ADVERTISEMENT

കൊച്ചി∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം.അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ‌ 18നു തുടങ്ങാനിരിക്കെ കുറ്റപത്രം അടക്കമുള്ള 11 രേഖകൾ കാണാതായി. കോടതിയുടെ സേഫ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന രേഖകൾ കാണാതായതായി ശിരസ്തദാർ ഹൈക്കോടതിയെ അറിയിച്ചു. 

പോപ്പുലർ ഫ്രണ്ട്–ക്യാംപസ് ഫ്രണ്ട് പ്രവർത്തകരാണു കേസിലെ പ്രതികൾ. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടയിൽ അഭിമന്യു കേസിന്റെ വിവരങ്ങൾ തേടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എത്തിയപ്പോഴാണു കുറ്റപത്രം അടക്കമുള്ള നിർണായക രേഖകൾ കോടതിയിൽ നിന്നു നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്.

നഷ്ടപ്പെട്ട മുഴുവൻ രേഖകളുടെയും പകർപ്പ് പ്രോസിക്യൂഷനും സൂക്ഷിച്ചിട്ടുള്ളതിനാൽ കോടതിയിൽ നിന്നു രേഖകൾ നഷ്ടപ്പെട്ടതു വിചാരണ നടപടികളെ പ്രതികൂലമായി ബാധിക്കില്ലെന്നാണു പ്രതീക്ഷ. നഷ്ടപ്പെട്ട മുഴുവൻ രേഖകളുടെയും പകർപ്പ് അടുത്ത ദിവസം അന്വേഷണ സംഘം കോടതിയിൽ വീണ്ടും സമർപ്പിക്കും. 

കേസന്വേഷണം പൂർത്തിയാക്കി 2018 സെപ്റ്റംബർ 26നാണു പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.  2018 ജൂലൈ 2നു പുലർച്ചെ 12.45നാണ് അഭിമന്യുവിനു കുത്തേറ്റത്. പുറത്തുനിന്നുള്ള പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) പ്രവർത്തകർ ആയുധങ്ങളുമായി ക്യാംപസിൽ എത്തിയതായാണു നഷ്ടപ്പെട്ട കുറ്റപത്രത്തിലുണ്ടായിരുന്നത്.

നെട്ടൂർ മേക്കാട്ട് സഹൽ ഹംസയാണ് (27) അഭിമന്യുവിനെ കുത്തിവീഴ്ത്തിയത്. 2022 നവംബറിൽ കേസ് വീണ്ടും പരിഗണിച്ചെങ്കിലും അപ്പോഴേക്കും ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിന്റെ വിചാരണ ഇതേ കോടതിയിൽ തുടങ്ങിയിരുന്നു. ഈ കേസിൽ വിധി പറഞ്ഞിട്ടു മാത്രമേ അഭിമന്യു വധക്കേസിൽ സാക്ഷി വിസ്താരം തുടങ്ങാൻ സാധ്യതയുള്ളു.

English Summary:

Abhimanyu murder case: 11 documents including charge sheet are missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com