ADVERTISEMENT

കോഴിക്കോട് ∙ സംസ്ഥാനത്തെ ഞെട്ടിച്ച ഇടമലയാർ ആനവേട്ടക്കേസ് വെബ‌് സീരീസിലൂടെ വീണ്ടും ചർച്ചയാകുമ്പോൾ ഉത്തരം കിട്ടാതെ ഒരു ചോദ്യം അവശേഷിക്കുന്നു – ആനക്കൊമ്പ് ഇടപാടുകളിലെ പ്രധാന കണ്ണി ‘കൊൽക്കത്ത തങ്കച്ചി’ എന്ന തിരുവനന്തപുരം സ്വദേശി സിന്ധു എവിടെ? 

Read Also: ഇരച്ചുകയറി പൊലീസ്, വട്ടം പിടിച്ച് ബലമായി ജീപ്പിലേക്ക് തള്ളിക്കയറ്റി; ഷിയാസിന്റെ അറസ്റ്റിന് പാതിരാനാടകം

ഭർത്താവും മകളും റവന്യു ഇന്റലിജൻസിന്റെ പിടിയിലായതിനു പിന്നാലെ കീഴടങ്ങാൻ കൊൽക്കത്തയിൽ നിന്ന് കൊച്ചിയിൽ എത്തുകയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാവുകയും ചെയ്ത തങ്കച്ചി പിന്നീട് എങ്ങോട്ടു പോയി? 5 വർഷത്തിനു ശേഷവും ഉത്തരം കിട്ടാതെ ശേഷിക്കുകയാണ് ഈ ചോദ്യം. 

ആനക്കൊമ്പുകൾ കൊൽക്കത്ത വഴി നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് ജപ്പാനിലേക്കും ചൈനയിലേക്കും കൊണ്ടുപോകുന്ന പ്രധാന കണ്ണികളെക്കുറിച്ചുള്ള അന്വേഷണവും ഇതോടെ നിലച്ചു. തങ്കച്ചിയുടെ മകൻ അജീഷ് തിരുവനന്തപുരത്ത് വനം വകുപ്പിന്റെയും ഭർത്താവ് സുധീഷ് ചന്ദ്രബാബുവും മകൾ അമിതയും ആനക്കൊമ്പുമായി റവന്യു ഇന്റലിജൻസിന്റെയും പിടിയിലായതിനു ശേഷവും ഉന്നതങ്ങളിലേക്കുള്ള അന്വേഷണം എങ്ങുമെത്തിയില്ല. 

ഭർത്താവും മകളും അറസ്റ്റിലായതിനെ തുടർന്ന് കൊൽക്കത്ത കോടതിയിൽ 2019 മാർച്ച് 27ന് ഹാജരായ തങ്കച്ചി ജാമ്യം എടുത്തു. വനം വകുപ്പ് ലെയ്സൺ ഓഫിസർ കൂടിയായ അസിസ്റ്റന്റ് കൺസർവേറ്റർ മനു സത്യൻ, തുണ്ടം റേഞ്ച് ഓഫിസർ സിജോ സാമുവൽ, കാലടി ബീറ്റ് ഫോറസ്റ്റ് ഓഫിസർ സുരയ്യ ബഷീർ എന്നിവർ പ്രതിയെ കസ്റ്റഡിയിൽ കിട്ടാനായി കൊൽക്കത്തയിൽ എത്തിയിരുന്നു. എന്നാൽ, രേഖകളിലെ വ്യക്തതക്കുറവു മൂലം കോടതി ജാമ്യം അനുവദിച്ചു. 

കോടതിയിൽ നിന്ന് ഇറങ്ങിയ തങ്കച്ചിയുടെ ആഭരണങ്ങളും മറ്റും അഭിഭാഷകൻ തട്ടിപ്പറിക്കാൻ ശ്രമിച്ചപ്പോൾ അവർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടി. വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം കേരളത്തിലേക്ക് വരാമെന്നു സമ്മതിക്കുകയും ചെയ്തു. തുടർന്ന് ഭിന്നശേഷിക്കാരിയായ മറ്റൊരു മകളെയും കൂട്ടി കൊച്ചിയിലെത്തി. 

പിറ്റേന്നു തന്നെ മജിസ്ട്രേട്ടിനു മുമ്പാകെ തങ്കച്ചിയെ ഹാജരാക്കി. എന്നാൽ, കൊൽക്കത്തയിലെ ഉയർന്ന കോടതിയിൽ നിന്നു ജാമ്യം കിട്ടിയതിനാൽ തനിക്കൊന്നും ചെയ്യാനില്ലെന്നു വ്യക്തമാക്കി മജിസ്ട്രേട്ട് അവരെ വിട്ടയച്ചു. ജാമ്യ കാലാവധി തീരുന്ന ഏപ്രിൽ 20ന് എത്തിയാൽ മതിയെന്നും നിർദേശിച്ചു. ഇതോടെ അടുത്ത ദിവസം എത്തണമെന്നു ചട്ടം കെട്ടി ഉദ്യോഗസ്ഥർ അവരെ പോകാൻ അനുവദിച്ചു.

അവസരം മുതലാക്കിയ പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി. പിന്നീട് ഒരു വിവരവും അവരെക്കുറിച്ചു ലഭിച്ചില്ല. ഫോൺ വിവരങ്ങൾ ശേഖരിച്ചപ്പോൾ ഓച്ചിറ ഭാഗത്ത് ഉണ്ടെന്ന് വിവരം കിട്ടിയെങ്കിലും ആരും അതിനു പിന്നാലെ പോയില്ലെന്നാണ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. 

തിരുവനന്തപുരത്തു നിന്ന് കൊൽക്കത്തയിലേക്ക് കുടിയേറിയ തങ്കച്ചിയുടെ കുടുംബം പരമ്പരാഗതമായി ആനക്കൊമ്പ് ബിസിനസിൽ ഏർപ്പെട്ടിരുന്നവരാണ്. 1986 നു ശേഷം ഈ വ്യാപാരം നിരോധിച്ചതോടെ രഹസ്യ ഇടപാടുകൾ തുടർന്നു. കേരളത്തിൽ നിന്ന് നൂറുകണക്കിന് ആനക്കൊമ്പുകൾ ലഭിച്ചിരുന്നെന്നും അവ ശിൽപങ്ങളാക്കി കടത്തിയിരുന്നെന്നും തങ്കച്ചി ആദ്യ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ഉന്നത ഇടപാടുകളിലേക്കു വെളിച്ചം വീശേണ്ട അന്വേഷണം പൊടുന്നനെ അവസാനിച്ചതും കേസ് ഏറ്റെടുക്കാൻ സിബിഐ വിസമ്മതിച്ചതും ദുരൂഹമായി തുടരുന്നു. 

English Summary:

Forest department still unable to answer after 5 years of Kolkata Tankachi missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com