ADVERTISEMENT

കായംകുളം ∙ ചിറക്കടവം നടയിൽ കണ്ണംമ്പള്ളി ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷം പരിഹരിക്കാനെത്തിയ പൊലീസ് നിയന്ത്രണംവിട്ടു ലാത്തിച്ചാർജ് നടത്തിയതായി പരാതി. കുട്ടികൾ ഉൾപ്പെടെ 15 പേർക്കു പരുക്കേറ്റു. സംഘർഷത്തിനിടെ എസ്ഐക്കും ഹോംഗാർഡിനും പരുക്കേറ്റു. കണ്ടാലറിയാവുന്ന 50 പേർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് അക്രമത്തിനെതിരെ ക്ഷേത്ര ഭാരവാഹികൾ ഡിവൈഎസ്പിക്കു പരാതി നൽകി. പരുക്കേറ്റ കുട്ടികളുടെ മാതാപിതാക്കൾ ചൈൽഡ്‌ പ്രൊട്ടക്‌ഷൻ കൗൺസിലിൽ പരാതി നൽകി. ഞായറാഴ്ച രാത്രി നാടൻപാട്ട് പരിപാടിക്കിടെയാണു സംഭവം. രാത്രി 10നു ശേഷം മൈക്ക് പ്രവർത്തിപ്പിക്കാൻ അനുമതിയില്ലാത്തതിനാൽ മൈക്ക് ഇല്ലാതെ ഈ സമയത്തിനു ശേഷം പരിപാടി നടക്കുകയായിരുന്നു. അതിനിടെ സ്റ്റേജിനു മുന്നിൽ തർക്കവും ബഹളവുമുണ്ടായെന്നും പിന്തിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതെ വന്നപ്പോഴാണു ലാത്തിച്ചാർജ് നടത്തിയതെന്നുമാണു പൊലീസിന്റെ വിശദീകരണം. 

എന്നാൽ, കുട്ടികൾ നാടൻപാട്ട് സംഘത്തിനൊപ്പം ഡാൻസ് ചെയ്യുന്നതിനിടെ സ്റ്റേജിലെ വൈദ്യുതി ടവർ ലൈറ്റ് മറിഞ്ഞു വീണതാണു സ്ഥലത്തെ ബഹളത്തിനു കാരണമെന്നു  നാട്ടുകാർ പറഞ്ഞു. ടവർ ലൈറ്റ് വീണതോടെ മുൻനിരയിൽ ഇരുന്നവർ ബഹളം വച്ച് ഓടാൻ തുടങ്ങി. ഉന്തുംതള്ളുമുണ്ടായി. ഇത് ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണെന്നു തെറ്റിദ്ധരിച്ചാണു പൊലീസ് ലാത്തിച്ചാർജ് നടത്തിയതെന്നാണു നാട്ടുകാർ ആരോപിക്കുന്നത്. ബഹളമുണ്ടാക്കിയവരെ മാറ്റുന്നതിനു പകരം കാണികളെയും ഭക്തരെയുമാണു പൊലീസ് തല്ലിച്ചതച്ചെന്നു ക്ഷേത്ര ഭരണസമിതിയും നാട്ടുകാരും ആരോപിച്ചു. എന്നാൽ, ലൈറ്റ് വീണതുമായി ബന്ധപ്പെട്ട് തർക്കവും കയ്യാങ്കളിയും ഉണ്ടായെന്നും അതു സംഘർഷത്തിലേക്കു കടന്നപ്പോഴാണു ലാത്തിച്ചാർജ് വേണ്ടിവന്നതെന്നുമാണ് പൊലീസ് പറയുന്നത്.

English Summary:

Lathi charge during temple festival; fifteen people including children were injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com