ഡീനിനും കായികാധ്യാപകനും എതിരെ നടപടി വേണം: മന്ത്രിമാരോട് പിതാവ്
Mail This Article
തിരുവനന്തപുരം∙ മരിച്ച സിദ്ധാർഥന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനായി, മന്ത്രിമാരായ ജെ.ചിഞ്ചുറാണിയും വി.ശിവൻകുട്ടിയും വീട്ടിലെത്തി. പൂക്കോട് വെറ്ററിനറി കോളജ് ഡീൻ ഡോ. എം.കെ.നാരായണനും കായികാധ്യാപകൻ ഡോ. ആർ.കാന്തനാഥനും എതിരെ നടപടി വേണമെന്ന് സിദ്ധാർഥന്റെ പിതാവ് മന്ത്രി ചിഞ്ചുറാണിയോട് ആവശ്യപ്പെട്ടു. എന്നാൽ, ഡീൻ നല്ല മനുഷ്യനാണെന്നും ഇത്തരം അക്രമങ്ങൾക്കു കൂട്ടുനിൽക്കില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. സംഭവത്തിനു പിന്നിൽ ആരാണെങ്കിലും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലർ ഡോ. എം.ആർ.ശശീന്ദ്രനാഥ്, ജെബി മേത്തർ എംപി, എം.എം.ഹസൻ തുടങ്ങിയവരും വീട്ടിലെത്തി.
പൂക്കോട് വെറ്ററിനറി കോളജ് ഡീനിനെതിരെ തൃശൂരിൽ പരാതി; കൊക്കാല മൃഗാശുപത്രി വളപ്പിലെ ക്വാർട്ടേഴ്സ് അനധികൃതമായി കൈവശപ്പെടുത്തിയെന്ന്
തൃശൂർ ∙ വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവിധേയനായ കോളജ് ഡീനിനെതിരെ തൃശൂരിലും പരാതി. വെറ്ററിനറി സർവകലാശാലയ്ക്കു കീഴിൽ കൊക്കാല മൃഗാശുപത്രി വളപ്പിലുള്ള ഡോക്ടർ ക്വാർട്ടേഴ്സുകളിലൊന്ന് പൂക്കോട് കോളജ് ഡീൻ ഡോ. എം.കെ.നാരായണൻ അനധികൃതമായി കൈവശപ്പെടുത്തിയെന്നാണു പരാതി.
നേരത്തേ കൊക്കാലയിൽ സേവനം ചെയ്തിരുന്ന ഡോക്ടർ, ഡീൻ ആയി സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലംമാറിപ്പോയിട്ടും ക്വാർട്ടേഴ്സ് ഒഴിയുന്നില്ലെന്നാണ് ആക്ഷേപം. ഇതിനെതിരെ പറവട്ടാനി സ്വദേശി ആന്റോ ഡി.ഒല്ലൂക്കാരൻ മന്ത്രി ജെ.ചിഞ്ചുറാണിക്കു പരാതി നൽകിയിരുന്നു. തുടർന്നു മന്ത്രി വെറ്ററിനറി സർവകലാശാലയോടു റിപ്പോർട്ട് ആവശ്യപ്പെടുകയും ക്വാർട്ടേഴ്സ് ഒഴിഞ്ഞ് മൃഗാശുപത്രി മേധാവിക്കു കൈമാറണമെന്നു റജിസ്ട്രാർ നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെ ഡീൻ ക്വാർട്ടേഴ്സ് കൈമാറിയിട്ടില്ല. ക്വാർട്ടേഴ്സ് ഒഴിയാൻ മൃഗസംരക്ഷണ വകുപ്പു സെക്രട്ടറി നിർദേശിച്ചെങ്കിലും അവഗണിച്ചു.
ഒരേസമയം ഔദ്യോഗികവസതിയും സർവകലാശാലാ ക്വാർട്ടേഴ്സും കൈവശം വയ്ക്കാൻ ചട്ടമില്ല. വയനാട്ടിൽ സർവകലാശാലാ ക്യാംപസിൽ വാടകരഹിത വസതിയുള്ള ഡീൻ രണ്ടാമതൊരു ക്വാർട്ടേഴ്സ് കൈവശം വയ്ക്കുന്നത് അനുവദിക്കരുതെന്നാണു പരാതിയിലുള്ളത്.
പൂക്കോട് ക്യാംപസിലെ ആൺകുട്ടികളുടെ ഹോസ്റ്റലിനു സമീപമാണു ഹോസ്റ്റൽ വാർഡന്റെ ചുമതല കൂടി വഹിക്കുന്ന ഡീൻ നാരായണന്റെ വസതി. എന്നിട്ടും ആന്റി റാഗിങ് സെല്ലിനു വിദ്യാർഥികൾ പരാതി നൽകിയപ്പോഴാണു ഡീൻ ഉൾപ്പെടെ അധികൃതർ സംഭവത്തിൽ ഇടപെടുന്നത്. വിദ്യാർഥി 4 ദിവസത്തോളം ക്രൂരമർദനത്തിന് ഇരയായിട്ടും ഒന്നുമറിഞ്ഞില്ലെന്ന കോളജ് അധികൃതരുടെ നിലപാടിൽ ദുരൂഹതയുണ്ട്.