സർവകലാശാലയിൽ നടന്നത് കൊലപാതകം: ഗവർണർ

Mail This Article
തിരുവനന്തപുരം ∙ ജെ.എസ്.സിദ്ധാർഥന്റെ മരണത്തെ കുറിച്ചുള്ള ജുഡീഷ്യൽ അന്വേഷണത്തിന്റെ വിശദാംശങ്ങൾ 3 ദിവസത്തിനകം തീരുമാനിക്കുമെന്നും യഥാർഥത്തിൽ അവിടെ നടന്നതു കൊലപാതകമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ.വൈസ് ചാൻസലറെ പുറത്താക്കുന്നതിനു ജുഡീഷ്യൽ അന്വേഷണം ആവശ്യമാണെന്നു പറയുന്നു. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളെക്കുറിച്ചും ജുഡീഷ്യൽ അന്വേഷണം നടത്തും. അന്വേഷണത്തിനു ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചതായും അദ്ദേഹം പറഞ്ഞു.
തുടർച്ചയായി 3 ദിവസം വിദ്യാർഥിക്കു പീഡനം നേരിടേണ്ടി വന്നു. ഭക്ഷണം പോലും ലഭിച്ചിരുന്നില്ലെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. ഇതൊന്നും സർവകലാശാലാ അധികൃതർ അറിഞ്ഞില്ലെന്നു പറയുന്നതിനു പിന്നിൽ ദുരൂഹതയുണ്ട്. മരണമുണ്ടായ ഉടൻ അക്കാര്യം അവർ ചാൻസലർക്കു റിപ്പോർട്ട് ചെയ്യണമായിരുന്നു. റിപ്പോർട്ട് നൽകിയതു കഴിഞ്ഞദിവസമാണ്.കേരള പൊലീസ് മികച്ച സേനയാണെങ്കിലും അവർക്കു പ്രവർത്തന സ്വാതന്ത്ര്യമില്ല. പൊലീസിനെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്താൻ കഴിയില്ല. ഗവർണർ കുറ്റപ്പെടുത്തി.
"റാഗിങ്ങുമായി ബന്ധപ്പെട്ടു നേരത്തെ പരാതികളൊന്നും ലഭിച്ചില്ല. ദാരുണമായ സംഭവം അറിഞ്ഞില്ല. അതിനു ശേഷം എല്ലാ ദിവസവും ചാൻസലർക്ക് റിപ്പോർട്ട് നൽകിയിരുന്നു. വാച്ച് ആൻഡ് വാർഡ്, വാർഡൻ എന്നിവർ സംഭവം കൃത്യസമയത്തു റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ സസ്പെൻഷൻ ഓർഡർ തയാറാക്കുന്നതിനിടെയാണ് ചാൻസലറുടെ സസ്പെൻഷൻ ഉത്തരവ് വരുന്നത്. സസ്പെൻഷനെതിരെ നിയമനടപടിക്കു പോകുന്നില്ല. ഇനി 5 മാസം കൂടിയേ സർവീസ് ഉള്ളൂ." - സസ്പെൻഷനിലായ വിസി ഡോ. എം.ആർ. ശശീന്ദ്രനാഥ്