ADVERTISEMENT

കൊച്ചി ∙ സിപിഎം നേതാവ് പി. ജയരാജനെ 1999ൽ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിചാരണക്കോടതി ശിക്ഷിച്ച 6 പ്രതികളിൽ 5 പേരെ ഹൈക്കോടതി ശിക്ഷ റദ്ദാക്കി വിട്ടയച്ചു. രണ്ടാം പ്രതി ചിരുകണ്ടോത്ത് പ്രശാന്ത് കുറ്റക്കാരനാണെന്നു കണ്ടെത്തിയെങ്കിലും 10 വർഷം തടവുശിക്ഷ ഒരു വർഷമായി കുറച്ചു. ഇയാളിൽനിന്ന് പിഴയായി ഈടാക്കുന്ന 6 ലക്ഷം രൂപ ജയരാജനു നൽകാനും ജസ്റ്റിസ് പി.സോമരാജൻ വിധിച്ചു.

പ്രതികളായ 6 ആർഎസ്എസ് പ്രവർത്തകർക്ക് 10 വർഷം വീതം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് തലശ്ശേരി സെഷൻസ് കോടതി വിധിച്ചിരുന്നത്. ഇതിൽ ഒന്നാം പ്രതി കാടിച്ചേരി അജി, 3 മുതൽ 5 വരെ പ്രതികളായ കൊയ്യോൻ മനു, പാറ ശശി, ഇളംതോട്ടത്തിൽ മനോജ്, 7–ാം പ്രതി ജയപ്രകാശൻ എന്നിവർക്ക് ഹൈക്കോടതി സംശയത്തിന്റെ ആനുകൂല്യം നൽകി. ഇവരിൽ മനോജ് ഇതിനിടെ മരിച്ചു.

വിചാരണക്കോടതി വിട്ടയച്ച 6–ാം പ്രതി ഷിനൂബ്, 8–ാം പ്രതി കൊവ്വേരി പ്രമോദ്, 9–ാം പ്രതി തൈക്കണ്ടി മോഹനൻ എന്നിവരെ ശിക്ഷിക്കണമെന്ന സർക്കാരിന്റെ അപ്പീലും തള്ളി. ഇവരിൽ പ്രമോദ്  മരിച്ചു.

ജയരാജന്റെ ഭാര്യ കേസിലെ കെട്ടിച്ചമച്ച സാക്ഷിയാണെന്ന പ്രതിഭാഗം വാദം അംഗീകരിച്ച കോടതി, കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷന്റെ വീഴ്ചകൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയാണ് വിധി പറഞ്ഞത്.

നീതി ലഭിച്ചില്ല

നീതി ലഭിച്ചില്ല, സർക്കാർ അപ്പീൽ നൽകണം. ഇരയെന്ന നിലയിൽ സുപ്രീം കോടതിയിൽ ഹർജി നൽകാൻ സാധിക്കുമോയെന്ന് നിയമവിദഗ്ധരുമായി ആലോചിക്കും. കേസ് നടപടികളിൽ അസാധാരണത്വം ഉണ്ടായതായി കഴിഞ്ഞ വർഷം ജനുവരി 26ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനു പരാതി നൽകിയിരുന്നു. ആ ബെഞ്ചിനെ മാറ്റണമെന്ന ആവശ്യത്തിൽ നടപടിയുണ്ടായില്ല.-പി.ജയരാജൻ

English Summary:

P.Jayarajan Assasination attempt Case; One found guilty, 5 acquitted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com