ADVERTISEMENT

കൊച്ചി∙ പെൺകുട്ടി ആൺകുട്ടിയേക്കാൾ മോശമാണെന്ന ചിന്ത അവസാനിപ്പിക്കേണ്ട കാലമായെന്നു‌ം സ്ത്രീയുടെ ഗർഭപാത്രത്തിലാണു ജീവൻ ഉടലെടുക്കുന്നതെന്ന് ഓർക്കണമെന്നും ഹൈക്കോടതി. ആൺകുട്ടിയുണ്ടാകാൻ ശാരീരിക ബന്ധം എങ്ങനെ വേണമെന്നുള്ള കുറിപ്പ് കൈമാറിയ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയ നിരോധന നിയമപ്രകാരം നടപടി ആവശ്യപ്പെട്ടു യുവതി നൽകിയ ഹർജി പരിഗണിക്കവെയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാക്കാലുള്ള പരാമർശം. ആൺകുട്ടിക്കു ജന്മം നൽകാൻ വേണ്ട നിർദേശങ്ങൾ ഭർതൃവീട്ടുകാർ യുവതിക്കു കൈമാറിയിട്ടുണ്ടെങ്കിൽ അത് അധാർമികമാണ്. എന്നാൽ ഏതു നിയമം ബാധകമാകുമെന്ന് ഇപ്പോൾ വ്യക്തതയില്ലെന്നു കോടതി പറഞ്ഞു.

അതേസമയം, ഹർജിക്കാരിക്കു കുറിപ്പ് നൽകുകയോ നിർബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നും ഒരു മാസികയിൽ വന്ന ലേഖനത്തിന്റെ പരിഭാഷയാണതെന്നും ഭർതൃവീട്ടുകാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. ഏതായാലും ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുമ്പോൾ, അതും ഈ നൂറ്റാണ്ടിൽ, അതത്ര നിസ്സാരമായി കാണാനാവില്ലെന്നു കോടതി പ്രതികരിച്ചു. വിവാഹം നടന്ന 2012 ഏപ്രിൽ 12നു വൈകിട്ട് ഭർത്താവും മാതാപിതാക്കളും കൂടി ‘നല്ല ആൺകുട്ടി ഉണ്ടാകാൻ’ എന്നു പറഞ്ഞ് കുറിപ്പ് കൈമാറിയെന്നാണു പരാതി. 12 വർഷം കഴിഞ്ഞ് ഇപ്പോൾ ആദ്യമായി ആരോപണം ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്ന് അഭിഭാഷകൻ ചോദിച്ചു. കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ചു തർക്കം നിലവിലുണ്ട്. വിവാഹമോചന കേസ് പരിഗണനയിലുണ്ട്. ഹർജിയിൽ മറുപടി സത്യവാങ്മൂലം നൽകാൻ സമയം അനുവദിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് ഹർജി 28ലേക്കു മാറ്റി.

English Summary:

Time to stop thinking girl is worse than boy says Kerala High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com