ADVERTISEMENT

തിരുവനന്തപുരം ∙ മിൽമയുടെ ഭരണം സർക്കാർ നിയന്ത്രണത്തിലാക്കുന്നതിനു കേരളനിയമസഭ പാസാക്കിയ കേരള സഹകരണസംഘ നിയമ ഭേദഗതി ബില്ലിനു രാഷ്ട്രപതി അനുമതി നിഷേധിച്ചു. ബിൽ രാഷ്ട്രപതി തടഞ്ഞുവച്ചതായി രാജ്ഭവൻ അറിയിച്ചു.

അഡ്മിനിസ്ട്രേറ്റർ ഭരണത്തിലുള്ള ക്ഷീരസംഘങ്ങളുടെ പ്രതിനിധികൾക്കു മേഖലാ ക്ഷീരോൽപാദക യൂണിയന്റെ പൊതുയോഗത്തിൽ പങ്കെടുക്കുന്നതിനും മാനേജിങ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിനും അവകാശം നൽകുന്നതിനാണു നിയമഭേദഗതി കൊണ്ടുവന്നത്. സംഘങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാർക്കു മാത്രമേ നിലവിൽ വോട്ടവകാശമുള്ളൂ. നിയമഭേദഗതിയിലൂടെ സർക്കാരിനു താൽപര്യമുള്ളവരെ ജയിപ്പിക്കാനും ഭരണം പിടിക്കാനും സാധിക്കുമായിരുന്നു.

ഇതുൾപ്പെടെ 7 ബില്ലുകൾ കഴിഞ്ഞ നവംബറിൽ രാഷ്ട്രപതിയുടെ അനുമതിക്കായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയച്ചെങ്കിലും ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിനു മാത്രമാണ് അനുമതി ലഭിച്ചത്.

കേരള, കാർഷിക, സംസ്കൃത, കണ്ണൂർ, കാലിക്കറ്റ്, എംജി, വെറ്ററിനറി, ആരോഗ്യ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ നീക്കുന്ന ബിൽ, വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നിൽനിന്ന് അഞ്ചാക്കുന്ന ബിൽ, കുസാറ്റ്, മലയാളം, സാങ്കേതിക സർവകലാശാലകളുടെ അപ്‌ലറ്റ് ട്രൈബ്യൂണൽ സ്ഥാനത്തു വിരമിച്ച ജഡ്ജിയെ നിയമിക്കാൻ സർക്കാരിന് അംഗീകാരം നൽകുന്ന ബിൽ എന്നിവയ്ക്കാണു നേരത്തേ രാഷ്ട്രപതി അംഗീകാരം നിഷേധിച്ചത്.

കുസാറ്റ്, ഫിഷറീസ്, മലയാളം, സാങ്കേതിക, ഓപ്പൺ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കാനുള്ള ബിൽ, കേരള, കാലിക്കറ്റ്, എംജി, സംസ്കൃതം, കണ്ണൂർ, നിയമ സർവകലാശാലകളിലെ അപ്‌ലറ്റ് ട്രൈബ്യൂണൽ ബിൽ എന്നിവ കൂടി രാഷ്ട്രപതിയുടെ പരിഗണനയിലുണ്ട്. ഇവയ്ക്കും അനുമതി ലഭിക്കാൻ സാധ്യതയില്ല.

English Summary:

President Draupadi Murmu blocked the bill to take Milma rule

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com