രണ്ടാം ദിനവും ശമ്പളമില്ല; ഇതുവരെ ശമ്പളം മുടങ്ങിയത് മൂന്നര ലക്ഷത്തോളം ജീവനക്കാർക്ക്
Mail This Article
തിരുവനന്തപുരം ∙ ഖജനാവിൽ ആവശ്യത്തിനു പണമില്ലാത്തതിനാൽ രണ്ടാം ദിവസവും സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകാനായില്ല. ഇതോടെ ആദ്യ രണ്ടു ദിവസങ്ങളിലായി ശമ്പളം മുടങ്ങിയ സർക്കാർ ജീവനക്കാരുടെ എണ്ണം മൂന്നര ലക്ഷത്തോളമായി. ഇന്നലെ അധ്യാപകർക്കും ആരോഗ്യ വകുപ്പു ജീവനക്കാർക്കുമാണു ശമ്പളം നൽകേണ്ടിയിരുന്നത്. ഇൗ രണ്ടു വിഭാഗങ്ങളിലുമായി രണ്ടര ലക്ഷത്തോളം ജീവനക്കാരുണ്ട്.
ശമ്പളം വിതരണം ചെയ്തെന്നു വരുത്താനായി ജീവനക്കാരുടെ ഇടിഎസ്ബി (എംപ്ലോയീ ട്രഷറി സേവിങ്സ് ബാങ്ക്) അക്കൗണ്ടിൽ പണം ശമ്പളം നിക്ഷേപിച്ചെങ്കിലും ഇതിൽനിന്നു പിൻവലിക്കാനോ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാനോ കഴിയാത്ത തരത്തിൽ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ചു പ്രതിപക്ഷ സർവീസ് സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.
ശമ്പളം ലഭിക്കാത്തത് ട്രഷറിയിൽനിന്നു ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം കൈമാറുന്നതിലെ സാങ്കേതിക തടസ്സമാണെന്നു ധനമന്ത്രിയടക്കം വാദിക്കുന്നുണ്ടെങ്കിലും എന്തു തടസ്സമാണെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥർക്കു മറുപടിയില്ല. ഒന്നേകാൽ ലക്ഷം പെൻഷൻകാരുടെ പണം വെള്ളിയാഴ്ച ട്രഷറിയിൽനിന്ന് അവരുടെ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റുന്നതിന് ഒരു തടസ്സവും നേരിട്ടിരുന്നില്ല.
ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കു നാളെ പണമെത്തിക്കാൻ കഴിയുമെന്നാണ് ട്രഷറി അധികൃതരുടെ പ്രതീക്ഷ. എന്നാൽ, നാളെ ഒറ്റ ദിവസം കൊണ്ടു മുഴുവൻ സർക്കാർ ജീവനക്കാർക്കും (5.25 ലക്ഷം) ശമ്പളം നൽകാൻ കഴിയണമെന്നില്ല. ബാങ്ക് വഴിയും ട്രഷറി വഴിയും പെൻഷൻ കൈപ്പറ്റുന്നതിന് ഇപ്പോൾ തടസ്സമില്ല. ട്രഷറിയിലെ സ്ഥിരനിക്ഷേപത്തിന്റെ പലിശ നേരിട്ടെത്തി പിൻവലിക്കാം. ഓൺലൈനായി ബാങ്കിലേക്കു പണം മാറ്റുന്നതിനു തടസ്സം നേരിടുന്നുണ്ട്.