ADVERTISEMENT

തിരുവനന്തപുരം ∙ ദുരന്ത നിവാരണ നിയമത്തിന്റെ മറവിൽ കോടിക്കണക്കിനു രൂപയുടെ ധാതുമണൽ ഖനനം നടത്തിയതിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ പ്രത്യേക വിജിലൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ തൈക്കണ്ടിയിൽ ഉൾപ്പെടെ 7 പേരാണ് എതിർ കക്ഷികൾ. ഹർജി പരിഗണിച്ച കോടതി ഈ മാസം 14 ന് റിപ്പോർട്ട് നൽകാൻ വിജിലൻസിനോടു നിർദേശിച്ചു.

മുഖ്യമന്ത്രിക്കും മകൾക്കും പുറമേ, സിഎംആർഎൽ ഉടമ എസ്.എൻ.ശശിധരൻ കർത്ത, സിഎംആർഎൽ, കെഎംഎംഎൽ, ഇന്ത്യൻ റെയർ എർത്‌സ് ലിമിറ്റഡ്, എക്സാലോജിക് എന്നിവരാണ് എതിർ കക്ഷികൾ. തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും ധാതുമണൽ ഖനനത്തിനായി കർത്ത സ്ഥലം വാങ്ങിയെങ്കിലും 2004 ലെ സംസ്ഥാന ഉത്തരവും കേന്ദ്ര നിയമങ്ങളും എതിരായതിനാൽ ഖനനാനുമതി ലഭിച്ചിരുന്നില്ല. കേരള ഭൂവിനിമയ ചട്ട പ്രകാരം ഈ ഭൂമിക്ക് ഇളവു ലഭ്യമാക്കാനുള്ള കർത്തയുടെ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ സിഎംആർഎല്ലുമായി കരാറിൽ ഏർപ്പെട്ടത്. ‌ഇതിനു ശേഷം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് റവന്യു വകുപ്പിനോട് കർത്തയുടെ അപേക്ഷയിൽ പുനഃപരിശോധനയ്ക്കു നിർദേശിച്ചെന്നു ഹർജിയിൽ ആരോപിച്ചു. 

2018 ലെ വെള്ളപ്പൊക്കത്തിന്റെ മറവിൽ കുട്ടനാട്ടിലെ ജനങ്ങളെ സംരക്ഷിക്കാനെന്ന പേരിൽ തോട്ടപ്പള്ളി സ്പിൽവേയുടെ അഴിമുഖത്ത് നിന്ന് ഏകദേശം 2000 കോടി രൂപ വിലയുള്ള ഇൽമനൈറ്റും 85000 ടൺ റൂട്ടൈലും ഖനനം ചെയ്തു. സർക്കാർ അധീനതയിലുള്ള കെഎംഎംഎൽ ഖനനം ചെയ്യുന്ന മണൽ നിസ്സാര തുകയ്ക്ക് സിഎംആർഎൽ സംഭരിക്കുന്നെന്നും ആരോപിച്ചിട്ടുണ്ട്.

English Summary:

Mineral Sand Mining: Mathew Kuzhalnadan's petition against Chief Minister Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com