ADVERTISEMENT

കൽപറ്റ ∙ ജെ.എസ്.സിദ്ധാർഥനെ ഹോസ്റ്റലിനുള്ളിലും പുറത്തും മർദിച്ച കേസിലെ പ്രതികളെ ഹാജരാക്കുമ്പോൾ മജിസ്ട്രേട്ടിന്റെ വസതിയിലെത്തി സിപിഎം സംസ്ഥാന സമിതിയംഗവും മുൻ എംഎൽഎയുമായ സി.കെ.ശശീന്ദ്രൻ. കേസിൽ ആദ്യം അറസ്റ്റിലായ യൂണിയൻ സെക്രട്ടറി എസ്.അഭിഷേക് ഉൾപ്പെടെയുള്ള 6 പ്രതികളുമായി പൊലീസ് എത്തിയപ്പോഴാണു ശശീന്ദ്രനും സ്ഥലത്തെത്തിയത്. ആവശ്യമെങ്കിൽ വിളിക്കാമെന്നും പുറത്തുനിൽക്കാനും മജിസ്ട്രേട്ട് ആവശ്യപ്പെട്ടു. പ്രതികരണം തേടി സി.കെ.ശശീന്ദ്രനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.

അതേസമയം, സിദ്ധാർഥന്റെ മരണത്തിനിടയാക്കിയ മർദനത്തിൽ ഉൾപ്പെട്ട 18 പ്രതികളും പിടിയിലായി. സംഭവം നടന്ന് 11 ദിവസത്തോളം ഒളിവിലായിരുന്ന 7 പേരെക്കൂടി ഇന്നലെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതി കൊല്ലം ഓടനാവട്ടം സ്വദേശി സിൻജോ ജോൺസൺ (22), പത്തനംതിട്ട അടൂർ സ്വദേശി ജെ.അജയ് (24), കൊല്ലം പരവൂർ സ്വദേശി എ.അൽത്താഫ് (21), കോഴിക്കോട് സ്വദേശി വി.ആദിത്യൻ (20), മലപ്പുറം സ്വദേശികളായ ഇ.കെ.സൗദ് റിസാൽ (21), എം.മുഹമ്മദ് ഡാനിഷ് (23) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം കിഴക്കുംഭാഗം സ്വദേശി ആർ.എസ്.കാശിനാഥൻ (25) കൽപറ്റയിൽ കീഴടങ്ങി.

നേരത്തേ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശികളായ രെഹാൻ ബിനോയ് (20), എസ്.ഡി.ആകാശ് (22), ആർ.ഡി.ശ്രീഹരി (23), ഇടുക്കി സ്വദേശി എസ്.അഭിഷേക് (23), തൊടുപുഴ സ്വദേശി ഡോൺസ് ഡായ് (23), വയനാട് ബത്തേരി സ്വദേശി ബിൽഗേറ്റ്‌സ് ജോഷ്വ (23) എന്നിവരെ കൽപറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി നാളെ വരെ പൊലീസ് കസ്റ്റ‍ഡിയിൽ വിട്ടു. കോളജ് യൂണിയൻ പ്രസിഡന്റ് മാനന്തവാടി സ്വദേശി കെ. അരുൺ (23), എസ്എഫ്ഐ കോളജ് യൂണിറ്റ് സെക്രട്ടറി മാനന്തവാടി ക്ലബ്കുന്ന് സ്വദേശി അമൽ ഇഹ്സാൻ (23), മലപ്പുറം മഞ്ചേരി സ്വദേശി അമീൻ അക്ബർ അലി (25) എന്നിവർ നേരത്തേ കീഴടങ്ങിയിരുന്നു.

മറ്റു പ്രതികളായ തിരുവനന്തപുരം വർക്കല സ്വദേശി എൻ. ആസിഫ് ഖാനെ (25) വർക്കലയിൽനിന്നും പാലക്കാട് പട്ടാമ്പി സ്വദേശി കെ.അഖിലിനെ (28) പാലക്കാട്ടുനിന്നും പിടികൂടിയിരുന്നു. ഇവരെല്ലാം റിമാൻഡിലാണ്. കൂടുതൽ വിദ്യാർഥികളെ പൊലീസ് ചോദ്യംചെയ്തു വരുന്നു.

English Summary:

Siddharthan death: 7 students arrested yesterday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT