ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ചേർന്നു നയിച്ച ‘സമരാഗ്നി’ സംസ്ഥാനതല ജാഥയ്ക്ക് ആവേശോജ്വല സമാപനം. പുത്തരിക്കണ്ടം മൈതാനത്തെ സമാപന വേദിയിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതൃനിരയാകെ അണിനിരന്നു. ജാഥ ഉയർത്തിയ വിഷയങ്ങളിൽ പോരാട്ടം ഇനിയും തുടരുമെന്നും പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകരുടെ റാഗിങ്ങിനെത്തുടർന്നു മരിച്ച സിദ്ധാർഥനു നീതി നേടിയുള്ള പോരാട്ടം കോൺഗ്രസ് ഏറ്റെടുക്കുമെന്നും നേതാക്കൾ പ്രഖ്യാപിച്ചു.

വരാനിരിക്കുന്നതു ലോക്സഭാ തിരഞ്ഞെടുപ്പല്ല, നരേന്ദ്ര മോദിക്കെതിരായ യുദ്ധമാണെന്നു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. ‘കേരളത്തിന്റെ വോട്ട് ബിജെപിക്കെതിരായ പോരാട്ടത്തിൽ രാഹുൽ ഗാന്ധിക്ക് ഊർജമാകും. 

മോദിയുടെ പാർട്ടിയിൽ ആരെങ്കിലും രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായിട്ടുണ്ടോ ? കോൺഗ്രസിൽ ഗാന്ധികുടുംബത്തിലേതുൾപ്പെടെ ആയിരക്കണക്കിനു പേർ രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായി’– അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിലെ ജയവും തോൽവിയുമല്ല, രാജ്യത്തിന്റെ ഭരണഘടന തകർക്കാൻ ശ്രമിക്കുന്നുവെന്നതാണ് കോൺഗ്രസിനെ ചിന്തിപ്പിക്കുന്ന കാര്യമെന്നു മുഖ്യാതിഥിയായ കോൺഗ്രസ് പ്രവർത്തകസമിതിയംഗം സച്ചിൻ പൈലറ്റ് പറഞ്ഞു. പാർട്ടിയും സർക്കാരും വന്നുപോകും; രാജ്യം നിലനിൽക്കണം. ജനങ്ങൾ അനുഭവിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ചുള്ള ഏതു ചോദ്യത്തിനും ക്ഷേത്രം, പള്ളി, ഇന്ത്യ, പാക്കിസ്ഥാൻ, ഹിന്ദു, മുസ്‍ലിം എന്നിങ്ങനെ മാത്രമാണു മോദിയുടെ മറുപടിയെന്നു ഗുജറാത്തിൽനിന്നുള്ള നേതാവ് ജിഗ്നേഷ് മേവാനി പറഞ്ഞു.

English Summary:

Congress Samaragni Yathra Concludes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com