മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചത് ഡിവിഷൻ ബെഞ്ചും ശരിവച്ചു

Mail This Article
കൊച്ചി ∙ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവച്ചു. സിംഗിൾ ബെഞ്ചിന്റെ സമാന വിധിക്കെതിരെ റിസർവ് ബാങ്കും യു.എ. ലത്തീഫ് എംഎൽഎയും ഒരു കൂട്ടം സഹകരണ ബാങ്ക് പ്രസിഡന്റുമാരും നൽകിയ അപ്പീലുകൾ പരിഗണിച്ചാണു ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നടപടി. ലയനത്തിനു കേവല ഭൂരിപക്ഷം മതിയെന്ന സഹകരണ നിയമ ഭേദഗതിയെ തുടർന്ന് സഹകരണ റജിസ്ട്രാർ ലയനത്തിന് ഉത്തരവിറക്കിയതു ചോദ്യം ചെയ്തുള്ള ഹർജികൾ സിംഗിൾ ജഡ്ജി തള്ളിയിരുന്നു. ഇതിന് എതിരെയായിരുന്നു അപ്പീൽ.
സഹകരണം സംസ്ഥാന വിഷയമായതിനാൽ തീരുമാനമെടുക്കാൻ അധികാരമുണ്ടന്നു സർക്കാർ വാദിച്ചു. ലയന നടപടിയിൽ ഇടപെട്ടാൽ നിക്ഷേപകരെ ഉൾപ്പെടെ ബാധിക്കും. വിഷയം പൊതുതാൽപര്യമുള്ളതാണെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ, മലപ്പുറം ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചത് കേന്ദ്ര നിയമത്തിനും നിക്ഷേപകരുടെ താൽപര്യത്തിനും എതിരാണെന്നു റിസർവ് ബാങ്ക് വാദിച്ചു. കേന്ദ്രനിയമം നിക്ഷേപകർക്കു പരിരക്ഷ ഉറപ്പാക്കുന്നതാണെന്നും ലയനത്തിനു ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിനു തീരുമാനമെടുക്കാം. മറ്റു 13 ജില്ലാ ബാങ്കുകൾ കേരള ബാങ്കിൽ ലയിപ്പിച്ചതിനു റിസർവ് ബാങ്ക് നൽകിയ അനുമതി തുടരുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.