ADVERTISEMENT

ആലപ്പുഴ ∙ സൈബർ തട്ടിപ്പിലൂടെ മാന്നാർ സ്വദേശിക്കു 2.67 കോടി രൂപ നഷ്ടമായ സംഭവത്തിൽ മലപ്പുറം സ്വദേശികളായ 3 പേർ അറസ്റ്റിൽ. ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ കബളിപ്പിച്ചു തട്ടിയെടുത്ത തുക ബാങ്ക് അക്കൗണ്ടിൽ നിന്നു പിൻവലിക്കാനാണ് ഇവർ സഹായിച്ചതെന്നു ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു.

തട്ടിപ്പിനിരയായവർ നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നതിനു തൊട്ടുപിന്നാലെ, ഈ പണം എത്തിച്ചേർന്ന ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും. അങ്ങനെ ചെയ്യണമെന്നാണു നിയമം. ഇങ്ങനെ അക്കൗണ്ട് മരവിപ്പിക്കുന്നതിനു മുൻപേ അതു മറ്റു ചിലരുടെ അക്കൗണ്ടുകളിലേക്കു കൈമാറുകയാണു തട്ടിപ്പുകാർ ചെയ്യുക. ഇപ്പോൾ അറസ്റ്റിലായവരുടെ അക്കൗണ്ടുകളാണ് ഇതിനായി ഉപയോഗിച്ചത്. കമ്മിഷൻ കൈപ്പറ്റി അവർ ഇതു പിൻവലിച്ചു കുഴൽ‍പ്പണ സംഘങ്ങൾക്കു കൈമാറി. അവർ വഴിയാണു തട്ടിപ്പുകാർ പണം കൈപ്പറ്റിയിരുന്നത്.

മലപ്പുറം ഏറനാട് താലൂക്കിൽ കാവന്നൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ ഏലിയാപറമ്പിൽ ഷമീർ പൂന്തല (38), കാവന്നൂർ ഏഴാം വാർഡിൽ വാക്കാലൂർ കിഴക്കേത്തല കടവിടനടുത്ത് അടക്കണ്ടിയിൽ അബ്ദുൽ വാജിദ് (23), 12ാം വാർഡിൽ പൂന്തല വീട്ടിൽ ഹാരിസ് (ചെറിയോൻ– 35) എന്നിവരാണ് അറസ്റ്റിലായത്. പിൻവലിക്കുന്ന പണം ബെംഗളൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന കൊടുവള്ളി സ്വദേശി ഷുഹൈബിന് എത്തിക്കാനും ഇവരോടു നിർദേശിച്ചിരുന്നു. സ്ഥിരമായി വിദേശ യാത്ര നടത്തുന്നയാളാണു ഷുഹൈബ് എന്നു കണ്ടെത്തി. ഇയാൾ വിദേശത്തേക്കു കടക്കാതിരിക്കാൻ ക്രൈംബ്രാഞ്ച് നടപടി സ്വീകരിച്ചു. വൻ റാക്കറ്റിലെ കണ്ണികൾ മാത്രമാണ് അറസ്റ്റിലായതെന്നും ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എസ്.അരുൺ അറിയിച്ചു. 

വിദേശസർവീസിനു ശേഷം നാട്ടിലെത്തി വിശ്രമജീവിതം നയിക്കുന്നയാളാണു തട്ടിപ്പിനിരയായത്.  ഡിസംബർ മുതൽ ജനുവരി 20 വരെ 32 ഇടപാടുകളിലായി 2.67 കോടി രൂപയാണ് ഇദ്ദേഹത്തിൽ നിന്നു തട്ടിയെടുത്തത്. ഓൺലൈൻ ട്രേഡിങ്ങിനു ക്ഷണിച്ചു  ടെലിഗ്രാം ആപ്പിൽ വന്ന സന്ദേശത്തിൽ വിശ്വസിച്ചാണു തുക നിക്ഷേപിച്ചത്.

6.18 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പ്; 4 യുവാക്കൾ പിടിയിൽ

തൊടുപുഴ ∙ ഓൺലൈൻ തട്ടിപ്പിലൂടെ യുവതിയിൽ നിന്ന് 6.18 ലക്ഷം രൂപ കവർന്ന കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പട്ടിമറ്റം മുരയിൻചിറ ഫാരിസ് (24), ബന്ധു റമീസ് (22), വടുതല ചേരാനല്ലൂർ ബൈതുൾ നസറിൽ ഫസൽ (21), കുമാരപുരം പുളിക്കൽ വീട്ടിൽ സംഗീത് (22) എന്നിവരാണു പിടിയിലായത്.

തൊടുപുഴ സ്വദേശിനിയാണു തട്ടിപ്പിനിരയായത്. ടെലിഗ്രാം ആപ് വഴി യുവതിക്കു കിട്ടിയ ലിങ്കിൽ പറയുന്ന ടാസ്‌കുകൾ പൂർത്തിയാക്കിയാൽ ആകർഷകമായ സമ്മാനം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 

ടാസ്‌ക്കിലേക്കു കടക്കണമെങ്കിൽ ഗൂഗിൾ പേ വഴി നിശ്ചിത തുക അയച്ചു കൊടുക്കണമെന്നും ടാസ്‌ക് പൂർത്തിയാക്കിയാൽ ഇരട്ടിയോളം തുക തിരിച്ചു കൊടുക്കുമെന്നുമാണ് പറഞ്ഞിരുന്നത്. യുവതി 6.18 ലക്ഷം രൂപ പലതവണയായി നൽകിയെന്നു പൊലീസ് പറയുന്നു.

ടാസ്‌ക്കിലൂടെ കിട്ടിയ പണം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചെന്നു കാട്ടി തട്ടിപ്പുകാർ പിന്നീട് ഒരു സന്ദേശവും യുവതിക്ക് അയച്ചു. ബാങ്കിൽ അന്വേഷിച്ചപ്പോഴാണു തട്ടിപ്പു നടന്നതായി ബോധ്യപ്പെട്ടത്. തുടർന്നു തൊടുപുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു.

English Summary:

Cyber Fraud Arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com