ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ഏറ്റവും രൂക്ഷമായ ഘട്ടത്തിലേക്കു കടന്നതോടെ ചരിത്രത്തിലാദ്യമായി കേരളത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി. മുൻപും ട്രഷറി പ്രതിസന്ധിയിലായി ബില്ലുകൾ പാസാക്കുന്നതു നിർത്തിവച്ചിട്ടുണ്ടെങ്കിലും അതൊന്നും ശമ്പളദിവസങ്ങളിലായിരുന്നില്ല. അതിനാൽ ശമ്പളം മുടങ്ങുന്നത് ഒഴിവായിരുന്നു. എന്നാൽ, ഇന്നലെ ട്രഷറിയിൽ ശമ്പളവും പെൻഷനും നൽകാൻ പണം ഇല്ലാതെ വന്നതോടെ ജീവനക്കാരുടെ ട്രഷറി ശമ്പള അക്കൗണ്ടുകൾ സർക്കാർ മരവിപ്പിച്ചു. അക്കൗണ്ടിൽ ശമ്പളം എത്തിയിട്ടുണ്ടെന്നു കാണിച്ചെങ്കിലും ഇൗ തുക ബാങ്കിലേക്കു കൈമാറാനോ പണമായി പിൻവലിക്കാനോ കഴിഞ്ഞില്ല.

5 ലക്ഷം പെൻഷൻകാരിൽ ബാങ്കു വഴി പെൻഷൻ വാങ്ങുന്ന ഒന്നേകാൽ ലക്ഷം പേരുടെ അക്കൗണ്ടുകളിലേക്കും രാവിലെ പണമെത്തിക്കാൻ കഴിഞ്ഞില്ല. വൈകിട്ട് 5നാണ് ഇതിനുള്ള പണം കൈമാറിയത്. ഇവർ‌ക്ക് ഇന്നു പെൻഷൻ കൈപ്പറ്റാം. എന്നാൽ, ട്രഷറിയിൽനിന്നു നേരിട്ടു പെൻഷൻ കൈപ്പറ്റുന്നവർക്കു തടസ്സം നേരിട്ടിട്ടില്ല. ആകെയുള്ള അഞ്ചേകാൽ ലക്ഷം സർക്കാർ ജീവനക്കാരിൽ സെക്രട്ടേറിയറ്റ്, റവന്യു, പൊലീസ്, ട്രഷറി, ജിഎസ്ടി തുടങ്ങിയ വകുപ്പുകളിലെ ഒരു ലക്ഷത്തോളം ജീവനക്കാർക്കാണ് ആദ്യ ദിവസം ശമ്പളം നൽകുന്നത്.

ആദ്യം ട്രഷറിയിലെ ഇടിഎസ്ബി (എംപ്ലോയീ ട്രഷറി സേവിങ്‌സ് ബാങ്ക്) അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പണം അവിടെനിന്ന് ബാങ്കിലേക്കു പോകുന്ന തരത്തിലാണു ക്രമീകരിച്ചിട്ടുള്ളത്. എന്നാൽ, ഇന്നലെ ഇടിഎസ്ബിയിലേക്ക് എത്തിയതായി കാണിച്ച പണം ബാങ്കിലേക്കു പോയില്ല. ജീവനക്കാർ ഇടിഎസ്ബിയിൽ നിന്ന് ഓൺലൈനായി പണം ബാങ്കിലേക്കു മാറ്റാൻ ശ്രമിച്ചെങ്കിലും അക്കൗണ്ട് മരവിപ്പിച്ച നിലയിലായിരുന്നു.

ശമ്പളം നൽകിയെന്നു വരുത്താനാണ് സർക്കാർ ഇൗ വളഞ്ഞ വഴി സ്വീകരിച്ചത്. ഇന്നു ശമ്പളം വിതരണം ചെയ്യാൻ കഴിയുമോ എന്നാരാഞ്ഞപ്പോൾ വ്യക്തമായ ഉത്തരം നൽകാൻ ധനവകുപ്പിനോ ട്രഷറി അധികൃതർക്കോ കഴിഞ്ഞില്ല. സാങ്കേതികതടസ്സം കാരണമാണു ശമ്പളം അക്കൗണ്ടിൽ എത്താത്തത് എന്നാണ് ഒൗദ്യോഗിക വിശദീകരണം. 

English Summary:

Salary freezes for the first time in history due to financial crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com