ആറ്റിങ്ങൽ: മന്ത്രിയും എംപിയും എംഎൽഎയും കളത്തിൽ
Mail This Article
ചരിത്രമെടുത്താൽ ഇടതുപക്ഷത്തിനു മേൽക്കൈ, സിറ്റിങ് എംപി പക്ഷേ യുഡിഎഫ്, ബിജെപിക്ക് കഴിഞ്ഞ തവണ ഏറ്റവും വോട്ടുവിഹിതം കൂടിയ മണ്ഡലം. മൂന്നു കൂട്ടർക്കും ആറ്റിങ്ങലിൽ ആഞ്ഞിറങ്ങാം. കേന്ദ്രമന്ത്രിയും എംപിയും എംഎൽഎയും ഏറ്റുമുട്ടുന്ന ഗ്ലാമർ മണ്ഡലമായി ആറ്റിങ്ങൽ മാറുന്നു. കേന്ദ്രമന്ത്രി വി.മുരളീധരന്റെ പേര് ഇന്നലെയാണ് ബിജെപി പ്രഖ്യാപിച്ചതെങ്കിലും കളം ഒരാഴ്ച മുൻപേ തെളിഞ്ഞതാണ്.
ഏറെ നാളായി ആറ്റിങ്ങൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മുരളീധരനാകും സ്ഥാനാർഥിയെന്ന് ഉറപ്പായിരുന്നു. കോൺഗ്രസിൽ പ്രഖ്യാപനം വന്നില്ലെങ്കിലും സിറ്റിങ് എംപി അടൂർ പ്രകാശ് തന്നെയാകും പോരിനിറങ്ങുക എന്നതിൽ സംശയമില്ല. ഉദ്വേഗം സിപിഎം സ്ഥാനാർഥി ആര് എന്നതിനെച്ചൊല്ലി മാത്രമായി. വി.ജോയിയാണ് മണ്ഡലം തിരിച്ചു പിടിക്കാൻ പ്രാപ്തൻ എന്ന് ഒടുവിൽ വിലയിരുത്തി സ്ഥാനാർഥിപ്പട്ടിക ആദ്യം പ്രഖ്യാപിച്ചത് സിപിഎം.
1991 ൽ തലേക്കുന്നിൽ ബഷീറിനെ സുശീല ഗോപാലൻ തോൽപിച്ചതോടെ കൈവിട്ടു പോയ മണ്ഡലം കഴിഞ്ഞതവണ അടൂർ പ്രകാശിലൂടെയാണ് കോൺഗ്രസ് തിരിച്ചുപിടിച്ചത്. തിരഞ്ഞെടുപ്പ് കളരിയിലെ പയറ്റിത്തെളിഞ്ഞ പോരാളി എന്ന പ്രകാശിന്റെ പരിവേഷത്തിൽ തന്നെയാണ് കോൺഗ്രസിനു പ്രതീക്ഷ. അഞ്ചു വർഷം മുൻപ് അപരിചിതനായി വന്ന് ആറ്റിങ്ങൽ കീഴടക്കിയ പ്രകാശ് ഇപ്പോൾ ആറ്റിങ്ങലുകാർക്ക് സുപരിചിതനുമാണ്.
മൂന്നു വർഷം മുൻപ് എറണാകുളത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധി പോലും അല്ലാത്ത വി.ജോയി സമ്മേളനത്തെ അമ്പരപ്പിച്ചുകൊണ്ടാണ് സംസ്ഥാന കമ്മിറ്റി അംഗമായത്. സമ്മേളന പ്രതിനിധി അല്ലാത്തവരെ അംഗമാക്കുന്നതിന് സാങ്കേതികമായി തടസ്സമില്ലെങ്കിലും സാധാരണ പാർട്ടി അങ്ങനെ ചെയ്യാറില്ല. തിരുവനന്തപുരത്തെ പാർട്ടിയിൽ വിവാദങ്ങളും തർക്കങ്ങളും മൂർച്ഛിച്ച ഘട്ടത്തിൽ എല്ലാവരെയും കൂട്ടിയിണക്കുന്ന പുതിയ ജില്ലാ സെക്രട്ടറിക്കു വേണ്ടിയുള്ള സംസ്ഥാന നേതൃത്വത്തിന്റെ അന്വേഷണവും എത്തി നിന്നത് വർക്കല എംഎൽഎ കൂടിയായ ജോയിയിൽ. രാഷ്ട്രീയ രാശി തെളിഞ്ഞ ഈ സമയത്ത് ഒരു ‘പ്രമോഷൻ’ നൽകുന്ന ‘ജോയ്’ കൂടി ജോയിയുടെ മുഖത്തു തെളിയുമോ എന്നതിന് ആറ്റിങ്ങൽ ഉത്തരം നൽകും.
ബിജെപിയിലെ ചേരിതിരിവുകളിൽ ശോഭ സുരേന്ദ്രനും വി.മുരളീധരനും രണ്ടറ്റത്തെങ്കിലും കഴിഞ്ഞ തവണ ശോഭ ആറ്റിങ്ങലിൽ നേടിയ 2,48,081 എന്ന വോട്ടു വിഹിതത്തിൽ പ്രതീക്ഷ വച്ചാണ് മുരളീധരൻ ആറ്റിങ്ങൽ തിരഞ്ഞെടുത്തത്. 2014ൽ കിട്ടിയതിലും ഒന്നര ലക്ഷത്തിലേറെ വോട്ടാണ് ശോഭ ബിജെപിക്കായി പിടിച്ചെടുത്തത്. കേന്ദ്രമന്ത്രി എന്ന നിലയിൽ ബിജെപിയുടെ കേരളത്തിലെ പ്രമുഖനായ മുരളീധരൻ ആറ്റിങ്ങലിന്റെ അകംപുറം മനസ്സിലാക്കുക കൂടി ചെയ്ത ശേഷമാണ് മണ്ഡലം ഉറപ്പിച്ചത്.
മൂന്നു സ്ഥാനാർഥികളും ഒരേ സമുദായത്തിൽ നിന്നാണ്. ചിറയിൻകീഴും പിന്നെ പേരുമാറി ‘ആറ്റിങ്ങലു’മായി നടന്ന തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിനു 11 ജയം; കോൺഗ്രസിന് ആറും. നിയമസഭാ സീറ്റുകളിൽ ഏഴും എൽഡിഎഫിനൊപ്പം, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് ഒഴികെ ആറിടത്തും ലീഡ് പക്ഷേ യുഡിഎഫിനായിരുന്നു. ശോഭ സുരേന്ദ്രൻ കഴിഞ്ഞ തവണ രണ്ടു മുന്നണികളുടെയും വോട്ടു ചോർത്തി. ശക്തരായ മൂന്നു സ്ഥാനാർഥികൾക്കും ഇത്തവണ അതതു പാർട്ടികളുടെ അകമഴിഞ്ഞ പിന്തുണയുണ്ടാകും; ആവേശക്കരയാവുകയാണ് ആറ്റിങ്ങൽ.