരുക്കാണെന്നും വൈകിട്ടത്തെ ട്രെയിനിലാകും വരികയെന്നും സിദ്ധാർഥൻ ഫോണിൽ അറിയിക്കുന്നു.

വൈകിട്ട് 6.30: വീട്ടിൽനിന്നു വിളിച്ചപ്പോൾ ട്രെയിനിൽ കയറിയെന്ന് പറയുന്നു. പിന്നീട് വിളിച്ചെങ്കിലും കിട്ടിയില്ല.

∙ ഫെബ്രുവരി 16 പുലർച്ചെ 4.00: കോളജിൽ അത്യാവശ്യ കാര്യമുണ്ടെന്നു പറഞ്ഞ് സഹപാഠി വിളിച്ചതിനാൽ എറണാകുളത്തിറങ്ങി മടങ്ങിപ്പോകുകയാണെന്നു സിദ്ധാർഥൻ അറിയിക്കുന്നു.

അന്നു രാവിലെ ക്യാംപസിലെ പാറപ്പുറത്തും വാട്ടർ ടാങ്കിനു സമീപവും സിദ്ധാർഥനെ പ്രതികൾ സംഘം ചേർന്നു മർദിക്കുന്നു. സിദ്ധാർഥൻ പെൺകുട്ടിയോടു അപമര്യാദയായി പെരുമാറിയെന്ന് വൈകിട്ട് പ്രതികളുടെ നേതൃത്വത്തിൽ പ്രചാരണം. സിദ്ധാർഥനെ കോളജിലെ ഒൗദ്യോഗിക വാട്സാപ് ഗ്രൂപ്പുകളിൽനിന്നു പുറത്താക്കുന്നു. (സിദ്ധാർഥനെതിരെ പെൺകുട്ടിയെക്കൊണ്ടു പരാതി കൊടുപ്പിച്ചിരുന്നതായും അക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ക്യാംപസിലേക്കു തിരികെയെത്തിച്ചതെന്നും പറയപ്പെടുന്നു. അറസ്റ്റിലായവരിലൊരാളായ രെഹാനാണ് വിളിച്ചതെന്നും വിവരം).

∙ ഫെബ്രുവരി 17: ഹോസ്റ്റലിന്റെ നടുമുറ്റത്തു പരസ്യവിചാരണ. നഗ്നനാക്കി കയറുകൊണ്ടു കെട്ടിയിട്ട് കൂട്ട മർദനം.

∙ ഫെബ്രുവരി 18: രാവിലെയും മർദനം. ഇതിനിടെ ഫോണിൽ വിളിച്ച അമ്മയോട് 24നു നാട്ടിലെത്താമെന്ന് സിദ്ധാർഥൻ അറിയിക്കുന്നു

ഉച്ചയ്ക്ക് 1.30: സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ഉടുതുണിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ സഹപാഠികൾ കാണുന്നു.

English Summary:

Siddharthan faced mob trial and was beaten naked in front of students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com