ADVERTISEMENT

കൊച്ചി ∙ വ്യാജ ഐടി കമ്പനികൾ റജിസ്റ്റർ ചെയ്ത് അഴിമതിപ്പണം വെളുപ്പിക്കുന്ന രീതി രാജ്യത്തു വ്യാപകമായതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തി. ചൈനയുമായി ബന്ധപ്പെട്ട ഓൺലൈൻ ചൂതാട്ട കമ്പനി ഗെയിമിങ് ആപ്പുകൾ വഴി സ്വരൂപിച്ച കള്ളപ്പണം സിംഗപ്പൂരിലേക്കു കടത്തി ക്രിപ്റ്റോ കറൻസിയാക്കിയ കേസിന്റെ അന്വേഷണത്തിലാണു പണം കൈമാറിയതു വ്യാജ ഐടി കമ്പനികളുടെ അക്കൗണ്ടുകളിലേക്കാണ് എന്നു മനസ്സിലായത്.

മുംബൈയിലെ ഓൺലൈൻ ചൂതാട്ട കമ്പനിയുടെ സിംഗപ്പൂരിലെ രഹസ്യ ബാങ്ക് അക്കൗണ്ടുകൾ നിയന്ത്രിച്ചിരുന്നതു ഫോർട്ട്കൊച്ചി സ്വദേശി റാഫേൽ ജയിംസ് റൊസാരിയോ ആണെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച സൂചന. ഫോർട്ട്‌ വൈപ്പിനിലെ ബന്ധ‌ുവിന്റെ വിലാസമാണ് ഇയാൾ രേഖകളിൽ നൽകിയിട്ടുള്ളത്. എന്നാൽ ഈ വീട്ടിലെ സാധാരണ ജീവിതസാഹചര്യം റാഫേൽ ഉൾപ്പെട്ട കള്ളപ്പണ ഇടപാടുമായി ഒത്തുപോകുന്നതല്ലെന്ന് ഇ.ഡി. കണ്ടെത്തി.  

ഉന്നതരുടെ അഴിമതിപ്പണവും വഴിവിട്ട ബിസിനസ് ഇടപാടുകളിലൂടെ നേടുന്ന കള്ളപ്പണവും സോഫ്റ്റ്‌വെയർ ബിസിനസിന്റെ മറവിൽ വെളുപ്പിക്കാനുള്ള തട്ടിപ്പുകമ്പനികൾ കൂടുതലായി റജിസ്റ്റർ ചെയ്തിട്ടുള്ളതു കേരളത്തിൽ നിന്നുള്ളവരാണെന്നും അന്വേഷണസംഘം സൂചിപ്പിച്ചു. മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് ഇത്തരം വ്യാജ ഐടി കമ്പനികളുടെ ഓഫിസ് വിലാസം.

പരിശോധന നടത്തുമ്പോൾ പലപ്പോഴും രേഖകളിൽ കാണുന്ന വൻകിട ഐടി ഇടപാടുകൾ നിയന്ത്രിക്കുന്ന ഓഫിസ‌ുകളായി തോന്നാത്ത സാഹചര്യത്തിലായിരിക്കും പ്രവർത്തനം. ആദായനികുതി, ഇ.ഡി. എന്നിവയുടെ നിരീക്ഷണത്തിലാണെന്നു മനസ്സിലാകുന്നതോടെ നികുതി കുടിശിക തീർത്ത് ഇത്തരം വ്യാജ കമ്പനികൾ അടച്ചുപൂട്ടുകയാണ് പതിവ്. 

സിംഗപ്പൂർ കമ്പനിയുടെ മുംബൈ ശാഖയായ എൻഐയുഎം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യയിൽ റജിസ്റ്റർ ചെയ്തു മെട്രോ നഗരങ്ങളിൽ ഓഫിസുള്ള എക്സോഡസ് സോലൂഷൻസ്, വിക്ര ട്രേഡിങ്, ടൈറാനസ് ടെക്നോളജി, ഫ്യൂച്ചർ വിഷൻ മീഡിയ സൊലൂഷൻസ്, അപ്രികിവി സൊലൂഷൻസ് തുടങ്ങിയ കമ്പനികളുടെ രഹസ്യ ബാങ്ക് അക്കൗണ്ടുകളും സമാന്തര ഡിജിറ്റൽ അക്കൗണ്ടുകളുമാണു വൈപ്പിൻ സ്വദേശി റാഫേൽ നിയന്ത്രിച്ചിരുന്നത്.

റാഫേൽ ദുരൂഹ കഥാപാത്രം: ഇ.ഡി.

കൊച്ചി ∙ ഓൺലൈൻ ചൂതാട്ട കമ്പനികളുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.‍ഡി. ചോദ്യം ചെയ്യുന്ന ഫോർട്ട്കൊച്ചി സ്വദേശി റാഫേൽ ജയിംസ് റൊസാരിയോ (30) ദുരൂഹ കഥാപാത്രമാണെന്ന് ഇ.ഡി. സിംഗപ്പൂർ, മുംബൈ നഗരങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഓൺലൈൻ ചൂതാട്ട റാക്കറ്റിൽ ഇയാൾ എങ്ങനെ പങ്കാളിയായെന്ന് അന്വേഷണ സംഘത്തിനു വ്യക്തമായിട്ടില്ല.  

English Summary:

Enforcement Directorate says registering fake IT companies and launder corrupt money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com