ക്യാംപസ് ജലസംഭരണിയിലെ അസ്ഥികൂടം: തലശ്ശേരി സ്വദേശിയുടേതാണോ എന്നു സ്ഥിരീകരണമായില്ല

Mail This Article
കഴക്കൂട്ടം (തിരുവനന്തപുരം)∙ കേരള സർവകലാശാല കാര്യവട്ടം ക്യാംപസിലെ പഴയ വാട്ടർ ടാങ്കിൽ കണ്ട അസ്ഥികൂടം തലശ്ശേരി സ്വദേശി അവിനാശ് ആനന്ദിന്റേതാണോ എന്ന് ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. രണ്ടാഴ്ചയ്ക്കകം ഡിഎൻഎ പരിശോധന ഫലം ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂ എന്നു കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ എൻ. ബാബുക്കുട്ടൻ അറിയിച്ചു. തലയോട്ടിയുമായി സൂപ്പർ ഇംപോസ് ചെയ്ത് അവിനാശിന്റെ ഫോട്ടോയുമായി സാമ്യമുണ്ടോ എന്നു പരിശോധിക്കും. അതിനായി തലയോട്ടിയുടെ ഭാഗങ്ങൾ ഫൊറൻസിക് ലാബിൽ കൂട്ടി യോജിപ്പിക്കും.
മരിച്ചത് അവിനാശ് തന്നെയാണോ എന്നു തിരിച്ചറിയാനായി അവിനാശിന്റെ പിതാവ് ആനന്ദ് കൃഷ്ണയെ ചെന്നൈയിൽ നിന്നു കഴക്കൂട്ടം സ്റ്റേഷനിൽ വരുത്തിയിരുന്നു. ഡിഎൻഎ പരിശോധനയ്ക്കുള്ള രക്തസാംപിൾ ഇന്നലെ കഴക്കൂട്ടം എസ്എച്ച്ഒ ആർ. ശിവകുമാർ കോടതിയിൽ എത്തിച്ചു. അസ്ഥികൂടം കണ്ടെത്തിയിട്ട് 5 ദിവസം കഴിഞ്ഞു. അവിനാശ് ആനന്ദ് മുൻപ് ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷിച്ചിട്ടും കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. അവിനാശ് ടെക്നോപാർക്കിൽ ഏതു കമ്പനിയിൽ ജോലി ചെയ്തിരുന്നു എന്നോ കഴക്കൂട്ടത്ത് എവിടെ താമസിച്ചിരുന്നു എന്നോ വ്യക്തമായ വിവരവും ലഭിച്ചിട്ടില്ല.