ADVERTISEMENT

തിരുവനന്തപുരം∙ ശമ്പളം അടിയന്തരമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം ആരംഭിച്ചു. എൻജിഒ അസോസിയേഷനും ബിജെപി അനുകൂല സംഘടനകളും സമരത്തിന് ഇറങ്ങിയതോടെ സെക്രട്ടേറിയറ്റിന്റെയും മറ്റു സർക്കാർ ഓഫിസുകളുടെയും പ്രവർത്തനം ഭാഗികമായി സ്തംഭിച്ചു. വിവിധ ആവശ്യങ്ങൾക്കായി വിദൂര ജില്ലകളിൽ നിന്നു പോലും സെക്രട്ടേറിയറ്റിൽ എത്തിയവർ വലഞ്ഞു. മുൻ ദിവസങ്ങളെ അപേക്ഷിച്ച് വളരെക്കുറച്ചു ഫയലുകൾ മാത്രമാണ് ഇന്നലെ തീർപ്പാക്കിയത്.

സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും സംഘടനകളുടെ നിരാഹാര സമരത്തിന് അഭിവാദ്യം അർപ്പിച്ചു വിവിധ വകുപ്പുകളിലെ ജീവനക്കാർ സമരവേദിയിലേക്കു നീങ്ങിയതും പ്രവർത്തനത്തെ ബാധിച്ചു. ബജറ്റ് തയാറാക്കിയ ധന, നികുതി, ട്രഷറി വകുപ്പുകളിലെയും നിയമസഭ, ഗവ. പ്രസ്, ജിഎസ്ടി എന്നിവിടങ്ങളിലെയും ജീവനക്കാർക്ക് ധനമന്ത്രി ഇന്നലെ വിരുന്ന് ഒരുക്കിയിരുന്നു. ഇവർ വിരുന്നിനായി കൂട്ടത്തോടെ തൈക്കാട് ഗെസ്റ്റ് ഹൗസിലേക്കു നീങ്ങിയതോടെ അവരുടെ കസേരകളും ശൂന്യമായി. വിരുന്ന് നൽകിയ ഗെസ്റ്റ് ഹൗസിനു മുന്നിൽ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രതിഷേധിച്ചു. വിരുന്നിലേക്കു മന്ത്രിയെത്തിപ്പോഴായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കം ചെയ്തു.

സാങ്കേതിക തടസ്സമെന്നാൽ‌ കേന്ദ്രം പണം തരാത്തത്: പരോക്ഷമായി സമ്മതിച്ചു മന്ത്രി

‘തരേണ്ട 13,602 കോടി കിട്ടിയില്ലെങ്കിൽ അതിഗുരുതരാവസ്ഥ’

തിരുവനന്തപുരം ∙ സാങ്കേതിക തടസ്സം കാരണമാണ് ഒന്നാം തീയതി ശമ്പളവിതരണം ആരംഭിക്കാൻ കഴിയാത്തതെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ ഇന്നലെ ആവർത്തിച്ചെങ്കിലും ധനപ്രതിസന്ധിയാണ് യഥാർഥ കാരണമെന്ന വസ്തുത അദ്ദേഹം വാർത്താസമ്മേളനത്തിൽ മറച്ചുവച്ചില്ല. കേന്ദ്ര സർക്കാർ അടിയന്തരമായി തരേണ്ട 13,602 കോടി രൂപ തന്നിരുന്നെങ്കിൽ ഇൗ പ്രതിസന്ധി ഒഴിവാക്കാമായിരുന്നെന്നു മന്ത്രി പറഞ്ഞു. 

അവകാശപ്പെട്ട പണം തരണമെങ്കിൽ സുപ്രീംകോടതിയിൽ നൽകിയ കേസ് പിൻവലിക്കണമെന്നു പറയുന്നത് ഭരണഘടനയോടും ജുഡീഷ്യറിയോടുമുള്ള വെല്ലുവിളിയാണ്. ഇൗ മാസം അവസാനം 22,000 കോടിയിലേറെ ചെലവിടേണ്ടതാണ്. കേന്ദ്രം പണം തന്നില്ലെങ്കിൽ ഇൗ ചെലവുകളും ക്ഷേമ പെൻഷൻ വിതരണവും മറ്റും അവതാളത്തിലാകും. നാളെയും മറ്റന്നാളും സുപ്രീംകോടതിയിൽ കേസ് വരികയാണ്. അതിലാണു സർക്കാരിന്റെ പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

സാങ്കേതിക തടസ്സമെന്നത് പച്ചക്കള്ളം: സതീശൻ

തിരുവനന്തപുരം ∙ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് സാങ്കേതിക തടസ്സം കാരണമാണെന്നു ധനമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇതു സാങ്കേതിക പ്രശ്നമല്ല. ഭൂലോക തട്ടിപ്പാണ്. 

കേന്ദ്രത്തിൽ നിന്നു 4,200 കോടി രൂപ കിട്ടിയിട്ടും സംസ്ഥാനത്ത് ശമ്പളം മുടങ്ങി. ഓവർഡ്രാഫ്റ്റും റിസർവ് ബാങ്ക്  അഡ്വാൻസും ക്രമീകരിച്ചപ്പോൾ 4,000 കോടി തീർന്നു. 200 കോടിയാണ് ഇനി കൈയിലുള്ളത്. ഇതു വച്ച് 4,500 കോടി വിതരണം ചെയ്യാനുള്ള മാജിക് സർക്കാരിന്റെ പക്കലില്ല. അതുകൊണ്ടുള്ള പിണറായി വിജയന്റെ അവസാനത്തെ അടവാണ് സോഫ്റ്റ്‌വെയർ പ്രശ്നമെന്നും സതീശൻ പരിഹസിച്ചു.

English Summary:

Salary crisis: Secretariat Action Council started strike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com