രാജകുമാരിയിൽ കാട്ടുപന്നിക്കൂട്ടം തട്ടിവീഴ്ത്തിയ സ്കൂട്ടർ യാത്രക്കാരി അബോധാവസ്ഥയിൽ

Mail This Article
രാജകുമാരി (ഇടുക്കി) ∙ കാട്ടുപന്നിക്കൂട്ടം തട്ടിയതിനെ തുടർന്നു സ്കൂട്ടർ മറിഞ്ഞു ഗുരുതര പരുക്കേറ്റ വീട്ടമ്മ തീവ്രപരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിൽ തുടരുന്നു. ബന്ധുവീട്ടിലെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിനു പോകവേ അപകടത്തിൽപെട്ട ആനച്ചാൽ ഗോപാലകൃഷ്ണ ഭവനിൽ ധന്യ (38) കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിലാണുള്ളത്. തലച്ചോറിൽ മൂന്നിടത്തു ഗുരുതരമായി പരുക്കേറ്റതിനാൽ വലതുകൈയുടെയും കാലിന്റെയും ചലനശേഷിയെ ബാധിച്ചു.
ബോധം വരുമ്പോൾ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടെന്നും പരുക്ക് ഭേദമാകാൻ ആഴ്ചകൾ വേണ്ടിവരുമെന്നും ഡോക്ടർമാർ അറിയിച്ചു.
ടീ കമ്പനി മൃഗാശുപത്രിക്കു സമീപം ബുധനാഴ്ച രാവിലെയാണു ധന്യ അപകടത്തിൽപെട്ടത്. പത്തിലധികം കാട്ടുപന്നികൾ റോഡിലൂടെ വിരണ്ടോടിയെത്തി സ്കൂട്ടറിൽ തട്ടുകയായിരുന്നു. നിലത്തുവീണ ധന്യയുടെ തലയ്ക്കും മുഖത്തും ഹെൽമറ്റ് ധരിച്ചിട്ടും ഗുരുതരമായി പരുക്കേറ്റു.
കാട്ടുപന്നികളുടെ രൂപത്തിലെത്തി;കരുണയില്ലാത്ത ദുരന്തം
സ്വന്തമായി വീടില്ലാത്ത ധന്യയും ഭർത്താവ് നന്ദകുമാറും ആനച്ചാലിൽ വാടക വീട്ടിലാണു താമസിക്കുന്നത്. നന്ദകുമാർ ആനച്ചാലിലുള്ള ഡ്രൈവിങ് സ്കൂളിൽ ജോലിചെയ്യുന്നു.
കുടുംബം പുലർത്താനായി കേക്ക് നിർമിച്ച് നൽകുന്ന ക്രീമി ക്രിയേഷൻ എന്ന സംരംഭം ഭർത്താവിനൊപ്പം ധന്യ നടത്തുന്നുണ്ട്. 3 വർഷത്തോളമായി വീട്ടിൽതന്നെയാണു കേക്ക് നിർമാണവും വിൽപനയും.
ഏക മകൻ മാധവ് എറണാകുളത്തെ സ്വകാര്യ കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്. കുടുംബത്തെ കണ്ണീരണിയിച്ച ദുരന്തത്തിന്റെ നടുക്കത്തിലാണ് കുടുംബാംഗങ്ങൾ.