വെറ്ററിനറി സർവകലാശാലാ വിസിയുടെ സസ്പെൻഷൻ റദ്ദാക്കാതെ ഹൈക്കോടതി
Mail This Article
കൽപറ്റ∙ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് തന്നെ സസ്പെൻഡ് ചെയ്ത ഗവർണറുടെ തീരുമാനം റദ്ദാക്കണമെന്ന ഡോ. എം.ആർ.ശശീന്ദ്രനാഥിന്റെ ആവശ്യം ഹൈക്കോടതി തള്ളി. സസ്പെൻഷൻ ഉത്തരവിടാൻ ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരം ചോദ്യം ചെയ്തായിരുന്നു ഹർജി. എന്നാൽ, സസ്പെൻഷനിലേക്കു നയിച്ച സാഹചര്യങ്ങളും വസ്തുതകളും പരിഗണിക്കുമ്പോൾ നടപടി സ്റ്റേ ചെയ്യുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
സസ്പെൻഡ് ചെയ്യാൻ ചാൻസലർക്കുള്ള അധികാരം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലെ ആവശ്യങ്ങൾ വാദം പൂർത്തിയായശേഷം പരിഗണിക്കാമെന്നും ഉത്തരവിൽ പറയുന്നു. ജെ.എസ്.സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശശീന്ദ്രനാഥിനെ വൈസ് ചാൻസലർ സ്ഥാനത്തുനിന്നു നീക്കിയത്.
അതിനിടെ, സംഭവത്തിനു സാക്ഷികളായിട്ടും സിദ്ധാർഥനു മർദനമുണ്ടായതു മറച്ചുവച്ചുവെന്നതിനാൽ വിദ്യാർഥികളെ 7 ദിവസത്തേക്കു സസ്പെൻഡ് ചെയ്യണമെന്ന ആന്റി റാഗിങ് കമ്മിറ്റിയുടെ തീരുമാനം വൈസ് ചാൻസലർ ഡോ. പി.സി.ശശീന്ദ്രൻ റദ്ദാക്കി. ബഹളം കേട്ടെങ്കിലും, ഒന്നാം വർഷ വിദ്യാർഥികളായ ഇവരിൽ പലർക്കും അക്രമത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും അക്രമത്തിൽ പങ്കില്ലെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടി റദ്ദാക്കിയതെന്നു സർവകലാശാല അധികൃതർ പറഞ്ഞു. വെറ്ററിനറി കോളജ് ഡീനിന്റെയും ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡന്റെയും വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച സമിതി 11ന് ആദ്യയോഗം ചേരും.