ADVERTISEMENT

കൊച്ചി∙ ജയിലിനുള്ളിൽ രാജ്യാന്തര ഭീകര സംഘടനയായ ലഷ്കറെ തയിബയുടെ ആശയങ്ങൾ പ്രചരിപ്പിച്ച് യുവാക്കളെ റിക്രൂട് ചെയ്തെന്ന കേസിൽ കാസർകോട് സ്വദേശി ജോൺസനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തു. കാസർകോട്, കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിൽ വ്യാപക പരിശോധനയും നടത്തി. ലഷ്കറെ തയിബ ദക്ഷിണേന്ത്യൻ കമാൻഡറും 2008ലെ ബെംഗളൂരു സ്ഫോടന കേസിലെ മുഖ്യ പ്രതിയുമായ തടിയന്റവിട നസീറിന്റെ നേതൃത്വത്തിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിനുള്ളിൽ ബെംഗളൂരുവിൽ ചാവേർ ബോംബാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയെന്ന കേസാണ് എൻഐഎ അന്വേഷിക്കുന്നത്. 

ഈ കേസിൽ ഒളിവിലുള്ള മുഖ്യ പ്രതി ജുനൈദ് അഹമ്മദ്, സഹായി സൽമാൻ ഖാൻ എന്നിവരുമായി ബന്ധപ്പെട്ടവരിലേക്കുള്ള അന്വേഷണമാണു കേരളത്തിലെത്തിയത്. കസ്റ്റഡിയിലുള്ള ജോൺസണ് പ്രതികളുമായുള്ള ബന്ധം എൻഐഎ വെളിപ്പെടുത്തിയിട്ടില്ല. ഒളിവിൽ പോയ പ്രതികൾ കണ്ണൂ‍ർ, തൃശൂർ എന്നിവിടങ്ങളിൽ രഹസ്യമായി തങ്ങിയതിന്റെ തെളിവുകൾ എൻഐഎക്കു ലഭിച്ചിരുന്നു. 

കർണാടക, തമിഴ്നാട്, തെലങ്കാന, പഞ്ചാബ്, ഗുജറാത്ത്,  ബംഗാൾ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം എൻഐഎ തിരച്ചിൽ നടത്തി തെളിവു ശേഖരിച്ചിരുന്നു. ബെംഗളൂരുവിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടതിന് 5 പേരെ 2023 ജൂലൈ 19ന് അറസ്റ്റ് ചെയ്തതോടെയാണ് ഗൂഢാലോചന പുറത്തുവന്നത്. ഇവരിൽ നിന്നു ഗ്രനേഡുകളും തോക്കുകളും വെടിയുണ്ടകളും വോക്കിടോക്കികളും പിടിച്ചെടുത്തിരുന്നു. 

ജയിലിൽ കഴിയുന്നതിനിടെ തീവ്രവാദ പ്രവർത്തനത്തിലേക്കു നയിച്ചതു തടിയന്റവിട നസീറാണെന്ന് ഇവർ മൊഴി നൽകിയിരുന്നു. നസീറിനെ കൂടാതെ സയദ് സുഹൈൽ ഖാൻ, മുഹമ്മദ് ഉമർ, ഷാഹിദ് തബ്രേസ്, സയദ് മുദാഷിർ പാഷ, മുഹമ്മദ് ഫൈസൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. 2023 ഒക്ടോബറിലാണ് കേസ് എൻഐഎ ഏറ്റെടുത്തത്.

English Summary:

Lashkar-e-Taiba propaganda in prison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com